നെയ്മര്‍ തിരിച്ചെത്തി, ഒപ്പം ബ്രസീലും. കാമറൂണിനെതിരെ നിറം മങ്ങിയ കളി കാഴ്ച വെച്ച ബ്രസീലിനെയായിരുന്നില്ല കൊറിയക്കെതിരെ കണ്ടത്. പരിക്കില്‍ നിന്ന് മോചിതനായ സൂപ്പര്‍ താരം നെയ്മറിന്റെ തിരിച്ചു വരവില്‍ ആവേശം കൊണ്ട ബ്രസീല്‍ വെറും മുപ്പത്തിയാറ് മിനിറ്റിനുള്ളില്‍ നാല് ഗോളുകളടിച്ച് അട്ടിമറി സ്വപ്നവുമായെത്തിയ ദക്ഷിണ കൊറിയയെ നിലംപരിശാക്കി. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ തന്നെ വിനീഷ്യസ് ജൂനിയറിലൂടെ ബ്രസീല്‍ വലകുലുക്കി. പിന്നാലെ ലഭിച്ച പെനാല്‍റ്റി സൂപ്പര്‍താരം നെയ്മര്‍ ഗോളാക്കി മാറ്റി. 29-ാ മിനിറ്റില്‍ റിച്ചാര്ലിസണ് നേടിയ മനോഹരമായ ഗോളിലൂടെ ബ്രസീല്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. 36-ാം മിനിറ്റില്‍ ലൂക്കാസ് പക്വെറ്റയിലൂടെ നാലാം ഗോള്‍ കൂടി നേടിയതോടെ മഞ്ഞപ്പട ആവേശത്തിമര്പ്പിലാറാടി. ആശ്വാസഗോള്‍ കണ്ടെത്താനുള്ള ദക്ഷിണ കൊറിയയുടെ ശ്രമത്തിനൊടുവില്‍ 76- ാം മിനിറ്റില്‍ വെടിയുതിര്‍ക്കും പോലൊരു ഷോട്ടിലൂടെ ദക്ഷിണകൊറിയ ഗോള്‍ നേടി. പിന്നാലെ നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബ്രസീല്‍ ഗോള്‍വല കുലുക്കാന്‍ കൊറിയയ്ക്ക് സാധിച്ചില്ല. ഇതോടെ മത്സരം അനായാസം ബ്രസീല്‍ സ്വന്തമാക്കി.
കൊറിയയെ തകർത്ത് മഞ്ഞപ്പട
