സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായി 24 മണിക്കൂറിനകം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെയും കല്ലേറ്. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ഇന്നലെ രാത്രിയിൽ സംഭവം നടക്കുമ്പോൾ ആനാവൂർ നാഗപ്പൻ വീട്ടിലുണ്ടായിരുന്നില്ല.ഇതിനിടെ, തിരുവനന്തപുരം വട്ടിയൂർക്കാവ് മേലേത്തുമലയിൽ സിപിഎമ്മിന്റെ കൊടിമരങ്ങൾ നശിപ്പിക്കപ്പെട്ട നിലയിലും കണ്ടെത്തി. തന്റെ വീട് ആക്രമിച്ചതിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നും ആക്രമണത്തിന് പിന്നിൽ ബിജെപി ആണെന്നും സിപിഎം ആരോപിച്ചു.
ലാവ്ലിൻ കേസിൽ സഹായം തേടിയാണ് നെഹ്റു ട്രോഫി വള്ളംകളിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ, മുഖ്യമന്ത്രി ക്ഷണിച്ചത് എന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ.മുനീർ. മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങളും ഇതിനു പിന്നിൽ ഉണ്ടെന്നുംമുനീർ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടാക്കിയ സിപിഐ എം-ബിജെപി ബാന്ധവം ഇതിൽ നിന്നും വ്യക്തമാണ്. ന്യൂനപക്ഷ സംരക്ഷകരാണ് തങ്ങളെന്ന സിപിഐ എം വാദം ഇതോടെ പൊളിഞ്ഞെന്നും എം.കെ.മുനീർ ആരോപിച്ചു.
പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റിൽ പി കെ ശശിക്കെതിരേ രൂക്ഷ വിമർശനം. എ.കെ.ബാലൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് വിമർശനം നടത്തിയത് .ശശിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കണം, സഹകരണ സ്ഥാപനങ്ങളിൽ നടത്തിയ സ്വജനപക്ഷപാത നിയമനങ്ങളും സാമ്പത്തിക ക്രമക്കേടുകളും പരിശോധിക്കണം എന്ന് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടു എന്ന് റിപ്പോർട്ടുകൾ .
ജാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത സോറന്റെ നേതൃത്വത്തിൽ മാറിത്താമസിച്ച എം എൽ എ മാർ തിരിച്ചെത്തി. ലത്റാതുവിൽ സന്ദർശനം നടത്തി തിരിച്ചെത്തിയ യ മുഖ്യമന്ത്രിയെയും എം എൽ എ മാരെയും വിശ്വാസ വോട്ടെടുപ്പ് വരെ ഒന്നിച്ച് നിർത്താൻ തന്നെയാണ് കോൺഗ്രസ് ജെ എം എം തീരുമാനം. ഹേമന്ദ് സോറന്റെ അയോഗ്യതയിൽ ഗവർണറുടെ തീരുമാനം വൈകുന്നതിൽ സർക്കാരിനും ആകാംക്ഷയുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമസഭാംഗത്വം റദ്ദാക്കാമെന്ന ശുപാർശ നൽകി മൂന്നു ദിവസം പിന്നിട്ടിട്ടും ഗവർണ്ണർ നടപടി എടുത്തിട്ടില്ല.
സർവകലാശാല നിയമ ഭേദഗതി ബില്ലിൽ മാറ്റത്തിന് സർക്കാർ. വി സി നിയമനത്തിനു ഉള്ള സെർച് കമ്മിറ്റി കൺവീനർ ആയി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെ നിയമിക്കാനുള്ള വ്യവസ്ഥ ഒഴിവാക്കാൻ തീരുമാനം. പകരം ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രതിനിധി മതി എന്നാണ് ധാരണ.
മുന്‍ രാജ്യസഭാംഗവും തെലുങ്കാനയില്‍ നിന്നുള്ള നേതാവുമായ എംഎ ഖാൻ കോൺഗ്രസ് വിട്ടു. കോണ്‍ഗ്രസിന് പഴയ പ്രതാപം തിരിച്ചെടുക്കാനാകില്ല,. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം രാഹുല്‍ ഗാന്ധി. പാര്‍ട്ടി പൂര്‍ണമായും പരാജയപ്പെട്ടു എന്നും എംഎ ഖാൻ പറഞ്ഞു. 40 വര്‍ഷത്തോളം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും തെലങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവായ എംഎ ഖാന് നേതൃത്വത്തിന് നല്കിയ കത്തില്‍ പറയുന്നു.