മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഇഡിയുടെ റിപ്പോര്‍ട്ടില്‍ വീണ 20.5 കോടി രൂപയുടെ ഇടപാട് നടത്തിയെന്ന വിവരങ്ങളും. ഇടപാട് നടന്നത് റിയാസുമായുള്ള വിവാഹശേഷമാണ്. ബാങ്ക് രേഖകള്‍ സഹിതമുള്ള തെളിവുകളാണ് ഇഡി ഡിജിപിക്കു കൈമാറിയത്.
ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് മുഹമ്മദ് റിയാസിനെതിരെ മൊഴി നല്‍കിയതെന്ന് സുഹൃത്തായ ഹസ്സന്‍ വാരിസ്. ഇഡിക്ക് നല്‍കിയ മൊഴി പിന്‍വലിക്കാന്‍ വാരിസ് സത്യവാങ് മൂലം നല്‍കി. മകളെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് മൊഴി നല്‍കിയതെന്ന് ഹസ്സന്‍ വാരിസ് സത്യവാങ്മൂലത്തില്‍ പറയുന്നു.
വീണയേയും സുഹൃത്തിനേയും കള്ളമൊഴിക്കായി എന്‍ഫോഴ്സ്മെന്റ് ഭീഷണിപ്പെടുത്തിയെന്നും തന്നെ വ്യക്തിഹത്യ ചെയ്യാന്‍ കള്ളക്കഥ ചമച്ചെന്നും മുഹമ്മദ് റിയാസ്. സിഎംആര്‍എല്ലും വീണയും തമ്മിലുള്ളത് നിയമപരമായ പണമിടപാടാണ്. വീണയില്‍ നിന്ന് സേവനം കിട്ടിയിട്ടില്ലെന്ന് സിഎംആര്‍എല്‍ എംഡി മൊഴി നല്‍കിയിട്ടില്ല. ഹവാല തെളിവുകളും വീണ സമ്മതിച്ചെന്ന ഇഡിയുടെ അവകാശവാദവും പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു.
മെസിയെ എത്തിക്കാനെന്ന പേരില്‍ നടന്ന ഇടപാടുകളില്‍ 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന് ജിഎസ്ടി പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ട്. സ്പോണ്‍സറില്‍ നിന്ന് നികുതി ഈടാക്കുന്നത് ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം വൈകിപ്പിച്ചു. നികുതി ഉടന്‍ ഈടാക്കണമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
മെസിയെ കേരളത്തില്‍ കൊണ്ടുവരാനെന്ന പേരില്‍ നടന്ന തട്ടിപ്പില്‍ പ്രാഥമിക അന്വേഷണം രജിസ്റ്റര്‍ ചെയ്ത് എസ്ഐടി. എഡിജിപി പി വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണ നടപടികള്‍ ആരംഭിച്ചത്.
സിപിഎമ്മിനെ തകര്‍ക്കാനാണ് പിണറായി വേട്ടയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എല്‍ഡിഎഫിനെ ബാധിക്കില്ലെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയുമാണ് മാസപ്പടി കേസില്‍ പുറത്തുവരാനിരിക്കുന്നതെന്ന് മാത്യു കുഴല്‍നാടന്‍. അധികാരത്തിന്റെ തണലില്‍ എന്തും ചെയ്യാമെന്ന് ധരിച്ചവര്‍ക്കുള്ള ശക്തമായ പാഠമായിരിക്കും ഈ കേസ്. അഴിമതിപ്പണം കടത്താനും കള്ളപ്പണം വെളുപ്പിക്കാനുമുള്ള ശ്രമങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ഉചിതമായ സമയത്ത് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
ചിറയിന്‍കീഴ് കയ്യാങ്കളിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്ക്ക് വീഴ്ചയുണ്ടായെന്ന് കെപിസിസി യോഗത്തില്‍ നേതാക്കള്‍. രമ്യ സമവായമുണ്ടാക്കി പ്രശ്നം പരിഹരിക്കുകയാണു ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ പ്രശ്നം വഷളാക്കുകയാണു ചെയ്തതെന്നും എംഎം ഹസ്സന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കെപിസിസി യോഗത്തില്‍ രമ്യയും പങ്കെടുക്കുന്നുണ്ട്.
