മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളെ പ്രതി ചേര്‍ത്ത സംഭവത്തില്‍ പാർട്ടിയിൽ തത്കാലം ചർച്ചയില്ലെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. കമ്പനിയും വ്യക്തിയും കേസ് നടത്തുമെന്നും തെളിവുകൾ ഉണ്ടെങ്കിൽ പുറത്തു വിടട്ടെ, അപ്പോൾ ചർച്ച നടത്താം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കേന്ദ്ര ഏജൻസികൾ നടത്തുന്നത് രാഷ്ട്രീയപ്രേരിത അന്വേഷണങ്ങളാണെന്നും പിണറായിയെ ലക്ഷ്യം വച്ചാണ് ഈ നീക്കമെന്നും പ്രകാശ് കാരാട്ട് ആരോപിച്ചു. പിണറായിക്കെതിരായ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
