രണ്‍ബീര്‍ കപൂര്‍ ചിത്രം ‘രാമായണം’ വലിയ പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍. കോപ്പി റൈറ്റ് ലംഘിച്ചുവെന്ന കേസിനെത്തുടര്‍ന്ന് നിതേഷ് തിവാരി ചിത്രമായ രാമായണത്തിന്റെ ചിത്രീകരണം നിര്‍ത്തിവച്ചുവെന്നാണ് വിവരം. ചിത്രീകരണം ആരംഭിച്ച് രണ്ട് മാസം തികയുന്നതിന് മുമ്പാണ് ചിത്രീകരണം നിര്‍ത്തിവെച്ചത് എന്നാണ് റിപ്പോര്‍ട്ട്. രാമായണത്തില്‍ രണ്‍ബീര്‍ കപൂറാണ് രാമനായി എത്തുന്നത്. അതേസമയം സീതയായി സായ് പല്ലവി എത്തുന്നുണ്ട്. യാഷ് രാവണനായി അഭിനയിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ആദ്യഘട്ടത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായിരുന്ന മധു മണ്ടേന ഇടയ്ക്ക് ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ബാധ്യതകളും നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്നാണ് നോട്ടീസ് ഇപ്പോള്‍ ലഭിച്ചത് എന്നാണ് വിവരം. അതേ സമയം രാമായണം നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ഇതിലെ താരങ്ങളുടെ ഷെഡ്യൂളുകള്‍ തെറ്റാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. സണ്ണി ഡിയോളിന്റെ ഒരു ചിത്രം ഈ വര്‍ഷാവസാനം ചിത്രീകരിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുമ്പോള്‍ രണ്‍ബീര്‍ ഈ വര്‍ഷാവസാനം സഞ്ജയ് ലീല ബന്‍സാലിക്ക് വേണ്ടി ലവ് ആന്റ് വാര് എന്ന ചിത്രത്തിനായി കോള്‍ ഷീറ്റ് നല്‍കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രതിസന്ധി ഈ ചിത്രങ്ങളെ ബാധിച്ചേക്കും എന്നാണ് വിവരം.
‘രാമായണം’ ചിത്രീകരണം നിര്‍ത്തിവച്ചു
