വൈദ്യുതിയും വെള്ളവും ഊറ്റിക്കുടിച്ച് എഐ ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയ കീഴടക്കിയ 80കളിലെ വൈബ് ചിത്രങ്ങള്‍ തന്നെ ഇതിന് തെളിവ്. ഒരു എഐ ചിത്രം നിര്‍മിക്കാന്‍ ഡേറ്റ സെന്ററുകള്‍ക്ക് 0.003 മുതല്‍ 0.006 യൂണിറ്റ് വൈദ്യുതി വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ഇത്തരത്തില്‍ ഒരു വ്യക്തി തന്നെ ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഈ ചെലവ് ഇരട്ടിയാകും. കാര്‍ണേഗ് മെലോണ്‍ യൂണിവേഴ്സിറ്റിയും ഹഗ്ഗിങ് ഫേസും നടത്തിയ ഗവേഷണത്തില്‍ ഒരു എഐ ഇമേജ് സൃഷ്ടിക്കുന്നതിന് 0.01 മുതല്‍ 0.29 കിലോവാട്ട് അവേഴസ് വരെ വൈദ്യുതി ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തിയത്. ഇത് ഒരു സ്മാര്‍ട്ട്‌ഫോണ്‍ 50 ശതമാനം ചാര്‍ജ് ആകുന്നതിന് തുല്യമാണത്രേ. എണ്‍പതുകളിലെ ട്രെന്‍ഡിന്റെ ഭാഗമായി ഏതാണ്ട് 15,000 യൂണിറ്റ് വൈദ്യുതി ചെലവഴിക്കപ്പെട്ടിരിക്കാമെന്നാണ് കണക്കുകള്‍ പറയുന്നത്. ഡേറ്റ സെന്ററുകള്‍ക്ക് വൈദ്യുതി മാത്രമല്ല ചെലവ്. അമിതമായ ജല ഉപഭോഗത്തിന്റെ പ്രശ്നവുമുണ്ട്. ഈ സെന്ററുകളില്‍ ശീതീകരണം നടത്താനായി വലിയ അളവില്‍ ജലം വേണ്ടിവരും.
