കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊച്ചിന് ഷിപ്പ്യാര്ഡ് 2024-25 സാമ്പത്തിക വര്‍ഷത്തെ നാലാം പാദമായ ജനുവരി-മാര്‍ച്ചില്‍ 287.18 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 258.88 കോടി രൂപയേക്കാള്‍ 11 ശതമാനം അധികമാണ്. പ്രവര്‍ത്തന വരുമാനം ഇക്കാലയളവില്‍ 36.7 ശതമാനം ഉയര്‍ന്ന് 1,757.65 കോടി രൂപയായി. മുന്‍ വര്‍ഷം സമാന പാദത്തിലിത് 1,286.04 കോടി രൂപയായിരുന്നു. കപ്പല്‍ നിര്‍മാണത്തില്‍ നിന്നുള്ള വരുമാനം 985.15 കോടി രൂപയില്‍ നിന്ന് 921.23 കോടി രൂപയായി കുറഞ്ഞു. അതേസമയം, അറ്റകുറ്റപ്പണികളില്‍ നിന്നുള്ള വരുമാനം 300.89 കോടി രൂപയില്‍ നിന്ന് 836.41 കോടി രൂപയായി ഉയര്‍ന്നു. പ്രതിയോഹരി ലാഭം 9.84 രൂപയില്‍ നിന്ന് 10.92 രൂപയായി ഉയര്‍ന്നു. മികച്ച പ്രവര്‍ത്തനഫലത്തെത്തുടര്‍ന്ന് ഓഹരി ഒന്നിന് 2.25 രൂപ വീതം അന്തിമ ലാഭവിഹിതത്തിന് ഡയറക്ടര്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തു. കഴിഞ്ഞ ജൂലൈയില്‍ മികച്ച ഓര്‍ഡറുകളുടെ കരുത്തില്‍ ഓഹരി വില 2,979.45 രൂപ വരെ എത്തി റെക്കോഡിട്ടിരുന്നു. അന്ന് വിപണി മൂല്യം ആദ്യമായി 70,000 കോടിയെത്തുകയും ചെയ്തു. പിന്നീട് ലാഭമെടുപ്പ് ശക്തമായതിനെ തുടര്‍ന്ന് വില 1,180.20 രൂപയിലേക്ക് താഴ്ന്നു.
കൊച്ചിന് ഷിപ്പ്യാര്ഡിന് 287.18 കോടി ലാഭം
