സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. ഇനി മുതൽ മാനസിക ആരോഗ്യ കേന്ദ്രങ്ങളെ, ഹാപ്പിനെസ്സ് ആൻഡ് വെൽനെസ് സെന്റർ എന്ന് വിളിക്കും. ഇത്തരം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ തള്ളി മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. മതപണ്ഡിതർ ഉപദേശിക്കേണ്ടത് സ്ത്രീകളെയല്ല പുരുഷന്മാരെയാണെന്നും കാന്തപുരം ആയാലും മറ്റേത് മൗലവി ആയാലും അതാണ് ചെയ്യേണ്ടതെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു
അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ പഞ്ചസാര ചേർക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ബാലാവകാശ കമ്മീഷൻ. ഐ സി ഡി എസ് മുഖാന്തിരം നൽകുന്ന അമൃതം ന്യൂട്രി മിക്‌സിന്റെ നിർമ്മാണത്തിൽ പഞ്ചസാര പൂർണമായും ഒഴിവാക്കി കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കും .
ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെൻറ് ആണ് തെരഞ്ഞെടുപ്പ് പരാജയമെന്ന് പാർട്ടി വേദിയിൽ തുറന്നു സമ്മതിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക്. പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടി പ്രവർത്തകർക്ക് അഹങ്കാരം കൂടിയെന്നും ആലപ്പുഴ വള്ളികുന്നത്തെ സിപിഎം പൊതുയോഗത്തിൽ ഐസക്ക് തുറന്നടിച്ചു.
മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസിൽ ചേന്തി അനിലിന് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അനിലിൻ്റെ കസ്റ്റഡി അപേക്ഷ ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം.
പിണറായി വിജയൻ്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസംഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ടി കെ ഗോവിന്ദൻ എംഎൽഎ. തെരഞ്ഞെടുപ്പിലെ തോൽവിയിൽ കേന്ദ്ര കമ്മിറ്റിയുടെ കണ്ടെത്തൽ വിശദീകരിക്കേണ്ടയിടത്ത് അതിന് വിരുദ്ധമായ കാര്യങ്ങളാണ് പിബി അംഗം എന്ന നിലയിൽ പിണറായി പ്രസംഗിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
കാലടി സംസ്കൃത സർവകലാശാല വിസിക്ക് എതിരായ പ്രതിഷേധത്തിൽ വിദ്യാത്ഥികൾക്ക് തിരിച്ചടി. 14 എസ്എഫ്ഐ പ്രവത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഹൈക്കോടതിയെ ഉടൻ സമീപിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു.
മുന്നണി കെട്ടുറപ്പിനെ ബാധിക്കാത്ത വിധം പ്രതിപക്ഷ ഉപനേതാവ് പദവി വിവാദം പൂട്ടിക്കെട്ടാൻ സിപിഎമ്മും സിപിഐയും. പദവി തന്നെ വേണ്ടെന്ന് വയ്ക്കാനുള്ള ഫോർമുലയാണ് ദേശീയ നേതൃത്വം മുന്നോട്ട് വയ്ക്കുന്നത്. തുടർ തീരുമാനങ്ങളിൽ സംസ്ഥാന നേതൃത്വങ്ങൾ വ്യക്തത വരുത്തും. തർക്കം തുടരുന്നത് ഗുണം ചെയ്യില്ലെന്ന് സിപിഎം ദേശീയ നേതൃത്വം വിലയിരുത്തി.
മുഖ്യമന്ത്രി വിഡി സതീശനെ പുകഴ്ത്തി സിപിഐ നേതാവ് സി ദിവാകരൻ. കേരളത്തിൻ്റെ സ്പന്ദനമാണ് സതീശനെന്നും ദിവാകരൻ പറഞ്ഞു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത മഹാത്മ അയ്യങ്കാളി ശ്രീനാരായണഗുരു പുരസ്കാര ചടങ്ങിലാണ് പുകഴ്ത്തിയത്.
