ഒരുപിടി മികച്ച സിനിമകള് പ്രേക്ഷകര്ക്ക് സമ്മാനിച്ച സംവിധായകനാണ് എസ്.യു അരുണ് കുമാര്. കഴിഞ്ഞ വര്ഷം പുറത്തിറങ്ങിയ അരുണ് കുമാറിന്റെ ചിറ്റ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിറ്റയ്ക്ക് ശേഷം ചിയാന് വിക്രമിനെ നായകനാക്കി അരുണ് കുമാര് ഒരുക്കുന്ന ചിത്രമാണ് ‘വീര ധീര സൂരന് പാര്ട്ട് 2’. ഇത് ആദ്യമായാണ് വിക്രമും അരുണ് കുമാറും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്. മധുര, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മുപ്പത് ശതമാനം വരെ ചിത്രീകരണം പൂര്ത്തിയായെന്നാണ് അരുണ് കുമാര് അറിയിച്ചിരിക്കുന്നത്. ഡ്രാമയും ഇമോഷനുമൊക്കെ കൂടിച്ചേര്ന്ന ആക്ഷന് ത്രില്ലറാണ് ചിത്രമെന്നാണ് സംവിധായകന് ഒരഭിമുഖത്തില് ചിത്രത്തേക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ദുഷാര വിജയന്, എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില് പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിവി പ്രകാശ് ആണ് സംഗീത സംവിധാനം ഒരുക്കുന്നത്. തേനി ഈശ്വര് ഛായാഗ്രഹണം നിര്വഹിക്കുന്നു. പച്ചക്കറി വില്പ്പനക്കാരനായ ഒരു സാധാരണക്കാരനായാണ് ചിത്രത്തില് വിക്രമെത്തുന്നത്.
പച്ചക്കറി വില്പ്പനക്കാരനായി വിക്രം എത്തുന്നു
