‘കലണ്ടര്‍’ സിനിമയിലെ ‘പച്ചവെള്ളം തച്ചിന് സോജപ്പന്‍’ എന്ന ഗാനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്. 2009ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ട് കഴിഞ്ഞദിവസം 4കെ യില്‍ പുറത്തിറക്കിയിരുന്നു. ചിത്രത്തിലെ ഓലിക്കര സോജപ്പന്‍ എന്ന കഥാപാത്രത്തെ രസകരമായി അവതരിപ്പിക്കുന്ന പാട്ടാണ് പുറത്തുവന്നത്. ഇതിനു പിന്നാലെ പൃഥ്വിരാജ് അവതരിപ്പിച്ച സോജപ്പന്‍ എന്ന കഥാപാത്രം ട്രോളുകളില്‍ നിറയുകയാണ്. പാട്ടിലെ പൃഥ്വിരാജിന്റെ പ്രകടനങ്ങളും കഥാപാത്രത്തിന്റെ ഭാവങ്ങളുമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അനില്‍ പനച്ചൂരാനാണ് രസകരമായ വരികള്‍ എഴുതിയിരിക്കുന്നത്. അഫ്സല്‍ യൂസഫ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. ബാബു ജനാര്‍ദനന്‍ എഴുതി മഹേഷ് സംവിധാനം ചെയ്ത ചിത്രമാണ് ‘കലണ്ടര്‍’. പൃഥ്വിരാജിന് പുറമേ നവ്യ നായര്‍, സെറീന വഹാബ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. മുകേഷ്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.
‘കലണ്ടര്‍’ സിനിമയിലെ ഗാനം 4കെയില്‍