കരിപ്പൂർ വിമാനത്താവളത്തില്‍ ഡയപ്പറില്‍ ഒളിപ്പിച്ച നിലയിൽ ഒരു കോടിയുടെ സ്വർണ്ണം പിടികൂടിയ സംഭവത്തിലെ കുഞ്ഞിന്‍റെ അമ്മ 4 ദിവസം മുൻപ് രണ്ടു കോടിയുടെ സ്വർണവുമായി നെടുമ്പാശ്ശേരിയിൽ പിടിയിലായിരുന്നു എന്ന് റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് സ്വർണ്ണക്കടത്തിനിടെ യുവതി നെടുമ്പാശ്ശേരിയിൽ പിടിയിലായത്.
പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്താൻ റൂട്ടും സമയവും പുതുക്കണമെന്നത് ഉള്‍പ്പെടെയുള്ള ശുപാര്‍ശകളുമായി വിദഗ്ധ സമിതി റിപ്പോര്‍ട്ട്. പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്ന് ഗതാഗതമന്ത്രി സിപി ജോണ്‍ പറഞ്ഞു. പ്രതീക്ഷയ്ക്ക് വക നൽകുന്ന ഒന്നും റിപ്പോര്‍ട്ടിൽ ഇല്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പ്രതികരണം.
അശ്ലീല ചിത്രം വാട്സ്ആപ്പിൽ സ്റ്റാറ്റസായി പങ്കുവെച്ച പൊലീസ് അസോസിയേഷൻ നേതാവിന് സസ്പെൻഷൻ. കെഎപി അടൂർ മൂന്നാം ബെറ്റാലിയനിലെ ഉദ്യോഗസ്ഥൻ സഞ്ജു കൃഷ്ണനെ ആണ് സസ്പെൻഡ് ചെയ്തത്.
കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളില്‍ ഓണാഘോഷത്തിനിടയിലുണ്ടായ ഡ്രസ് കോഡ് തര്‍ക്കത്തെ തുടര്‍ന്ന് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ സീനിയര്‍ വിദ്യാര്‍ത്ഥിനികളുടെ മര്‍ദനവും ഭീഷണിയും ഏറ്റതായി പരാതി. സംഭവത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി.
ഹൈദരാബാദിലെ മൈലാർദേവ്പള്ളിയിൽ ക്രിമിനൽ പശ്ചാത്തലമുള്ള യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രദേശവാസിയും പോലീസിന്‍റെ റൗഡികളുടെ പട്ടികയിലുള്ളയാളുമായ ഹാജി സുഹേൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൈലാർദേവ്പള്ളി പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രായപൂർത്തിയാകാത്ത 17 കാരന് മദ്യം നല്‍കിയ സംഭവത്തിൽ തൃശ്ശൂർ മണ്ണുത്തിയിലെ ബാറിനെതിരെ പോലീസ് കേസെടുത്തു. ബാർ ഉടമയ്ക്കും മാനേജർക്കുമെതിരെയാണ് മണ്ണുത്തി പോലീസ് കേസെടുത്തിരിക്കുന്നത്.
യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. പോക്സോ കേസിൽ ലഭിച്ച ജാമ്യമാണ് ഹോസ്ദുർഗ് ഫാസ്ട്രാക്ക് കോടതി റദ്ദാക്കിയത്. കോടതി ജാമ്യമില്ല വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. പോക്‌സോ കേസിലെ അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത കേസാണിത്.
കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ പരാമർശങ്ങളെ തള്ളിയ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി സമസ്ത കാന്തപുരം വിഭാഗം കേരള മുസ്ലിം ജമാഅത്ത്. ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പിൻവലിക്കണമെന്നും മുസ്ലിം സമുദായത്തോട് മാപ്പ് പറയണമെന്നും സമസ്ത കാന്തപുരം വിഭാഗം കേരള മുസ്ലിം ജമാഅത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വ്യാജരേഖ ചമച്ച് ലൈഫ് ഗുണഭോക്താക്കളുടെ അരക്കോടിയിലധികം രൂപയുടെ ഫണ്ട് തട്ടിയ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കസ്റ്റഡിയിൽ. പത്തനംതിട്ട തണ്ണിത്തോട് പഞ്ചായത്ത് ജീവനക്കാരി റാണി ലക്ഷ്മിയെ പോലീസ് ചോദ്യം ചെയ്യുന്നു. ഇവർ ജോലി ചെയ്ത മൂന്ന് പഞ്ചായത്തുകളിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിൽ പ്രോസിക്യൂഷൻ സാങ്ഷൻ പ്രതികൾക്ക് നൽകിയതിൽ വിമർശനം തുടർന്ന് ഹൈക്കോടതി. പ്രതിക്ക് കോപ്പി നൽകാൻ ഏത് നിയമ വ്യവസ്ഥയിലാണ് അധികാരമെന്ന് കോടതി ചോദിച്ചു
ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനായി മനൻ കുമാർ മിശ്ര തുടരുന്നില്‍ കടുത്ത പരാമർശവുമായി സുപ്രീംകോടതി. മിശ്ര ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാനല്ല, പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ പ്രോ-ടെം ചെയർമാൻ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
വിപിവിവി നിക്ഷേപത്തട്ടിപ്പ് കേസിൽ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത വെങ്കിട്ട വെങ്കിട് ഉൾപ്പെടെ മൂന്ന് പേർക്ക് ദില്ലി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. പരാതിക്കാരനായ ബെംഗുളൂരു വ്യവസായിയും പ്രതികളും തമ്മിൽ സാമ്പത്തിക ഇടപാടിൽ ഒത്തുതീർപ്പായതിനെ തുടർന്നാണ് കോടതി നടപടി.
സെക്കന്തരാബാദ് കന്റോൺമെന്റിലെ 20 മദ്രാസ് റെജിമെന്റിന്റെ ആയുധശേഖരത്തിൽ നടന്ന മോഷണം ആസൂത്രിതമെന്ന് പോലീസ്. സംഭവത്തിൽ കരസേനയുടെ ആഭ്യന്തര അന്വേഷണവും പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്
രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ ശുചീകരണ തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെട്ടു. പാർക്കിലെ 16-ാം നമ്പർ ഏര്യയിലാണ് ദാരുണമായ സംഭവം നടന്നത്. സുഗ്ന ദേവി എന്ന ജീവനക്കാരിയാണ് കടുവയുടെ ആക്രമണത്തിനിരയായി മരണപ്പെട്ടത്.
നേപ്പാൾ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 1130 ആയി. നേപ്പാളിൽ 1114ഉം ടിബറ്റിൽ 16 മരണങ്ങളുമാണ് സ്ഥിരീകരിച്ചത്. കാണാതായ ആറ് മലയാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ദുരിതാശ്വാസ സാമഗ്രികളുമായി ഒരു വിമാനം കൂടി ഇന്ത്യ നേപ്പാളിലേക്ക് അയച്ചു.
മിന്നൽ പ്രളയമുണ്ടായ നേപ്പാളിൽ കാണാതായ കൊല്ലം സ്വദേശി സുനന്ദ മണിരാജൻ്റെ കുടുംബം ഡിഎൻഎ പരിശോധനയ്ക്ക്. യുകെയിൽ ഉള്ള സുനന്ദയുടെ മക്കൾ ഡിഎൻഎ സാമ്പിൾ നൽകി. സുനന്ദയെ കണ്ടെത്തുന്നതിന് ഇന്ത്യാ ഗവൺമെൻ്റും സഹായിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ തകർപ്പൻ വിജയവുമായി പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൻഡ്രം റോയൽസ്. കൊച്ചി പടുത്തുയർത്തിയ 197 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം പത്ത് പന്തുകൾ ബാക്കിനിൽക്കെ ട്രിവാൻഡ്രം മറികടന്നു. ക്യാപ്റ്റൻ കൃഷ്ണപ്രസാദും സെഞ്ചുറി നേടിയ ഗോവിന്ദ് പൈയും ചേർന്ന റെക്കോർഡ് കൂട്ടുകെട്ടാണ് ടീമിന് അനായാസ വിജയം ഒരുക്കിയത്.
സ്‌പെയിന്‍ വനിതാ ഫുട്‌ബോള്‍ ടീമിലെ താരങ്ങളുടെ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കാന്‍ (എഗ്ഗ് ക്രയോപ്രിസര്‍വേഷന്‍) സ്‌പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ (ആര്‍ എഫ് ഇ എഫ്) സൗകര്യമൊരുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഫെഡറേഷന്‍ ഒരു ഫെര്‍ട്ടിലിറ്റി ക്ലിനിക്കുമായി കരാറില്‍ ഒപ്പുവെച്ചു.
