‘ആടുജീവിതം’ ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റര്‍ പുറത്തുവിട്ട് മലയാളത്തിന്റെ സ്വന്തം പാന്‍ ഇന്ത്യന്‍ താരം ദുല്‍ഖര്‍ സല്മാന്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് താരം പോസ്റ്റര്‍ പുറത്തുവിട്ടത്. നേരത്തെ പ്രഭാസും രണ്‍വീര്‍ സിങ്ങും പുറത്തുവിട്ട പോസ്റ്ററുകള്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായ ശേഷമാണ് ഇപ്പോള്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിലെ നായകകഥാപാത്രമായ നജീബിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ മറ്റു പോസ്റ്ററുകളിലെ ലുക്കുകളില്‍നിന്ന് ഏറെ വ്യത്യസ്തമാണ് ഇപ്പോള്‍ പുറത്തിറങ്ങിയ പോസ്റ്ററിലെ ലുക്ക്. ജീവിതത്തിന്റെ കഠിനതകളും കയ്പ്പുനീരും രുചിക്കുന്നതിനു മുന്‍പുള്ള നജീബിനെയാണ് പുതിയ പോസ്റ്ററില്‍ കാണാനാവുക എന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. മലയാളത്തില്‍ ഇന്നും ബെസ്റ്റ്സെല്ലറുകളില്‍ ഒന്നായ ബെന്യമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. നായികയായെത്തുന്നത് അമല പോളാണ്.
‘ആടുജീവിതം’ ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റര്‍
