കൊച്ചി മെട്രോയുടെ ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ സർവ്വീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിൽ. ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണറുടെ പരിശോധന ഇന്നും നാളെയും നടക്കും.
എസ് എൻ ജംഗ്ഷൻ – തൃപ്പൂണിത്തുറ റൂട്ടിൽ വിവിധ ഘട്ടങ്ങളിലായി കൊച്ചി മെട്രോയുടെ പരീക്ഷണയോട്ടം നടന്നു വരികയാണ്. സ്റ്റേഷനിൽ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്ന സൌകര്യങ്ങൾ, സിസ്റ്റം, സിംഗ്നലിംഗ്, ട്രാക്ക് തുടങ്ങിയവ ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ ശ്രീ. അനന്ദ്. എം. ചൌധരി പരിശോധിക്കും. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ആദ്യ ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ സ്റ്റേഷൻ ഒരുങ്ങുന്നത്. ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പിന്നിടുക.