തലച്ചോറിന് അകാല വാര്‍ദ്ധക്യം ഉണ്ടാക്കുന്നതിന് പുകവലി കാരണമാകുന്നതായി പഠനം. പ്രായമാകുന്നതിന് മുന്‍പ് തന്നേ തലച്ചോര്‍ ചുരുങ്ങുന്നതിന് പുകവലി കാരണമാകുന്നതായാണ് യുഎസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലെ പുതിയ പഠനം വിശദമാക്കുന്നത്. സാധാരണയായി പ്രായം കൂടുന്നതിന് അനുസരിച്ചാണ് തലച്ചോര്‍ ചുരുങ്ങുന്നത്. പുകവലി ഈ പ്രക്രിയയുടെ വേഗത വര്‍ധിപ്പിക്കുന്നതായാണ് പഠനം വ്യക്തമാക്കുന്നത്. പുകവലിക്കാനുള്ള പ്രേരണ ജീനുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നും ഗവേഷകര്‍ വിശദമാക്കുന്നത്. പുകവലിക്കുന്നവരില്‍ പ്രായവുമായി ബന്ധപ്പെട്ട അല്‍ഷിമേഴ്സ് രോഗത്തിനും വിവേചന ശേഷി നഷ്ടമാവുന്നതിനും തലച്ചോറിന്റെ ഈ ചുരുങ്ങല്‍ കാരണമാകുന്നതായാണ് പഠനം വിശദമാക്കുന്നത്. ശ്വാസകോശത്തെയും ഹൃദയത്തെയും മാത്രമല്ല തലച്ചോറിനും പുകവലി സൃഷ്ടിക്കുന്നത് ഗുരുതര പ്രതിസന്ധിയെന്നാണ് പഠനം വിശദമാക്കുന്നത്. പുകവലി ഉപേക്ഷിക്കുന്നത് തലച്ചോറിനെ പഴയ സ്ഥിതിയിലേക്ക് എത്തിക്കാന്‍ സഹായിക്കില്ലെങ്കിലും തുടര്‍ന്ന് നഷ്ടമുണ്ടാകുന്നത് തടയുമെന്നും ഗവേഷക വിശദമാക്കുന്നു. ഗ്ലോബല്‍ ഓപണ്‍ സയന്‍സിന്റെ ബയോളജിക്കല്‍ സൈക്യാട്രി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുകവലി തലച്ചോറിന് അകാല വാര്‍ദ്ധക്യം ഉണ്ടാക്കുന്നു
