സജിന്‍ ഗോപു നായകനാകുന്ന ‘പൈങ്കിളി’യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനശ്വര രാജനാണ് നായികയായി എത്തുന്നത്. സജിന്‍ ഗോപുവിന്റെ വിവിധ ഭാവങ്ങളാണ് പോസ്റ്ററില്‍. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്സിന്റെയും അര്‍ബന്‍ ആനിമലിന്റേയും ബാനറില്‍ ഫഹദ് ഫാസില്‍, ജിത്തു മാധവന് എന്നിവര്‍ ചേര്‍ന്നാണ് പൈങ്കിളിയുടെ നിര്‍മാണം. ജിത്തു മാധവന് തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നതും. നിന്റെ ചെവിയിലെ കടി മാറ്റിയ തൂവല്‍ ഒരിക്കല്‍ ഒരു പൈങ്കിളിയുടെ ഹൃദയത്തിനോരത്ത് വളര്‍ന്നതാണെന്ന് മറക്കരുതേ മനുഷ്യാ- എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. ‘ആവേശം’ സിനിമയില്‍ അമ്പാന്‍ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെച്ച സജിന്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണ് പൈങ്കിളി. ചന്തു സലിംകുമാര്‍, അബു സലിം, ജിസ്മ വിമല്‍, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാന്, അശ്വതി ബി, അമ്പിളി അയ്യപ്പന്, പ്രമോദ് ഉപ്പു, അല്ലുപ്പന്‍, ശാരദാമ്മ, വിജയ് ജേക്കബ്, തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഫെബ്രുവരി 14ന് ചിത്രം തിയറ്ററുകളിലെത്തും.
‘പൈങ്കിളി’യുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍
