വയനാട്ടിലെ ദുരിതബാധിതർക്കുളള സർക്കാരിന്റെ അടിയന്തിര ധനസഹായം അക്കൗണ്ടിൽ വന്നതിന് പിന്നാലെ വായ്പാ ഇഎംഐ പിടിച്ച സംഭവത്തിൽ കേരളാ ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം. യുവജന സംഘടനകളായ ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ് ,യൂത്ത് ലീഗ്, യുവമോർച്ച അടക്കം സംഘടനകളാണ് ബാങ്കിന് മുന്നിൽ പ്രതിഷേധിക്കുന്നത്. കൽപ്പറ്റയിലെ ഗ്രാമീണ ബാങ്കിന്റെ റീജിയണൽ ഓഫീസിലേക്ക് പ്രതിഷേധക്കാർ അതിക്രമിച്ച് കയറിയതോടെ സ്ഥലത്ത് വൻ തോതിൽ പൊലീസ് സംഘത്തെ വിന്യസിച്ചു. ദുരിത ബാധിതരുടെ പണം അക്കൗണ്ടിൽ നിന്നും പിടിച്ച ബാങ്ക് മാനേജർ മാപ്പ് പറയണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. അതുണ്ടായില്ലെങ്കിൽ ബാങ്കിനെതിരെ ക്യാമ്പയിൻ നടത്തുമെന്നും, പൊതുസമൂഹത്തോട് ബാങ്കിന് കടപ്പാടില്ലേയെന്നും ഡിവൈഎഫ്ഐ ചോദിച്ചു.
കേരളാ ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം
