നഖത്തില്‍ വെള്ള വരകള്‍ ഉണ്ടാകുന്നത് ശരീരത്തില്‍ സിങ്കിന്റെ കുറവു കൊണ്ടാണെന്ന് പഠനം. ഹൃദയം, ശ്വാസകോശം തുടങ്ങിയ അവയവങ്ങള്‍ക്കും എല്ലുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ശരീരഭാഗങ്ങള്‍ക്കും എന്‍സൈമുകള്‍ക്കു പോലും സിങ്ക് ആവശ്യമാണ്. രോഗപ്രതിരോധ സംവിധാനം നിലനിര്‍ത്തുക, ദഹനം, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ക്ക് സിങ്ക് അത്യാവശ്യ ഘടകമാണ്. മുറിവുണക്കല്‍ മുതല്‍ ഹൃദയം, കണ്ണ്, ചര്‍മ്മം എന്നിവയുടെ ആരോഗ്യത്തിനും സിങ്ക് സഹായിക്കും. തലമുടി കൊഴിച്ചില്‍,രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവ സിങ്കിന്റെ കുറവ് മൂലമുണ്ടാകാം. കുട്ടികളിലാണെങ്കില്‍ വിളര്‍ച്ചക്ക് കാരണമാകും. ദുര്‍ബലമായ രോഗപ്രതിരോധ ശേഷി, ഉറങ്ങാന്‍ ബുദ്ധിമുട്ട്, ലൈംഗികതക്കുറവ്, മാനസിക സമ്മര്‍ദ്ദം, കൈയ്യിലേയും മുഖത്തെയും ചുളിവുകള്‍, രോഗശമനം വൈകുക എന്നിങ്ങനെ സിങ്കിന്റെ കുറവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. ഇതിന് പരിഹാരമായി സിങ്ക് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. കശുവണ്ടി, നിലക്കടല, ബദാം എന്നിവ ദിവസവും കഴിക്കാം. ഇതില്‍ കശുവണ്ടിയിലാണ് ഏറ്റവും കൂടുതല്‍ സിങ്ക് അടങ്ങിയിരിക്കുന്നത്. സിങ്ക് കുറയുന്നുണ്ടെന്ന് കണ്ടാല്‍ പാലുല്‍പ്പന്നങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. പാലിന് പുറമേ ചീസ്, തൈര് എന്നിവയും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പയറുവര്‍ഗങ്ങള്‍ ചെറുപയര്‍ ആവിയില്‍ പുഴുങ്ങി കഴിക്കാവുന്നതാണ്. നാരുകള്‍, വിറ്റാമിനുകള്‍, മറ്റ് പോഷകങ്ങള്‍ എന്നിവയുടെ കലവറയാണ് പയര്‍വര്‍ഗങ്ങള്‍. കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും പയര്‍, ബീന്‍സ് തുടങ്ങിയവ സഹായിക്കും. ഇവക്ക് പുറമേ, മാര്‍ക്കറ്റില്‍ തന്നെ ലഭ്യമാകുന്ന സിങ്ക് സപ്ലിമെന്റുകള്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം ഉപയോഗിക്കാം.
നഖത്തിലെ വെള്ള വരകള്‍ പറയും സിങ്കിന്റെ കുറവ്
