ജമ്മു കാശ്മീരിലെ രജൗരിയിൽ ആറ് ആഴ്ചയ്ക്കിടെ 16 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. വിദഗ്ധ സംഘം ഇന്ന് സ്ഥലം സന്ദർശിക്കും. ഡിസംബർ 7 മുതലാണ് ബുധാൽ ഗ്രാമത്തിൽ അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്തത്. ഇതുവരെ ഗ്രാമത്തിലെ 5700 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ വൈറസ് / ബാക്ടീരിയ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. അതേസമയം ന്യൂറോടോക്സിനുകളാണ് അസ്വാഭാവിക മരണത്തിന് പിന്നിലെന്നാണ് ശനിയാഴ്ച ആരോഗ്യ വകുപ്പ് മാധ്യമ പ്രവർത്തകരോട് വിശദമാക്കിയത്. മരണപ്പെട്ടവരെല്ലാം തന്നെ ഒരേ ആരോഗ്യ അവസ്ഥ മൂലമാണ് മരണപ്പെട്ടിട്ടുള്ളത്. തലച്ചോറിൽ നീർക്കെട്ട് മരണപ്പെട്ട എല്ലാവരിലും അനുഭവപ്പെട്ടിരുന്നു. വിഷം നൽകിയതാണോ എന്നതടക്കം അന്വേഷണ പരിധിയിയിലുണ്ടെന്ന് ജമ്മു കശ്മീർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിശദമാക്കി.
രജൗരിയിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
