പഹൽഗാം ഭീകരാക്രമണത്തിന്‍റെയും ഓപ്പറേഷൻ സിന്ദൂറിന്‍റെയും പശ്ചാത്തലത്തിൽ ശക്തമായ ഇന്ത്യ – പാകിസ്ഥാൻ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് 3 ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.ഭീകരതയെക്കുറിച്ചുളള പാകിസ്ഥാന്‍റെ പ്രസ്താവന നിങ്ങള്‍ വിശ്വസിച്ചതെന്തിന്? അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മുന്നില്‍ തലകുനിച്ച് നിങ്ങള്‍ രാജ്യതാത്പര്യം ബലികഴിച്ചതെന്തിന്? നിങ്ങളുടെ രക്തം ക്യാമറകള്‍ക്ക് മുന്നില്‍ മാത്രം തിളയ്ക്കുന്നത് എന്തിന്? എന്നീ ചോദ്യങ്ങളാണ് രാഹുൽ ഉന്നയിച്ചത്. പൊള്ളയായ പ്രസംഗങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ അഭിമാനം മോദി അപകടത്തിലാക്കിയെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയിൽ വെച്ച് മാനസിക പീഡനത്തിനിരയാക്കിയ സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരൻ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷൻ്റെ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥൻ അന്വേഷിക്കുന്നത്. സ്വർണം വീട്ടിൽ നിന്നും മാറ്റിയത് തൽക്കാലം അന്വേഷിക്കില്ല. സംഭവത്തിൽ എഎസ്ഐ പ്രസന്നനെ സസ്പെൻഡ് ചെയ്തു.
ദേശീയപാത 66ൽ മലപ്പുറം മൂരിയാട് അടക്കം നിര്‍മാണത്തിനിടെയുണ്ടായ തകര്‍ച്ചയിൽ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാത നിര്‍മാണത്തിന്‍റെ പൂര്‍ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്ത് പറഞ്ഞു. ഇപ്പോൾ നാഷണൽ ഹൈവേയിലെ നിർമ്മാണത്തിൽ ചില പിഴവുകൾ വന്നു. അതോടെ അതിനെ വിമര്‍ശിച്ച് ചിലർ രംഗത്ത് വന്നിട്ടുണ്ട്.ദേശീയപാതയുടെ ‘അ’ മുതല്‍ ‘ക്ഷ’ വരെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ദേശീയ പാത അതോറിറ്റിയാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവര്‍ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മലപ്പുറം കൂരിയാട് ദേശീയപാത നിര്‍മാണത്തിനിടെയുണ്ടായ തകര്‍ച്ചയിൽ വീഴ്ച സമ്മതിച്ച് നിര്‍മാണ കമ്പനിയായ കെഎൻആര്‍സി. കൂരിയാട് ദേശീയപാത ഡിസൈനിൽ പാളിച്ച വന്നെന്ന് കെഎൻആര്‍ കണ്‍സ്ട്രക്ഷൻസ് അധികൃതര്‍ സമ്മതിച്ചു. വേനൽക്കാലത്താണ് ഈ റോഡിന്‍റെ ഫൗണ്ടേഷൻ പണികൾ നടന്നതെന്നും ആര്‍ഇ വാൾ തകർന്ന് വീണ 250 മീറ്റർ ഭാഗത്ത് ഡിസൈൻ പാളിച്ച വന്നിട്ടുണ്ടെന്നും കെഎൻആര്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഡി പറഞ്ഞു.
മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ അറിയിച്ചു. വിഷയത്തിൽ ശക്തമായ നടപടികൾ എത്രയും വേഗത്തിൽ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ദേശീയപാത നിർമാണത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും മലപ്പുറത്ത് ദേശീയ പാത തകർന്ന സംഭവത്തിന്റെ കാരണങ്ങൾ പഠിക്കാൻ ഉന്നതതല വിദഗ്ധ സമിതി രൂപീകരിച്ചതായും നിതിൻ ഗഡ്കരി രാജീവ് ചന്ദ്രശേഖറിനെ അറിയിച്ചു.
തിരുവനന്തപുരം മേഖല യൂണിയനിൽ മിൽമ ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടരും. ഇന്ന് മിൽമ ചെയർമാനുമായി സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ ചർച്ച തീരുമാനിച്ചിരുന്നെങ്കിലും നടന്നില്ല. രാവിലെ ആറുമണിമുതലാണ് സമരം ആരംഭിച്ചത്. സമരത്തെത്തുടർന്ന് തിരുവനന്തപുരം മിൽമ മേഖലക്ക് കീഴിലുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ മിൽമ പാൽ വിതരണം തടസ്സപ്പെട്ടു.
2025-26 അധ്യായന വര്‍ഷത്തെ പ്ലസ് വണ്‍ സ്‌പോര്‍ട്സ് ക്വാട്ട ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ മെയ് 23 മുതല്‍ ആരംഭിക്കും. 2023 ഏപ്രില്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകളാണ് സ്‌പോര്‍ട്സ് ക്വാട്ടയ്ക്ക് പരിഗണിക്കുക. വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ HSCAP GATE WAY എന്ന ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ നല്‍കി സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ alpydsc2025@gmail.com എന്ന ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്‍റെ മെയില്‍ ഐഡിയിലേയ്ക്ക് അയക്കണം.