വയനാട് ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പ് നിര്‍മാണം ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് ടി. സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ മാസത്തോടെ ടൗണ്‍ഷിപ്പിലെ മുഴുവന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകും. നിലവില്‍ 810 തൊഴിലാളികള്‍ ടൗണ്‍ഷിപ്പില്‍ സജീവമായി ജോലി ചെയ്യുന്നുണ്ട്.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം നിര്‍ത്തലാക്കി. മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന് നല്‍കി. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പില്‍ കുറവുള്ള ജീവനക്കാരെ താത്കാലികമായി നിയമിക്കാന്‍ ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ നിര്‍ദേശം നല്‍കി.
സംസ്ഥാനത്തെ വൈദ്യുതി പ്രതസിന്ധിക്കു കാരണം ആസൂത്രണമില്ലാത്തതും ഏകോപനക്കുറവുമാണെന്ന് മുന്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. ദീര്‍ഘകാല കരാറുകള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയതാകും കൃഷ്ണന്‍കുട്ടി ഉദ്ദേശിച്ചതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ മറുപടി. .
പി എസ് സി ക്രമക്കേടില്‍ ഉദ്യോഗസ്ഥര്‍ ചെയ്തതു ഗുരുതര പിഴവാണെന്ന് ക്രൈംബ്രാഞ്ച്. മൂല്യനിര്‍ണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
മൈക്രോ ഫിനാന്‍സ് കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഹാജരാകാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. അഡീഷണല്‍ ചീഫ് സെക്രട്ടറി നാളെ നേരിട്ട് ഹാജരായി പ്രോസിക്യൂഷന്‍ അനുമതി തീരുമാനം അറിയിക്കണമെന്നു കോടതി നിര്‍ദേശം നല്‍കി.
തൃശൂര്‍ നഗരത്തില്‍ മദ്യലഹരിയില്‍ യുവതിയുടെ പരാക്രമം. വാഹനങ്ങള്‍ തടഞ്ഞു പണം ആവശ്യപ്പെട്ട ചാഴൂര്‍ സ്വദേശി റഹ്‌മത്ത് എന്ന 21 കാരിയെ പോലീസ് പിടികൂടി. എഎസ്ഐ കലയെ യുവതി മര്‍ദിച്ചു. യുവതിയുടെ ആണ്‍ സുഹൃത്ത് കാറില്‍ രക്ഷപ്പെട്ടു.
സംസ്ഥാനത്ത് മഴ മാറിയിട്ടും പനി ബാധിക്കുന്നവരുടെ എണ്ണം കുറയുന്നില്ലെന്ന് റിപ്പോര്‍ട്ട്. പതിനായിരത്തിന് മുകളിലാണ് പ്രതിദിന രോഗികളെന്നാണ് കണക്ക്. ഇന്‍ഫ്ലുവന്‍സ ബാധിതരുടെ എണ്ണവും കുത്തനെ ഉയര്‍ന്നു. ചൊവാഴ്ച മാത്രം 147 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും റിപ്പോര്‍ട്ട് ചെയ്തു.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ബിജെപി നേതാവുമായ കെ. കുഞ്ഞിക്കണ്ണന്‍ തിരുവനന്തപുരത്ത് അന്തരിച്ചു. 74 വയസായിരുന്നു. ജന്മഭൂമിയുടെ എഡിറ്ററും ബിജെപി സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.
പി.എം.ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീന്‍ പിലാക്കല്‍ വ്യക്തമാക്കി. മുന്‍ നിലപാടുകളില്‍നിന്ന് സംഘടന പിന്നോട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ബാങ്കുകളെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മലപ്പുറത്ത് പ്രതി അറസ്റ്റിലായി. ഏമങ്ങാട് സ്വദേശി കറുത്തേടത്ത് അസ്‌കറിനെയാണ് (49) വണ്ടൂര്‍ പോലീസ് പിടികൂടിയത്.
