ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഹാരിയര്‍, സഫാരി മോഡലുകളുടെ ‘സ്റ്റെല്‍ത്ത് എഡിഷന്‍’ വിപുലീകരിച്ചു. ഇതാദ്യമായാണ് ഈ പതിപ്പ് പെട്രോള്‍ പവര്‍ ട്രെയിനില്‍ അവതരിപ്പിക്കുന്നത്. ഹാരിയര്‍ സ്റ്റെല്‍ത്ത് പെട്രോളിന് 23.43 ലക്ഷം രൂപയും സഫാരി സ്റ്റെല്‍ത്ത് പെട്രോളിന് 24.04 ലക്ഷം രൂപയുമാണ് വില വരുന്നത്. നിലവില്‍ വിപണിയിലുള്ള സ്റ്റാന്‍ഡേര്‍ഡ് ലൈനപ്പിനൊപ്പവും, ‘ഡാര്‍ക്ക്’, ‘റെഡ് ഡാര്‍ക്ക്’ എന്നീ സ്പെഷ്യല്‍ എഡിഷനുകള്‍ക്കൊപ്പവും ഈ പുതിയ പതിപ്പുകളും ലഭ്യമാകും. ഹാരിയറിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റായ ‘ഫിയര്‍ലെസ്സ് അള്‍ട്രാ’, സഫാരിയുടെ ‘അക്കംപ്ലിഷ്ഡ് അള്‍ട്രാ’ എന്നീ ട്രിമ്മുകളെ അടിസ്ഥാനമാക്കിയാണ് സ്റ്റെല്‍ത്ത് എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഈ മോഡലുകളിലെ എല്ലാ ഫീച്ചറുകളും ഇതിലും ലഭ്യമാണ്. എന്‍ജിന്റെ കാര്യത്തില്‍, 168 ബിഎച്പി പവര്‍ ഉത്പാദിപ്പിക്കുന്ന നിലവിലുള്ള 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ മാറ്റമില്ലാതെ തുടരുന്നു. പുതുതായി ഉള്‍പ്പെടുത്തിയ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 168 ബിഎച്പി കരുത്തും 280 എന്‍എം പീക്ക് ടോര്‍ക്കും നല്‍കും വിധമാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഇത് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്.
