ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി ഫെബ്രുവരിയെ അപേക്ഷിച്ച് മാര്‍ച്ചില്‍ 90% വര്‍ധിച്ചു. 10.42 ലക്ഷത്തില്‍ നിന്ന് 19.75 ലക്ഷം ബാരലായാണ് വര്‍ധന. ഇന്ത്യയിലേക്ക് ഏറ്റവുമധികം എണ്ണ എത്തിക്കുന്ന രാജ്യമെന്ന നേട്ടം റഷ്യ മാര്‍ച്ചിലും നിലനിര്‍ത്തി. 5.72 ലക്ഷം ബാരലുമായി സൗദി അറേബ്യയാണ് രണ്ടാമത്. മൂന്നാംസ്ഥാനം ആഫ്രിക്കന്‍ രാജ്യമായ അംഗോള സ്വന്തമാക്കി. 3.27 ലക്ഷം ബാരലാണ് അംഗോളയില്‍ നിന്നെത്തിയത്. കഴിഞ്ഞമാസം വര്‍ധന കുറിച്ചത് റഷ്യയും അംഗോളയും മാത്രം. ഇറാഖ്, യുഎഇ, യുഎസ്, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞു. ഇന്ത്യയുടെ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതി കഴിഞ്ഞമാസം 15% താഴ്ന്നിട്ടുണ്ട്. ഖത്തറില്‍ നിന്നായിരുന്നു ഇന്ത്യ കൂടുതലും എല്‍എന്‍ജി വാങ്ങിയിരുന്നത്. എന്നാല്‍ പുതിയ സ്രോതസുകളായ യുഎസ്, ഒമാന്‍, നൈജീരിയ, അംഗോള എന്നിവിടങ്ങളില്‍ നിന്നുള്ള എല്‍എന്‍ജി ഇറക്കുമതി കഴിഞ്ഞമാസം വര്‍ധിച്ചു. എല്‍പിജി ഇറക്കുമതി മാര്‍ച്ചില്‍ 40% കുറഞ്ഞു.