വയറിലെ അകഭിത്തിയില്‍ പടരുന്ന കാന്‍സറിന് നൂതന ശസ്ത്രക്രിയ നടത്തി കോട്ടയം മെഡിക്കല്‍ കോളേജ്. സൈറ്റോ റിഡക്ഷന്‍ ഹൈപെക് രീതിയാണ് മെഡിക്കല്‍ കോളേജില്‍ പുതിയതായി ആരംഭിച്ചത്. നൂതന ചികിത്സ നടപ്പിലാക്കിയ കോട്ടയം മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
17 കാരിയെ പെട്രോളൊഴിച്ച് തീവെച്ചു കൊലപ്പെടുത്തിയ കേസില്‍ വിധി നാളെ. പത്തനംതിട്ട കടമ്മനിട്ട സ്വദേശിനി പ്ലസ് ടൂ വിദ്യാര്‍ത്ഥിനി ശാരിക കൊല്ലപ്പെട്ട കേസില്‍, മുന്‍ സുഹൃത്ത് സജിലാണ് പ്രതി. അഡി. ജില്ലാ കോടതി – ഒന്ന് ആണ് കേസില്‍ വിധി പറയുക. 2017 ജൂലൈ 14നു വൈകുന്നേരമായിരുന്നു കേസിന് ആസ്പദമായ സംഭവം.
ആലുവയിൽ അമ്മ പുഴയിൽ എറിഞ്ഞു കൊന്ന നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതി റിമാൻഡിൽ. പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി. കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവിനെ പോക്സോ കുറ്റം ചുമത്തിയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ കേസിൽ ബലാത്സംഗം, അടുത്ത ബന്ധുവിൽ നിന്ന് നേരിടുന്ന ലൈംഗിക ചൂഷണത്തിന് ചേർക്കുന്ന വകുപ്പ് എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുഞ്ഞിന്റെ വീട്ടിൽ ഫോറൻസിക്ക് സംഘം പരിശോധനയും പൂർത്തിയാക്കി.
കഞ്ചാവ് കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച പത്തനംതിട്ട വരയന്നൂരിലെ സുരേഷിന്‍റെ ദുരൂഹമരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. പൊലീസ് സംശയനിഴലിൽ നിൽക്കുന്ന സാഹചര്യത്തിലാണ് 14 അംഗം സംഘത്തെ നിയോഗിച്ചുള്ള ഉന്നതതല അന്വേഷണം. എന്നാൽ, അഡീഷണൽ എസ്പി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കേസിൽ ദുരൂഹതയില്ലെന്നാണ് കണ്ടെത്തിയത്.
രാമങ്കരിയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്ന സംഭവത്തിന് പിന്നിലെ കാരണം സംശയമെന്ന് പൊലീസ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കണ്ട് വീട്ടില്‍ മടങ്ങിയെത്തിയ വിദ്യയെ (മതിമോള്‍ 42) ഭര്‍ത്താവ് കുത്തിക്കൊല്ലുകയായിരുന്നു.മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും വിദ്യയുടെ മണലാടിയിലെ വീട്ടിലെത്തിച്ച് ഇന്നലെ വൈകിട്ടോടെ സംസ്‌കാരം നടത്തുകയുമായിരുന്നു.
പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയവർക്കെതിരെ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടന്നുവരുന്ന നടപടികളുടെ ഭാഗമായി ഒരാൾ കൂടി പിടിയിലായി. തുഫൈൽ എന്നയാളെയാണ് വരാണസിയിൽ നിന്ന് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. ഇയാൾ പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്നും നിർണായകമായ ചില വിവരങ്ങൾ വിദേശ ഏജന്റുമാർക്ക് കൈമാറിയെന്നും ആരോപിച്ചാണ് അധികൃതരുടെ നടപടി.
തെരഞ്ഞെടുപ്പ് സമഗ്രവും സുഗമവുമാക്കുന്നതിന് പുതിയ പരിഷ്കാരങ്ങള്‍ പരിചയപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 18 പുതിയ മാറ്റങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊണ്ടുവന്നിരിക്കുന്നത്. പോളിംഗ് സ്റ്റേഷനിൽ പരമാവധി വോട്ടർമാരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തിയത് മുതല്‍ ബയോമെട്രിക് അറ്റൻഡൻസ് സംവിധാനം നടപ്പിലാക്കുന്നതുള്‍പ്പെടെയാണ് മാറ്റങ്ങള്‍.
