ദില്ലിയിലെ ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ ധന സഹായം പ്രഖ്യാപിച്ച് ദില്ലി സർക്കാർ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ നൽകും. അംഗവൈകല്യം സംഭവിച്ചവർക്ക് അഞ്ച് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നൽകും. ദില്ലി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി.മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നവയിൽ ചിലത് മൃതദേഹ ഭാഗങ്ങൾ മാത്രമാണ്. ഇവ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന അടക്കം നടത്തേണ്ടി വരും.
ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിന് നിർദേശം നൽകിയത് ജയ്ഷെ മുഹമ്മദ് ആണെന്ന് സൂചന. ദില്ലിയിലെ പ്രധാന സ്ഥലത്ത് സ്ഫോടനം നടത്തണമെന്ന നിർദേശം ജയ്ഷെ മുഹമ്മദിൽ നിന്നും ഈ സംഘത്തിന് കിട്ടിയിരുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന സൂചന. സ്ഫോടനം ഉണ്ടായതിനെ തുടർന്ന് പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിൽ നിന്നുമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്.
കഴിഞ്ഞ ദിവസം ഫരീദാബാദിൽ ആയുധങ്ങളുമായി അറസ്റ്റിലായ വനിതാ ഡോക്ടർ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ (ജെഎം) വനിതാ വിഭാഗവുമായി ബന്ധമുണ്ടെന്ന് ദില്ലി പൊലീസ്. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനുള്ള ചുമതല ഇവർക്ക് നൽകിയിരുന്നതായി ദില്ലി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ശബരിമല സ്വർണപ്പാളി കേസിൽ മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം ബോർഡ് പ്രസിഡൻ്റുമായിരുന്ന എൻ. വാസു റിമാൻഡിൽ. കേസിലെ മൂന്നാം പ്രതിയായ വാസുവിനെ പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി നവംബർ 24 വരെയാണ് റിമാൻഡ് ചെയ്തത്. വാസുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
മുന്‍ ദേവസ്വം കമ്മീഷണര്‍ എൻ വാസു അറസ്റ്റിലായതോടെ ശബരിമല സ്വര്‍ണക്കൊള്ളയില്‍ സിപിഎം നേതൃത്വത്തിന്റെ പങ്ക് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വർണക്കൊള്ളയിൽ മുന്‍ ദേവസ്വം മന്ത്രിയെയും നിലവിലെ ദേവസ്വം മന്ത്രിയെയും പ്രതികളാക്കണമെന്നും വിഡി സതീശൻ പറഞ്ഞു. സ്വര്‍ണക്കൊള്ളയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും പി എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡിനെ ചവിട്ടി പുറത്താക്കണമെന്നും പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സന്നിധാനത്തെ പുതിയ പൊലീസ് കൺട്രോളറുടെ നിയമനത്തിൽ ഉദ്യോഗസ്ഥനെപ്പറ്റിയുള്ള സമഗ്രമായ റിപ്പോർട്ട് തേടി ഹൈക്കോടതി. ഉദ്യോഗസ്ഥന്റെ സർവീസ് കാലയളവിലെ മികവ്, സ്വഭാവം, അച്ചടക്ക നടപടി നേരിട്ടിട്ടുണ്ടോ തുടങ്ങിയ വിശദാംശങ്ങൾ അടങ്ങിയതായിരിക്കണം റിപ്പോർട്ട്. പുതിയതായി നിയമിച്ച ആർ കൃഷ്ണകുമാറിന്റെ വിവരങ്ങളാണ് ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടത്.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഈ സർക്കാരിന്റെ മൂന്നാം ഭരണത്തിലേക്കുള്ള കാൽവെപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വളരെ വ്യക്തമായ കാഴ്ചപ്പാടോട് കൂടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പിൽ ചരിത്ര ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിക്കും എന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി കോർപറേഷനിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്. യുവത്വത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് ഇത്തവണ യുഡിഎഫ് മത്സര രംഗത്തേക്കിറങ്ങുന്നത്. നാല്പത് ഡിവിഷനുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് ഇന്ന് യുഡിഎഫ് പ്രസിദ്ധീകരിച്ചത്.മൂന്ന് ജനറൽ സീറ്റുകളിലടക്കം 22 ഡിവിഷനുകളിൽ സ്ത്രീകളെയാണ് യുഡിഎഫ്… മത്സരത്തിനിറക്കുന്നത്.
തന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന് ഇടയാക്കിയ വാര്‍ത്ത ബോധപൂര്‍വം സൃഷ്ടിച്ചതാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ ഇ.പി.ജയരാജന്‍. തെറ്റുപറ്റിയെന്ന് പ്രസാധകര്‍തന്നെ പറഞ്ഞു. സംഭവത്തിന് കാരണക്കാരനായ വ്യക്തിയെ ഓഫീസില്‍നിന്ന് പുറത്താക്കിയതായും പ്രസാധകര്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തുടര്‍നടപടിക്ക് പോകുന്നില്ലെന്നും ഇ.പി. പറഞ്ഞു.
