കേന്ദ്ര സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നൽകുന്ന ധനസഹായം കേരളം തിരിച്ചടക്കേണ്ടി വരുമെന്ന് റിപ്പോർട്. വിജിഎഫ് തിരിച്ചടവ് സംസ്ഥാന സര്‍ക്കാരിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന വാദം പൂര്‍ണ്ണമായും തള്ളുകയാണ് കേന്ദ്രം. അടിസ്ഥാന സൗകര്യ വികസനത്തിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാമ്പത്തികമായി ലാഭമില്ലാത്ത പദ്ധതികൾക്ക് നൽകുന്ന കേന്ദ്ര സഹായമാണ് വിജിഎഫ് അഥവ വയബിലിറ്റി ഗ്യാപ് ഫണ്ട്. ധനസഹായം എന്ന നിലയിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിക്ക് കേന്ദ്രം അനുവദിക്കേണ്ട വിജിഎഫ് 817.80 കോടി രൂപയാണ്. ഇത് അനുവദിക്കണമെങ്കിൽ ഭാവിയിൽ തുറമുഖം ലാഭത്തിലാകുമ്പോഴുള്ള മൂല്യം കണക്കാക്കി തുക തിരിച്ചടക്കണമെന്നാണ് കേന്ദ്രം കേരളത്തോട് ആവശ്യപ്പെടുന്നത്. 817 കോടി പലിശ സഹിതം തിരിച്ചടക്കുമ്പോൾ 12000 കോടിയോളം വരുമെന്നും വര്‍ഷങ്ങൾക്ക് ശേഷം മാത്രം വരുമാനം കിട്ടിത്തുടങ്ങുന്ന പദ്ധതിക്ക് ഇത് വലിയ ബാധ്യതയാകുമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രി നേരിട്ട് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും ചെയ്തു. ഇതിനുള്ള മറുപടി എന്ന നിലയിലാണ് വായ്പ അല്ലാതെ ധനസഹായം പരിഗണിക്കാനാകില്ലെന്ന് പറയുന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ മറുപടി.
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നൽകുന്ന ധനസഹായം കേരളം തിരിച്ചടച്ചേ മതിയാകൂവെന്ന നിലപാടിൽ കേന്ദ്ര സര്‍ക്കാര്‍
