ധ്രുവ് വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ബൈസണി’ലെ ‘തെന്നാട്’ എന്ന ഗാനം പ്രേക്ഷക ശ്രദ്ധ നേടുന്നു. മാരി സെല്‍വരാജിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് നിവാസ്.കെ.പ്രസന്നയാണ്. സത്യനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ധ്രുവ് വിക്രത്തിനൊപ്പം അനുപമ പരമേശ്വരനും രജിഷ വിജയനും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തില്‍ ധ്രുവിന്റെ നായികയായി അനുപമയാണ് എത്തുന്നത് എന്നാണ് വിവരം. സാധാരണ കര്‍ഷകരുടെ ജീവിതം ചിത്രീകരിച്ചിരിക്കുന്ന ഗാനത്തില്‍ തനി നാടന്‍ വേഷത്തിലാണ് എല്ലാവരും എത്തുന്നത്. വേദനയും പ്രത്യാശയും നിറഞ്ഞതാണ് ഗാനം. മലയാളത്തില്‍ നിന്ന് രജിഷയും അനുപയും കൂടാതെ ലാലും ഈ സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് പാ രഞ്ജിത്ത് ആണ്. സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ ചിത്രീകരിക്കുന്ന സിനിമ പ്രശസ്ത കബഡി താരം മാനത്തി ഗണേശിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ബയോപിക് ആയിരിക്കില്ലെന്നും സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.
