സംസ്ഥാനത്ത് ജുവലറികളില്‍ അക്ഷയതൃതീയയോട് അനുബന്ധിച്ച് പ്രത്യേക വ്യാപാരമാണ് നടക്കുന്നത്. രാവിലെ എട്ടുമണിയോടെ തന്നെ ജുവലറികള്‍ തുറന്നു. മിക്കയിടത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സ്വര്‍ണത്തിന്റെ വില ഇന്ന് കൂടാതിരുന്നതും വ്യാപാരത്തിന് ഊര്‍ജ്ജമായിട്ടുണ്ട്. ഒരു ഗ്രാം സ്വര്‍ണത്തിന് 8,980 രൂപയാണ് ഇന്നത്തെ വില. പവന് വില 71,840 രൂപയും. വെള്ളിവില 109 രൂപയില്‍ തുടരുന്നു. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് 7,395 രൂപയാണ്. സ്വര്‍ണവ്യാപാരത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒരു ദിനമാണ് അക്ഷയതൃതീയ. സര്‍വൈശ്വര്യത്തിന്റെ ദിനമായി വിശ്വാസികള്‍ കണക്കാക്കപ്പെടുന്ന ഈ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഏറെ ശുഭകരമായി വിശ്വാസികള്‍ കരുതുന്നു. അത് കൊണ്ട് തന്നെ സ്വര്‍ണത്തെ സംബന്ധിച്ച് വലിയ ബിസിനസ് നടക്കുന്ന ദിനം കൂടിയാണ് ഇത്. സാധാരണ ദിവസങ്ങളില്‍ കേരളത്തിലെ സ്വര്‍ണ വില്പന 200-300 കോടിക്ക് അടുത്താണ്. അക്ഷയതൃതീയ ദിനത്തില്‍ ഇത് 1,000 കോടിക്ക് മുകളിലും. ജുവലറികള്‍ അക്ഷയതൃതീയ ലക്ഷ്യമിട്ട് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വില്പനയില് 20 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.
അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങാന്‍ തിരക്ക്
