ഇടത്തരം, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് ചരക്ക് സേവന നികുതി പുനഃസംഘടിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. 12 ശതമാനം ജിഎസ്ടി സ്ലാബ് പൂര്‍ണ്ണമായും ഒഴിവാക്കിയോ നിലവില്‍ 12 ശതമാനം നികുതി ചുമത്തുന്ന പല ഇനങ്ങളെയും 5 ശതമാനം സ്ലാബിലേക്ക് പുനഃക്രമീകരിച്ചോ ഇത് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ടൂത്ത് പേസ്റ്റ്, ടൂത്ത് പൗഡര്‍, കുട, തയ്യല്‍ മെഷീന്, പ്രഷര്‍ കുക്കര്‍, അടുക്കള ഉപകരണങ്ങള്‍, ഗീസര്‍, ചെറിയ ശേഷിയുള്ള വാഷിങ് മെഷീന്, സൈക്കിള്‍, 1,000 രൂപയില്‍ കൂടുതല്‍ വിലയുള്ള റെഡിമെയ്ഡ് വസ്ത്രം, 500 മുതല്‍ 1,000 രൂപ വരെ വിലയുള്ള പാദരക്ഷ, സ്റ്റേഷനറി വസ്തുക്കള്‍, വാക്സിനുകള്‍, സെറാമിക് ടൈലുകള്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വില കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നീക്കം സര്‍ക്കാരിന് 40,000 കോടി മുതല്‍ 50,000 കോടി രൂപ വരെ ഭാരം വരുത്തുമെങ്കിലും മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജിഎസ്ടി പ്രകാരം, നിരക്ക് മാറ്റങ്ങള്‍ക്ക് ജിഎസ്ടി കൗണ്‍സിലിന്റെ അംഗീകാരം ആവശ്യമാണ്. കൗണ്‍സിലില്‍ ഓരോ സംസ്ഥാനത്തിനും വോട്ടവകാശമുണ്ട്. നിലവില്‍, പഞ്ചാബ്, കേരളം, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഈ നീക്കത്തിന് എതിര്‍പ്പുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ജിഎസ്ടി പുനഃസംഘടിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രം
