ജനിതകം ഒരു പ്രധാന ഘടകമാണെങ്കിലും ചില ദൈനംദിന ശീലങ്ങളും വൃക്കകളില്‍ കാന്‍സര്‍ ഉണ്ടാകുന്നതിലേക്ക് നയിക്കാം. ദോഷകരമല്ലെന്ന് നമ്മള് കരുതുന്ന ചെറിയ ചില ശീലങ്ങള്‍ ഭാവിയില്‍ വൃക്കയില്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വര്ധിപ്പിക്കുന്നതാകാം. വെള്ളം കുടിക്കാന്‍ വിട്ടുപോകുന്നത് വൃക്കകളുടെ ആരോഗ്യത്തെ മോശമാക്കും. അച്ചാറുകള്‍ മുതല്‍ മിക്ക ഭക്ഷണങ്ങളിലും നമ്മള് അധികമായി ഉപ്പ് ഉപയോഗിക്കുന്ന ശീലം കാലക്രമേണ വൃക്കകളെ ബുദ്ധിമുട്ടിലാക്കും. നടുവേദനയ്ക്കും പനിക്കും സ്വയം ചികിത്സയുടെ ഭാഗമായി ഇബുപ്രോഫെന്‍, ഡൈക്ലോഫെനാക്, അല്ലെങ്കില്‍ പാരസെറ്റമോള്‍ പോലുള്ള വേദനസംഹാരികള്‍ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. കാലക്രമേണ, ഇവ വൃക്ക കലകളെ നശിപ്പിക്കുകയും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പുകവലിച്ചാലും ചവച്ചാലും, പുകയില രക്തപ്രവാഹത്തിലൂടെ വൃക്കകളില്‍ എത്തുകയും അവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. ഇത് വൃക്കയില്‍ കാന്‍സറിന് ഒരു പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഗ്രില്‍ ചെയ്തതോ വറുത്തതോ സംസ്കരിച്ചതോ ആയ മാംസം പതിവായി കഴിക്കുന്നത് വൃക്കയില്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും. ഉദാസീനമായ ജീവിതശൈലിയും കുറഞ്ഞ ശാരീരിക പ്രവര്‍ത്തനവും പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദം, ഇന്‍സുലിന്‍ പ്രതിരോധം എന്നിവയ്ക്ക് കാരണമാകുന്നു, ഇവയെല്ലാം വൃക്കകളെ സമ്മര്‍ദത്തിലാക്കുന്നതാണ്. ഇത് കാലക്രമേണ വൃക്കകളില്‍ കാന്‍സര്‍ വികസിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഹൃദയത്തെ മാത്രമല്ല, വൃക്കകളിലെ ചെറിയ രക്തക്കുഴലുകളെ നശിപ്പിക്കുകയും കാന്‍സര്‍ മാറ്റങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. മദ്യവും പുകയിലയും വൃക്ക തകരാറിനെ ഗണ്യമായി ത്വരിതപ്പെടുത്തുന്നു.
വൃക്കകളില്‍ കാന്‍സര്‍ ഉണ്ടാകുന്നതിന് കാരണമറിയാം
