മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് കേന്ദ്ര ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം നടത്തുന്നത്. ഇതിനെതിരെ സിഎംആർഎല്ലാണ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. ഇന്നാണ് ഹർജിയിൽ ദില്ലി ഹൈക്കോടതി വിശദമായ വാദം കേട്ടത്. ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആർഎൽ പണം നല്‍കിയോയെന്ന് സംശയമുണ്ടെന്ന് എസ്എഫ്ഐഒ അറിയിച്ചു. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും ദില്ലി ഹൈക്കോടതിയിൽ കേന്ദ്ര ഏജൻസിയുടെ അഭിഭാഷകൻ പറഞ്ഞു. എക്സാലോജിക് –സിഎംആർഎൽ ദുരൂഹ ഇടപാടില്‍ അന്വേഷണം പൂര്‍ത്തിയായെന്നും എസ്എഫ്ഐഒ കോടതിയെ അറിയിച്ചു. കാലിതീറ്റ കുംഭകോണ കേസിലെ പോലെയാണ് വ്യാജ ബില്ലുകളുടെ അടിസ്ഥാനത്തിൽ പണം നല്‍കിയതെന്നും എസ്എഫ്ഐഒ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കേസിൽ ഈ മാസം 23 ന് വീണ്ടും വാദം തുടരും.
ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആർഎൽ പണം നല്‍കിയോയെന്ന് സംശയമുണ്ടെന്ന് എസ്എഫ്ഐഒ.
