സമരങ്ങൾക്ക് നിയന്ത്രണവും സമയപരിധിയും വേണമെന്ന് സുപ്രീംകോടതി. ഒരു പ്രതിഷേധസ്ഥലവും അനിശ്ചിതകാലത്തേക്ക് പിടിച്ചു വെക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമരത്തെ തുടർന്ന് വ്യാപാരികൾക്കുണ്ടായ നഷ്ടത്തിൽ സമരക്കാരെ എതിർകക്ഷികളാക്കാൻ കോടതി നിർദേശിച്ചു. വനിതാ മാധ്യമപ്രവർത്തകർക്കെതിരായ അതിക്രമങ്ങളിലെ ഹർജികൾ ഈ മാസം 23ന് പ്രത്യേകം പരിഗണിക്കും.
ദില്ലിയിലെ എസ്ഐആർ പ്രതിഷേധവുമായി ബന്ധപ്പെട്ട് എംഎ ബേബിയടക്കമുള്ളവരുടെ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിർണ്ണായക നീരീക്ഷണം. സമരങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് ഒരു വിഭാഗത്തിന് മാത്രം കൈവശം വെക്കാനാകില്ല. എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ട്, കർഷകരും തൊഴിലാളികളും മാധ്യമപ്രവർത്തകരുമടക്കം മറ്റുള്ളവർക്കും അതിനുള്ള അവസരം ലഭിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
