പ്രതിദിനം യാത്ര ചെയ്യുന്നത് ശരാശരി ഒരു ലക്ഷം പേര് എന്ന നാഴികക്കല്ലിലേക്ക് അടുക്കുന്ന കൊച്ചി മെട്രോയുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്. ജനങ്ങളുടെ ഇടയില്‍ കൊച്ചി മെട്രോ ഉണ്ടാക്കിയ സ്വാധീനം ഓരോ സ്റ്റേഷനുകള്‍ക്കും പേരിടാന്‍ കമ്പനികള്‍ മത്സരിക്കുന്നതില്‍ നിന്ന് വ്യക്തമാണ്. വാസ്തവത്തില്‍, ആലുവ-തൃപ്പൂണിത്തുറ റൂട്ടിലെ 25 മെട്രോ സ്റ്റേഷനുകളില്‍ 18 എണ്ണത്തിന്റെയും പേരിന്റെ അവകാശം കമ്പനികള്‍ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. ശേഷിക്കുന്ന ഏഴ് സ്റ്റേഷനുകള്‍ ഏറ്റെടുക്കലിന്റെ വക്കിലാണ്. കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന തൃപ്പൂണിത്തുറ ടെര്‍മിനല്‍, എറണാകുളം സൗത്ത്, എംജി റോഡ്, വൈറ്റില, കലൂര്‍, മഹാരാജാസ് കോളേജ്, കടവന്ത്ര എന്നിവ കോ-ബ്രാന്‍ഡിങ്ങിനായി തുറന്നിരിക്കുകയാണ്. ഇതില്‍, എറണാകുളം സൗത്തിന് പ്രതിവര്‍ഷം 52 ലക്ഷം രൂപയും എംജി റോഡ്, വൈറ്റില, കലൂര്‍, മഹാരാജാസ് കോളേജ് എന്നിവയ്ക്ക് 42 ലക്ഷം രൂപയും കടവന്ത്രയ്ക്ക് 37 ലക്ഷം രൂപയും തൃപ്പൂണിത്തുറ ടെര്‍മിനലിന് 30 ലക്ഷം രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ട്രെയിനുകള്‍ക്കുള്ളിലെ അനൗണ്‍സ്മെന്റ് വഴി ഒരു ദിവസം കുറഞ്ഞത് 480 തവണയെങ്കിലും കോ-ബ്രാന്‍ഡിങ് പേരുകള്‍ ഉപയോഗിച്ച് സ്റ്റേഷനുകളെ തിരിച്ചറിയാന്‍ സഹായിക്കുന്നുണ്ട്.
എറണാകുളം സൗത്തിന് 52 ലക്ഷം രൂപ!
