വയനാട് മാനന്തവാടി കൂടൽകടവിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടു പ്രതികളെ മാനന്തവാടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഹർഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്. വിഷ്ണു, നബീൽ എന്നീ രണ്ടു പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ബാംഗ്ലൂർ ബസ്സിൽ കൽപ്പറ്റയിലേക്ക് വരുമ്പോൾ ആയിരുന്നു ഹർഷിദിനെയും അഭിരാമിനെയും കസ്റ്റഡിയിൽ എടുത്തത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ യുവാവ് മാതനെ വലിച്ചിഴച്ച കാർ കണ്ടെത്തി പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചിരുന്നു.
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടു പ്രതികൾ പിടിയിൽ
