ഹൊറര്‍ കോമഡി ചിത്രം ‘മഹാരാജ ഹോസ്റ്റല്‍’ എന്ന സിനിമയിലെ ‘ചൂതാട്ടമോ…’ എന്ന ഗാനം പുറത്ത്. അശ്വിന്‍ റാം ആണ് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. ജിഷ്ണു എം നായര്‍ ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ വൈറല്‍ താരങ്ങളായ അഖില്‍ എന്‍ആര്‍ഡി, അഖില്‍ ഷാ, ശരത്, സന്ദീപ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണിത്. ചിരിപ്പിക്കാനും പേടിപ്പിക്കാനും കച്ചകെട്ടിയാണ് റീല്‍സുകളിലൂടെ വൈറലായ ഒരുപറ്റം കൂട്ടരുടെ വരവെന്നാണ് സിനിമയുടെ മുന്‍ അപ്‌ഡേറ്റുകള്‍ നല്‍കിയിട്ടുള്ള സൂചന. ചിത്ര നായര്‍, ആന്‍ മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായെത്തുന്നത്. നഗരത്തിലെ പ്രേതാലയം പോലെയുള്ള ഒരു ഹോസ്റ്റലിന്റെയും അവിടുത്തെ എംജിആര്‍ എന്ന ഹോസ്റ്റല്‍ വാര്‍ഡന്റേയും അവിടെ താമസിക്കാനെത്തുന്ന സുഹൃത്തുക്കളുടേയും സംഭവ ബഹുലമായ കഥയാണ് ചിത്രം പറയുന്നത്.
