ദുല്‍ഖര്‍ സല്‍മാനെ പാന്‍ ഇന്ത്യന്‍ താരമായി ഉയര്‍ത്തിയതില്‍ വലിയ പങ്കുവഹിച്ച സിനിമകളില്‍ ഒന്നാണ് ‘സീതാ രാമം’. വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ഈ ചിത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ഈ പ്രണയകാവ്യം വീണ്ടും തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. സീതാ രാമം വീണ്ടും തിയറ്ററില്‍ റിലീസ് ചെയ്യാന്‍ പോകുന്നുവെന്ന വിവരം ദുല്‍ഖര്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനത്തില്‍ ആണ് ചിത്രം വീണ്ടും റി-റിലീസ് ചെയ്യുന്നത്. ‘സിനിമാശാലകളില്‍ ഈ ഇതിഹാസ പ്രണയകഥ ആസ്വദിക്കൂ’, എന്നാണ് ദുല്‍ഖര്‍ കുറിക്കുന്നത്. 2022 ഓഗസ്റ്റ് 5ന് ആണ് സീതാ രാമം റിലീസ് ചെയ്തത്. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തത്. സീതയുടെയും റാമിന്റെയും പ്രണയം പറഞ്ഞ ചിത്രം ബോക്സ് ഓഫീസില്‍ മാത്രമല്ല, പ്രേക്ഷക ഹൃദയങ്ങളും കീഴടക്കിയിരുന്നു. ‘ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചത്. സീതയായി എത്തിയത് മൃണാള്‍ താക്കൂര്‍ ആണ്. രശ്മിക മന്ദാന, സുമന്ത് എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. എന്റര്ടെയ്ന്മെന്റ് സൈറ്റായ കോയ്മോയിയുടെ റിപ്പോര്‍ട്ട് പ്രകാരം സീതാ രാമം ആകെ നേടിയ ബോക്സ് ഓഫീസ് കളക്ഷന്‍ 94.28 കോടിയാണ്. ഇന്ത്യയിലെ നെറ്റ് കളക്ഷന്‍ 65.49 കോടിയും. എന്നാല്‍ സീതാ രാമം നേടിയ ബിസിനസ് 100കോടിയ്ക്ക് മേല്‍ വരുമെന്നും ഇവര്‍ പറയുന്നുണ്ട്.
‘സീതാ രാമം’ ഫെബ്രുവരി 14ന് വീണ്ടും റിലീസ്
