മലയാളി പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ടിനു പാപ്പച്ചന് ചിത്രം ‘ചാവേറിന്റെ’ റിലീസ് തിയതി നീട്ടി. ചിത്രം ഒക്ടോബര്‍ അഞ്ചിന് തിയറ്ററുകളിലെത്തും. നിര്‍മാതാക്കള്‍ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. കുഞ്ചാക്കോ ബോബന്, ആന്റണി വര്‍ഗീസ്, അര്ജുന് അശോകന് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ആക്ഷന്‍ ത്രില്ലറാണ്. സിനിമയുടെ ട്രെയിലറും സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ഇതുവരെ നാല്പത് ലക്ഷം ആളുകള്‍ ട്രെയിലര്‍ കണ്ടു കഴിഞ്ഞു. ജീവനെപോലെ വിശ്വസിക്കുന്ന പാര്‍ട്ടിക്കുവേണ്ടി സ്വന്തം ജീവന് പോലും നോക്കാതെ ഇറങ്ങിപ്പുറപ്പെടുന്നവരുടെയും, കൊണ്ടും കൊടുത്തും പയറ്റി തെളിഞ്ഞവരുടെയുമൊക്കെ ജീവിതം പറയുന്ന ഒരു പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പില്‍ സിനിമയിലെത്തുന്നു. മനോജ് കെ.യു, സജിന്‍ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്. നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയ തിരക്കഥക്കാണ് ചാവേറായി ടിനു പാപ്പച്ചന് ജീവന് പകര്‍ന്നിരിക്കുന്നത്.
‘ചാവേറിന്റെ’ റിലീസ് ഒക്ടോബറിലേക്ക് നീട്ടി