തൃശൂര്‍ പാറളത്ത് അവിശ്വാസ പ്രമേയം പാസായതോടെ ബിജെപിക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. കോണ്‍ഗ്രസിനെ എല്‍ഡിഎഫ് പിന്തുണച്ചതോടെയാണ് അവിശ്വാസ പ്രമേയം പാസായത്.
നീണ്ടകരയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി യുവാവ് ഗൗതം കൃഷ്ണന്റെ അമ്മ രേഷ്മ സര്‍ക്കാരിനെതിരെ രംഗത്ത്. ജോലി നല്‍കണമെന്ന ആവശ്യത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നും നിരന്തര അവഗണനയാണ് സര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നതെന്നും രേഷ്മ പറഞ്ഞു.
മരുമകളില്‍ നിന്നും പേരക്കുട്ടിയില്‍ നിന്നും ജീവനാംശം ആവശ്യപ്പെട്ട് 83 വയസ്സുള്ള പെന്‍ഷന്‍കാരി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. നിയമപരമായി മരുമകള്‍ക്ക് മുത്തശ്ശിയെ സംരക്ഷിക്കാനുള്ള ബാധ്യതയില്ലെന്നും പേരക്കുട്ടിയെയും നിര്‍ബന്ധിക്കാനാകില്ലെന്നും ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ വ്യക്തമാക്കി.
18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ വേണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്. കുട്ടികള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ അക്കൗണ്ട് തുറക്കുമ്പോള്‍ മാതാപിതാവിന്റെ നിര്‍ബന്ധിത സമ്മതവും ഇ-കെവൈസി ഉള്‍പ്പെടെയുള്ള സ്ഥിരീകരണവും വേണമെന്നാണ് ആവശ്യം.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ ഭാഗമായി ജാപ്പനീസ് വ്യോമസേനയുടെ ആദ്യ സംഘം ഇന്ത്യയിലെത്തി. ‘വീര്‍ ഗാര്‍ഡിയന്‍ 2026’ എന്ന് പേരിട്ടിരിക്കുന്ന സംയുക്ത വ്യോമാഭ്യാസത്തില്‍ പങ്കെടുക്കാനാണ് സംഘം എത്തിയിരിക്കുന്നത്. സെപ്തംബര്‍ 22 വരെയാണ് ഇന്ത്യന്‍ വ്യോമസേനയുമായി ചേര്‍ന്നുള്ള ഈ പ്രഥമ അഭ്യാസം നടക്കുക.
ഇന്ത്യാ മുന്നണിയിലെ ഘടകകക്ഷികളായ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും തമ്മില്‍ വന്ദേമാതരം ആലാപനത്തെച്ചൊല്ലി പോര് രൂക്ഷമാകുന്നു. ജമ്മു കശ്മീര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനിടെ ദേശീയ ഗീതം മുഴുവനായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള വാഗ്വാദത്തിലേക്ക് വഴിതുറന്നിരിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യ്ക്ക് രൂക്ഷ മറുപടിയുമായി ഡിഎംകെ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍. തന്നെ അവഹേളിച്ചാലും ചരിത്രം തിരുത്താനാകില്ലെന്ന് സ്റ്റാലിന്‍ മറുപടി നല്‍കി. ജയിലിലെ മര്‍ദനത്തില്‍ തന്റെ താടിയെല്ല് പൊട്ടിയെന്ന് പറഞ്ഞ സ്റ്റാലിന്‍, താടിയില്‍ തട്ടി തന്നെ കളിയാക്കിയത് ‘കറക്റ്റ്’ ആണെന്നും പറഞ്ഞു.
2025-26 വര്‍ഷത്തെ ഗ്രാമപഞ്ചായത്ത് വിഹിതമായ 2186 കോടി രൂപയുടെ കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകം സുപ്രീംകോടതിയെ സമീപിക്കുന്നു. 15-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ഫണ്ടിനായാണ് കര്‍ണാടകം ഇപ്പോള്‍ നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.
