റിമ കല്ലിങ്കല്‍ നായികയായ ‘തിയേറ്റര്‍’ എന്ന ചിത്രത്തിന് രാജ്യാന്തര പുരസ്‌കാരം. റഷ്യയിലെ പ്സ്‌കോവില്‍ ലോക്കല്‍ ഗവണ്‍മെന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഏഴാമത് ഗേറ്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്റര്‍നാഷണല്‍ മത്സരവിഭാഗത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഗ്രാന്‍ഡ് പ്രീ അവാര്‍ഡ് ആണ് ചിത്രം നേടിയത്. സജിന്‍ ബാബുവാണ് ചിത്രത്തിന്റെ സംവിധാനം. സോഷ്യല്‍ മീഡിയയിലൂടെ സജിന്‍ തന്നെയാണ് ഈ വിവരം പങ്കുവച്ചത്. ഇന്ത്യയില്‍ നിന്നും മത്സര വിഭാഗത്തില്‍ തിരഞ്ഞെടുത്ത ഏക ചിത്രമായിരുന്നു തിയേറ്റര്‍. ഇന്ത്യ, കസാക്കിസ്ഥാന്‍, ബെല്‍ജിയം, ചൈന, താജിക്കിസ്ഥാന്‍, ഹംഗറി, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ചിത്രങ്ങളോട് മത്സരിച്ചാണ് ഈ ചിത്രം വിജയിച്ചത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറിയും, പ്രേക്ഷക വോട്ടിലൂടെയുമാണ് ഫെസ്റ്റിവലിന്റെ ഗ്രാന്‍ഡ് പ്രിക്സ് വിജയിയെ നിര്‍ണ്ണയിക്കുന്നത്.