വിവരാവകാശ അപേക്ഷകളില്‍ രേഖകളുടെ പകര്‍പ്പ് ലഭിക്കുന്നതിന് ഫീസ് അടക്കാന്‍ വ്യക്തമായ അറിയിപ്പ് നിശ്ചിത സമയത്തിനകം നല്‍കിയില്ലെങ്കില്‍ രേഖകള്‍ സൗജന്യമായി നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടികെ രാമകൃഷ്ണന്‍. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെരുമ്പാവൂർ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ മോഷണം. സ്കൂളിലെ ഓഫീസ് മുറികളുടെ വാതിൽ തകർത്താണ് മോഷണം നടത്തിയത്. ഹെഡ്മാസ്റ്ററുടെ മുറിയുടെയും സ്റ്റാഫ് റൂമിന്റെയും വാതിലുകളാണ് തകർത്തത്. ഹെഡ്മാസ്റ്ററുടെ മുറിയിൽ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 3600 രൂപ മോഷ്ടാവ് കവർന്നു. സ്കൂൾ ബസ്സുകൾക്ക് ഡീസൽ അടിക്കുന്നതിനുവേണ്ടി സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ തെരുവ് നായ ആക്രമണത്തിൽ മാനുകൾ ചത്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വനംമന്ത്രി എകെ ശശീന്ദ്രൻ. അന്വേഷണത്തിന് വനംമന്ത്രി സമിതി രൂപീകരിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ, വനം വിജിലൻസ് വിഭാഗം സിസിഎഫ് ജോർജി പി മാത്തച്ചൻ, ചീഫ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. അരുൺ സക്കറിയ എന്നിവരാണ് അംഗങ്ങൾ.
കണ്ണൂർ കോർപ്പറേഷൻ സീറ്റ് വിഭജനത്തിൽ കോൺഗ്രസിന് ചെക്ക് വച്ച് ലീഗ്. വാരം ഡിവിഷൻ വാഗ്ദാനം ചെയ്തുള്ള മുൻ ഡിസിസി അധ്യക്ഷന്റെ കത്ത് ലീഗ് പുറത്ത് വിട്ടു. അധിക സീറ്റുകൾ വേണമെന്ന് ആവശ്യത്തിൽ ലീഗ് കടുംപിടുത്തം തുടർന്നതോടെ സീറ്റ് വിഭജനം പൂർത്തിയായില്ല. ഇതിനിടെയാണ് മുൻ ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനിയുടെ കയ്യൊപ്പോട് കൂടിയ കത്ത് ലീഗ് നേതൃത്വം പുറത്തുവിട്ടത്. വാരം ഡിവിഷൻ നൽകുമ്പോൾ തത്തുല്യമായ സീറ്റ് പകരം തരണമെന്ന് കത്തിൽ ഉണ്ടെന്ന് കോൺഗ്രസും പറയുന്നു.
കോഴിക്കോട് കോർപറേഷനിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. 45 വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. കാരപ്പറമ്പിൽ നവ്യ ഹരിദാസ് സ്ഥാനാർത്ഥിയാകും. രണ്ട് വട്ടം കൗൺസിലറായ നവ്യ വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്കയ്ക്കെതിരെ സ്ഥാനാർത്ഥിയായിരുന്നു.
കൊല്ലം കോർപ്പറേഷനിൽ എൻഡിഎ ആദ്യ ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 21 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന വക്താവ് കേണൽ എസ്.ഡിന്നി വടക്കേവിളയിൽ മത്സരിക്കും. രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.
ബിഹാറിൽ രണ്ടാംഘട്ട പോളിംഗ് അവസാനിച്ചതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയ്ക്ക് അധികാരത്തുടർച്ചയാണ് പ്രവചിക്കുന്നത്. പീപ്പിൾസ് പൾസിന്റെ സർവ്വേ പ്രകാരം ബിഹാറിൽ എൻഡിഎയ്ക്ക് അധികാരത്തുടർച്ചയുണ്ടാകുമെന്നാണ് റിപ്പോർട്ട്. എൻഡിഎക്ക് 46.2% വോട്ടുകൾ ലഭിക്കുമെന്നും 133-159 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നുമാണ് പ്രവചിക്കുന്നത്.
നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി. ചെന്നൈ ഇസിആറിലുള്ള വീട്ടിലാണ് ബോംബ് ഭീഷണി. പൊലീസ് ആസ്ഥാനത്തേക്കാണ് അജിത്തിന്റെ വീട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന തരത്തിലുള്ള ഇമെയിൽ സന്ദേശം ലഭിച്ചത്. സന്ദേശത്തെ തുടർന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും സംശയകരമായി ഒന്നും തന്നെ കണ്ടെത്താനായില്ല.
ചെങ്കോട്ട കാർ സ്ഫോടനം പാകിസ്ഥാനിലെ പ്രമുഖ ദിനപ്പത്രങ്ങളും ടെലിവിഷൻ ചാനലുകളും വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തിൽ ഒമ്പത് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഭീകരവിരുദ്ധ നിയമപ്രകാരമാണ് സ്ഫോടനം അന്വേഷിക്കുന്നതെന്ന് പാകിസ്ഥാനിലെ പ്രമുഖ ദിനപത്രങ്ങളായ ഡോൺ, ജിയോ ന്യൂസ്, ദി എക്സ്പ്രസ് ട്രിബ്യൂൺ, ദി ന്യൂസ് ഇൻ്റർനാഷണൽ, പാകിസ്ഥാൻ ടുഡേ എന്നിവ റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ പ്രാദേശിക കോടതിക്ക് പുറത്ത് ഉഗ്രസ്ഫോടനം. സംഭവത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. കോടതിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും കോടതിയിൽ വാദം കേൾക്കാൻ എത്തിയവരാണ്.
ഡല്‍ഹി സ്‌ഫോടനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെയ്ക്കണമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി തിരഞ്ഞെടുപ്പ് തിരക്കുകളിലാണെന്നും അദ്ദേഹം ആരോപിച്ചു.