നവജാതശിശുക്കള്‍ക്കുള്ള സ്വര്‍ണമോതിര സമ്മാന പദ്ധതിക്കു സ്വര്‍ണ മോതിരം ലഭ്യക്കാന്‍ ജോയ് ആലുക്കാസ് ഗ്രൂപ്പിനു ടെണ്ടര്‍ നല്‍കിയ തമിഴ്നാട്ടിലെ വിജയ് സര്‍ക്കാരിന്റെ നടപടികള്‍ മദ്രാസ് ഹൈക്കോടതി ശരിവച്ചു. മറ്റൊരു ജ്വല്ലറി ഗ്രൂപ്പുകാരാണ് ഹര്‍ജി നല്‍കിയിരുന്നത്.
ബിജെപി നേതാവ് ഗൗരവ് ഭാട്ടിയക്കെതിരായ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ സിജെപി നേതാക്കള്‍ക്കെതിരേ മാനനഷ്ടക്കേസ്. സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവര്‍ വസ്തുത പരിശോധിക്കാതെ ഗൗരവ് ഭാട്ടിയക്കെതിരെ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചത് ശരിയായ നടപടിയല്ലെന്ന് ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല വാക്കാല്‍ നിരീക്ഷിച്ചു.
ശനിയാഴ്ചയും ഞായറാഴ്ചയുമായി ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനം തയാറാക്കുന്നതില്‍ വിവിധ രാഷ്ട്രങ്ങള്‍ തമ്മില്‍ ഭിന്നത തുടരുന്നു. പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കടുക്കുന്നത് സംയുക്ത പ്രഖ്യാപനത്തെയും ബാധിക്കുന്നു. യുഎഇക്കും സൗദിക്കും ഇറാനും ഇടയില്‍ ആണ് പ്രധാന തര്‍ക്കം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ കുറിച്ചുള്ള പ്രസ്താവനയിലെ നിലപാടിനെ ചൊല്ലിയാണ് തര്‍ക്കം.
അമേരിക്കയില്‍ നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ജയിച്ചാല്‍, രാജ്യത്തെ പ്രായപൂര്‍ത്തിയായ ഓരോ പൗരനും 5000 ഡോളര്‍ (ഏകദേശം നാല് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വീതം നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇടക്കാല തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഡാലസില്‍ നടന്ന റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷനിലാണ് ഈ പ്രഖ്യാപനം.
പശ്ചിമേഷ്യയില്‍ സാഹചര്യം സങ്കീര്‍ണമാകുന്നതിനിടെ ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ യുഎസിന് ഒന്നിലധികം സൈനിക വിമാനങ്ങള്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. ജോര്‍ദാനിലെ അല്‍ അസ്രക്കിലുള്ള യുഎസിന്റെ വ്യോമസേനാ താവളത്തിന് നേരെ നടത്തിയ ആക്രമണത്തിലാണ് സൈനിക വിമാനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചത്.
അണ്വായുധ നിര്‍മ്മാണം തടയുന്നതിനുള്ള രാജ്യാന്തര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വന്‍ വീഴ്ച വരുത്തിയ ഇറാനെതിരെ നടപടി വേണമെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു. ഉത്തര കൊറിയ തങ്ങളുടെ പ്രധാന ആണവ സമുച്ചയമായ യോങ്ബിയോണില്‍ പുതിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം നിര്‍മ്മിച്ചതായും കാങ്സണ്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചതായും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി വ്യക്തമാക്കി.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ തുടക്കം. ബാഴ്‌സലോണ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളിന് ഫെയനൂര്‍ദിനെ തകര്‍ത്തു. റഫീഞ്ഞയുടെ ഇരട്ടഗോള്‍ മികവിലാണ് ബാഴ്‌സയുടെ ജയം. 3, 57 മിനിറ്റുകളിലായിരുന്നു റഫീഞ്ഞയുടെ ഗോളുകള്‍.
ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ നാളെ ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക്. ശനിയും ഞായറും വാരാന്ത്യ അവധികളായതിനാല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം ബാങ്കുകളുടെ പ്രവര്‍ത്തനം തടസപ്പെടും. ചില സംസ്ഥാനങ്ങളില്‍ വിനായക ചതുര്‍ത്ഥിയുടെ അവധി കൂടി ഉള്ളതിനാല്‍ നാല് ദിവസം വരെ സേവനങ്ങള്‍ തടസപ്പെടാം. ഏഴ് യൂണിയനുകളുടെ സംയുക്ത സംഘടനയായ യു.എഫ്.ബി.യു ആണ് ഈ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ സേവന വ്യവസ്ഥകളുടെ ഭാഗമായി ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനങ്ങള്‍ അനുവദിക്കുക എന്നതാണ് ഇവരുടെ പ്രധാന ആവശ്യം. തുടര്‍ന്നും തീരുമാനമുണ്ടായില്ലെങ്കില്‍ രണ്ടാം ഘട്ട പണിമുടക്ക് സെപ്റ്റംബര്‍ 28, 29, 30 തീയതികളില്‍ നടക്കും. ഇതിനുശേഷവും ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കും.
ഇന്ത്യന്‍ ഐഫോണ്‍ മോഡലുകളുടെ വില കുത്തനെ വര്‍ദ്ധിപ്പിച്ചു. ഐഫോണ്‍ 17-ന്റെ ആരംഭ വില 82,900 രൂപയില്‍ നിന്ന് 20.5 ശതമാനം വര്‍ദ്ധിച്ച് 99,900 രൂപയായി ഉയര്‍ന്നു. പുതുതായി അവതരിപ്പിച്ച ഐഫോണ്‍ 18 പ്രോ മോഡലുകള്‍ക്ക് 22 ശതമാനം വരെ വലിയ വിലവര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഐഫോണ്‍ 18 പ്രോ വില ആരംഭിക്കുന്നത് 1,64,900 രൂപ മുതലാണ്. ഐഫോണ്‍ 18 പ്രോ മാക്സ് 1,79,900 രൂപ മുതല്‍. ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോണായ ഐഫോണ്‍ ഡ്യുവോയുടെ ആരംഭ വില 2,99,900 ആണ്. ഐഫോണ്‍ എയര്‍ 1ടിബി മോഡലിന് 40.6% വരെ വില വര്‍ദ്ധിച്ച് 2,24,900 ആയി. ആഗോളതലത്തില്‍ ശരാശരി 8 മുതല്‍ 10 ശതമാനം വരെ മാത്രം വില ഉയര്‍ന്നപ്പോള്‍, ഇന്ത്യയില്‍ ഇത് 20 മുതല്‍ 30 ശതമാനം വരെയാണ്. കൂടാതെ, ഐഫോണ്‍ ഡ്യുവോയ്ക്ക് 20% ഇറക്കുമതി തീരുവ നല്‍കേണ്ടി വരുന്നതും തിരിച്ചടിയായി.
സൂര്യയെ നായകനാക്കി മലയാളി സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന ‘സീന്‍’ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്. ഏറെ നാളുകള്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്ന സൂര്യയെയാണ് ടീസറില്‍ കാണാന്‍ കഴിയുന്നത്. ‘ആവേശം’ എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവന്‍ ഒരുക്കുന്ന ചിത്രമാണിത്. മലയാളി താരം നസ്ലിനും നിര്‍ണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി എത്തുന്നത് നസ്രിയ ആണ്. ഡിഎസ്പി ഇന്‍ബരാജ് എന്ന പൊലീസ് കഥാപാത്രമായാണ് സൂര്യ എത്തുന്നത്. നവംബര്‍ 6 ന് ദീപാവലി റിലീസായി ചിത്രം തിയറ്ററുകളിലെത്തും. വമ്പന്‍ ബജറ്റില്‍ വന്‍ കാന്‍വാസിലാണ് ഈ മാസ് എന്റര്‍ടെയ്നര്‍ ചിത്രം ഒരുക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കുന്നത് സുഷിന്‍ ശ്യാം ആണ്. ജോണ്‍ വിജയ്, ആനന്ദ് രാജ്, ലാല്‍, രാജ് പ്രിയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്.
വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ബത്ത’യിലെ ‘മകളേ..’ എന്ന ഗാനം റിലീസ് ചെയ്തു. സായ് അഭ്യങ്കര്‍ ആണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. സായ് അഭ്യങ്കറും ഹിരണിയും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു. കാര്‍ത്തികേ നേതയുടേതാണ് വരികള്‍. അച്ഛന്‍- മകള്‍ ബന്ധം പറയുന്നതാണ് ഗാനമെന്നാണ് സൂചന. ബാലാജി തരണീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബത്ത. പ്രശസ്ത സംവിധായകന്‍ ആറ്റ്‌ലി അവതരിപ്പിക്കുന്ന ഈ ചിത്രം പ്രിയ ആറ്റ്‌ലി, മുറാദ് ഖേതാനി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഒക്ടോബര്‍ 1-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. വിന്റേജ് ലുക്കില്‍ വിജയ് സേതുപതി ബീഡി വലിച്ച് നില്‍ക്കുന്ന ബത്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മഹീന്ദ്ര ഗ്രൂപ്പിന്റെ ഉപ കമ്പനിയായ ക്ലാസിക് ലെജന്‍ഡ്സ് ജാവ 42 ഓള്‍ സ്റ്റാര്‍സ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 1.85 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ വില. ബാറ്റില്‍ ഗ്രീന്‍, നെബുല ബ്ല്യൂ, മോസ് ഗ്രേ, ഐവറി, ബ്ലാക്ക് എന്നി കളറുകളില്‍ പുതിയ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ലഭ്യമാണ്. കളര്‍ ഓപ്ഷനുകളില്‍ ബ്ലാക്ക് കളറിനാണ് ഏറ്റവുമധികം വില. 1.90 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. മെക്കാനിക്കലായി നോക്കുമ്പോള്‍ റെഗുലര്‍ മോഡലിന് സമാനമാണ് ജാവാ 42 ഓള്‍ സ്റ്റാര്‍സ്. 294 സിസി, ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ആണ് ഇതിന് കരുത്തുപകരുന്നത്. 7950 ആര്‍പിഎമ്മില്‍ 26.9 ബിഎച്ച്പി കരുത്തും 6000 ആര്‍പിഎമ്മില്‍ 26.8 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നതാണ് എന്‍ജിന്‍. ഈ എന്‍ജിന്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.
കഥകളിയുടെ സാംസ്‌കാരികപശ്ചാത്തലവും കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രവും ഇഴചേര്‍ന്ന, സമകാലികമലയാളത്തിലെ അപൂര്‍വ്വമായ കഥാകാവ്യസംരംഭങ്ങളിലൊന്നായ കൃതി. ഇതില്‍ കെട്ടുറപ്പുള്ള ഒരു കഥയുണ്ട്. ബാഹ്യമായി കാണാവുന്ന സംഭവങ്ങള്‍ക്കപ്പുറത്ത്, കര്‍മ്മബന്ധങ്ങളുടെയും ദൈവനീതിയുടെയുമൊക്കെ അദൃശ്യപശ്ചാത്തലമുണ്ട്. വാസ്തവത്തില്‍ ആ പീഠഭൂമിയാണ് കഥാകാവ്യത്തിന് അടിസ്ഥാനബലവും ആരൂഢഭംഗിയും പ്രദാനം ചെയ്യുന്നത്. കവിതയിലൂടെ കഥ പറയാന്‍ തീരുമാനിക്കുമ്പോള്‍ ആ ആഖ്യാനത്തിനു പിന്നില്‍ കവിയുടെ ചില നിര്‍ണ്ണയങ്ങളുണ്ട്. കല്പനാചാരുതയും ദാര്‍ശനികസമീപനവും മനുഷ്യാവസ്ഥകളെ തത്ത്വചിന്തയുടെ തലത്തില്‍ കാണാന്‍ കഴിയുന്ന വൈഭവവും കവിതയ്ക്കു സഹജമായി വഴങ്ങും. ‘വെട്ടൂര്‍മഠം’. മധു മാടമണ്‍മൂഴി. മാതൃഭൂമി. വില 246 രൂപ.
മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ടാബ്ലെറ്റ് തുടങ്ങിയ ഡിജിറ്റല്‍ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ ദീര്‍ഘനേരം ചെലവഴിക്കുന്നവരില്‍ സാധാരണ ഉണ്ടാകുന്ന പ്രശ്നമാണ് കണ്ണുകളില്‍ സമ്മര്‍ദം. വായന, ഡ്രൈവിങ്, ചെറിയ അക്ഷരങ്ങള്‍ തുടര്‍ച്ചയായി വായിക്കുക, മങ്ങിയ വെളിച്ചത്തില്‍ സ്‌ക്രീന്‍ നോക്കുക തുടങ്ങിയവയും കണ്ണുകള്‍ക്ക് അമിത ക്ഷീണം ഉണ്ടാക്കാം. സാധാരണയായി കണ്ണുകള്‍ക്ക് വിശ്രമം നല്‍കുമ്പോള്‍ കുറയുന്ന താല്‍ക്കാലിക പ്രശ്നമാണിത്. എന്നാല്‍ ലക്ഷണങ്ങള്‍ സ്ഥിരമായി തുടരുകയോ കാഴ്ചയില്‍ മാറ്റങ്ങള്‍ അനുഭവപ്പെടുകയോ ചെയ്താല്‍ കാരണം പരിശോധിക്കേണ്ടത് പ്രധാനമാണ്. സ്‌ക്രീന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒരു ശീലമാണ് 20-20-20 റൂള്‍. ഏകദേശം 20 മിനിറ്റ് സ്‌ക്രീന്‍ നോക്കിയ ശേഷം 20 അടി അകലെയുള്ള ഒരു വസ്തുവിലേക്ക് കുറഞ്ഞത് 20 സെക്കന്‍ഡ് നോക്കുക. അടുത്തുള്ള വസ്തുവില്‍ നിന്ന് കണ്ണിന്റെ ഫോക്കസ് മാറ്റാന്‍ ഇത് സഹായിക്കും. ബോധപൂര്‍വം ഇടയ്ക്കിടെ കണ്ണടയ്ക്കുന്നത് കണ്ണിന്റെ ഉപരിതലത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. മൊബൈലിലും കമ്പ്യൂട്ടറിലും ആവശ്യത്തിന് ഫോണ്ട് വലുപ്പം കൂട്ടുന്നത് കണ്ണിന്റെ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. സ്ഥിരമായ ഉറക്കശീലം നിലനിര്‍ത്തുന്നത് കണ്ണിന്റെ ആരോഗ്യത്തിനും പ്രധാനമാണ്. കണ്ണുകള്‍ക്ക് ക്ഷീണം അനുഭവപ്പെടുമ്പോള്‍ കുറച്ചുനേരം സ്‌ക്രീനില്‍ നിന്ന് മാറിനില്‍ക്കാം. കണ്ണുകള്‍ അടച്ച് വിശ്രമിക്കാം. കണ്ണുകള്‍ തിരുമ്മുന്നത് ഒഴിവാക്കുക. വരള്‍ച്ച സ്ഥിരമായി അനുഭവപ്പെടുന്നവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്രിമമായ കണ്ണുനീര്‍ ഉപയോഗിക്കേണ്ടി വന്നേക്കാം.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 95.32, പൗണ്ട് – 128.33, യൂറോ – 110.97, സ്വിസ് ഫ്രാങ്ക് – 117.80, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 68.79, ബഹറിന്‍ ദിനാര്‍ – 253.13, കുവൈത്ത് ദിനാര്‍ -308.95, ഒമാനി റിയാല്‍ – 247.92, സൗദി റിയാല്‍ – 25.42, യു.എ.ഇ ദിര്‍ഹം – 25.90, ഖത്തര്‍ റിയാല്‍ – 26.15, കനേഡിയന്‍ ഡോളര്‍ – 69.05.
