പ്രമുഖ ഹോസ്പിറ്റാലിറ്റി സ്റ്റാര്‍ട്ടപ്പായ ഓയോ റൂംസ് ചരിത്രത്തിലാദ്യമായി ലാഭത്തിലെത്തി. 2023-24 സാമ്പത്തികവര്‍ഷം 100 കോടി രൂപ ലാഭം രേഖപ്പെടുത്തിയെന്ന് സി.ഒ.ഒയും സ്ഥാപകനുമായ റിതേഷ് അഗര്‍വാള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. കമ്പനി ഔദ്യോഗികമായി കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. 2012ല്‍ ചെറിയൊരു സ്റ്റാര്‍ട്ടപ്പ് കമ്പനിയായി തുടങ്ങിയ ഓയോ ഇടയ്ക്ക് വലിയ പ്രതിസന്ധികളിലൂടെ കടന്നുപോയിരുന്നു. 2019-20ല്‍ 13,168 കോടി രൂപ വരുമാനം നേടിയശേഷം പിന്നിടുള്ള വര്‍ഷങ്ങളിലെല്ലാം ഓയോ ഹോംസിന്റെ വിപണിവിഹിതം കുറയുന്നതാണ് കണ്ടത്. ചെലവുകള്‍ പരമാവധി വെട്ടിക്കുറച്ചും പുതിയ നിയമനങ്ങള്‍ കാര്യമായി നടത്താതെയുമാണ് കമ്പനി പിടിച്ചു നിന്നത്. 2023-24 സാമ്പത്തികവര്‍ഷം 5,800 കോടി രൂപയാണ് കമ്പനിയുടെ വരുമാനമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൊട്ടുമുമ്പത്തെ സമാന കാലയളവില്‍ 5,464 കോടി രൂപയായിരുന്നു വരുമാനം. നഷ്ടം 1,287 കോടി രൂപയും. ജപ്പാനീസ് നിക്ഷേപക കമ്പനിയായ സോഫ്റ്റ്ബാങ്കിന്റെ പിന്തുണയോടെ ആരംഭിച്ച ഓയോയ്ക്ക് ഗുണംചെയ്തത് ഇന്ത്യക്കാരുടെ യാത്ര അഭിരുചിയില്‍ വന്ന മാറ്റങ്ങള്‍ കൂടിയാണ്. ആളുകള്‍ കൂടുതലായി യാത്ര ചെയ്യാനാരംഭിച്ചതോടെ ഓയോ വഴിയുള്ള ബുക്കിംഗും വര്‍ധിച്ചു.
ഓയോ റൂംസ് ചരിത്രത്തിലാദ്യമായി ലാഭത്തില്‍