ചാരപ്രവൃത്തിക്ക് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പാക് ഇൻ്റ്ലിജൻസ് ഓപ്പറേറ്റീവുകളുമായി ബന്ധം പുലർത്തിയിരുന്നതായി ഹരിയാന പൊലീസ്. എന്നാൽ തീവ്രവാദ സംഘടനകളുമായി യൂട്യൂബര്‍ ബന്ധം പുലർത്തിയിരുന്നതായി വിവരമില്ലെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ ഉദ്ദേശം ജ്യോതി മൽഹോത്രയ്ക്ക് അറിവുണ്ടായിരുന്നിരിക്കില്ല എന്നാണ് പൊലീസിന്റെ നിഗമനം.
ജമ്മുകശ്മീരിൽ ഭീകരർക്കതിരെ നടപടി കടുപ്പിച്ച് ഓപ്പറേഷൻ ത്രാഷിയുമായി സുരക്ഷസേന. കിഷ്ത്വാറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. പരിക്കേറ്റ സൈനികൻ വീരമൃത്യു വരിച്ചു. അതേസമയം ജമ്മു കശ്മീരിലെ സുരക്ഷ വിലയിരുത്തിയ സൈന്യവും പൊലീസും രാജ്യവിരുദ്ധപ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് വേട്ടയെ ശക്തമായി അപലപിച്ച് സിപിഎം. ചർച്ചകൾക്കായുള്ള ആവർത്തിച്ചുള്ള മാവോയിസ്റ്റുകളുടെ അഭ്യർത്ഥന കേന്ദ്ര സർക്കാരും ബിജെപിയും അവഗണിക്കുന്നു. സംഭാഷണത്തിലൂടെ പരിഹാരം തേടേണ്ടതില്ലെന്ന് കേന്ദ്രം തീരുമാനിച്ചുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറയുന്നു. ഛത്തീസ്ഗഢിൽ 27 മാവോയിസ്റ്റുകളെ, അവരുടെ ജനറൽ സെക്രട്ടറി നമ്പാല കേശവറാവു ഉൾപ്പെടെവരെ ഏറ്റുമുട്ടൽ കൊല ചെയ്തതിനെ സിപിഎം ശക്തമായി അപലപിച്ചു.
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആഭ്യന്തര പദ്ധതികൾക്കുള്ള ധന വിനിയോഗ ബിൽ ജനപ്രതിനിധി സഭ പാസാക്കി. 215-214 എന്ന നേരിയ ഭൂരിപക്ഷത്തിലാണ് ബിൽ പാസായത്. ബില്ലിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് തന്നെ എതിർപ്പ് ഉയർന്നിരുന്നു. സമ്പന്നർക്ക് നികുതി ഇളവ് ലഭ്യമാക്കുന്ന ബില്ലിൽ സൈന്യത്തിനും അതിർത്തിയിലെ ആവശ്യങ്ങൾക്കും കൂടുതൽ പണം ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതേസമയം, ചെലവ് കുറയ്ക്കാൻ മെഡികെയ്‌ഡ്, ഭക്ഷണ സഹായ പദ്ധതികൾ, വിദ്യാഭ്യാസം, ശുദ്ധഊർജ പരിപാടികൾ തുടങ്ങിയവ വെട്ടിച്ചുരുക്കും.
ആക്സിയം 4 ദൗത്യം ജൂൺ 8 ന് തന്നെ തന്നെ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സമയം വൈകീട്ട് 6.41 നാണ് വിക്ഷേപണം നടക്കുക. ആക്സിയം സ്പേസിന്‍റെ ആഭ്യന്തര ഫ്ലൈറ്റ് റെഡിനസ് റിവ്യൂ പൂർത്തിയായി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു ഇന്ത്യക്കാരന്‍ ആദ്യമായി പോകുന്നു എന്ന പ്രത്യേകതയും ശുഭാംശു ശുക്ലയുടെ ആക്‌സിയം 4 യാത്രയ്ക്കുണ്ട്.
യു എസിലെ വാഷിംഗ്ടൺ ഡി സിയിൽ അക്രമി രണ്ട് ഇസ്രായേലി എംബസി ജീവനക്കാരെ വെടിവെച്ചുകൊന്നു. നഗരത്തിലെ ജൂത മ്യൂസിയത്തിനു സമീപത്തായിരുന്നു ആക്രമണം.ജൂതന്മാർക്കെതിരായ ഭീകരവാദത്തിന്റെ ഭാഗമായി നടന്ന അതിക്രമമാണിതെന്ന് ഇസ്രായേൽ പ്രതികരിച്ചു.
ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാരും സൈന്യവും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇടക്കാല സര്‍ക്കാരിന്റെ നയങ്ങളോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് സൈനിക മേധാവിയായ വക്കര്‍ ഉസ് സമന്‍. തിരഞ്ഞെടുപ്പ് നടത്താന്‍ യൂനുസ് സര്‍ക്കാര്‍ വൈകുന്നതും മ്യാന്‍മാറിലെ റാഖൈനില്‍ സഹായമെത്തിക്കാന്‍ ഇടനാഴി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമാണ് സൈനികമേധാവിയുടെ പരസ്യപ്രതികരണത്തിലേക്ക് നയിച്ചത്.
