മഞ്ഞുകാലത്തെ ഒരു പ്രധാന പ്രശ്നമാണ് കാലുകളിലെ വിണ്ടുകീറല്‍. കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ അണുബാധയ്ക്ക് വരെ കാരണമായേക്കാവുന്ന ഒരു പ്രശ്നമാണിത്. ചര്‍മ്മത്തിലെ ഈര്‍പ്പം പൂര്‍ണമായി നഷ്ടപ്പെടുന്ന അവസ്ഥയാണ് വിണ്ടുകീറുന്നതിന് കാരണമാകുന്നത്. പലപ്പോഴും അസഹനീയമായ വേദനയും ഈ സമയം ഉണ്ടാകാറുണ്ട്. എന്നാല്‍ വീട്ടില്‍ തന്നെ ഇതു തടയാനായി ചില പൊടിക്കൈകളുണ്ട്. എല്ലാത്തരം എണ്ണയും കാല് വിണ്ടു കീറുന്നത് തടയാന്‍ നല്ലതാണ്. എള്ളെണ്ണ, വെളിച്ചെണ്ണ, ഒലിവ് ഓയില്‍ തുടങ്ങീ ഏത് എണ്ണയും ഉപയോഗിക്കാം. കാല് വൃത്തിയായി കഴുകിയതിന് ശേഷം വിണ്ടുകീറിയ ഭാഗത്ത് ഇത് തേച്ച് പിടിപ്പിക്കാവുന്നതാണ്. ശേഷം സോക്സ് ധരിച്ച് കിടക്കുക. തണുപ്പുകാലത്ത് പാദങ്ങള്‍ പൂര്‍ണ്ണമായും മറയ്ക്കുന്ന തരത്തില്‍ വൃത്തിയുള്ളതും മൃദുവായതുമായ സോക്സുകള്‍ ധരിക്കുക. വീടിനുള്ളിലും പാദരക്ഷകള്‍ ഉപയോഗിക്കുക. ഉപ്പിട്ട ചെറുചൂടുവെള്ളത്തില്‍ കാലുകള്‍ മുക്കിവെയ്ക്കുന്നതും വിണ്ടുകീറലിനെ ചെറുക്കാന്‍ സഹായിക്കും. വിണ്ടുകീറിയ പാദങ്ങളില്‍ കറ്റാര്‍വാഴ പുരട്ടുന്നത് കാലുകളുടെ ചര്‍മ്മത്തെ മൃദുവാക്കാന്‍ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുന്‍പ് പാദങ്ങള്‍ വൃത്തിയായി കഴുകിയ ശേഷം ആവണക്കെണ്ണ പുരട്ടുന്നതും നല്ലതാണ്. ആര്യവേപ്പിലയും പച്ച മഞ്ഞളും അരച്ച് കാലില്‍ പുരട്ടുന്നതും വിണ്ടുകീറുന്നതിന് നല്ലൊരു പരിഹാരമാണ്. ഗ്ലിസറിനും റോസ് വാട്ടറും ചേര്‍ന്ന മിശ്രിതം തുടര്‍ച്ചയായി പുരട്ടുന്നത് കാലുകള്‍ക്ക് വളരെ നല്ലതാണ്.
മഞ്ഞുകാലത്ത് പാദസംരക്ഷണത്തിന് സോക്സുകള്‍ ധരിക്കാം
