സംസ്ഥാന പോലീസ് കംപ്ലയിന്‍റ് അതോറിറ്റിയിൽ സ്വതന്ത്ര ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസറെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്ത സർക്കാർ നടപടിക്കെതിരെ വീണ്ടും പൊതുതാൽപര്യ ഹർജി. അതോറിറ്റിയുടെ സുഗമമായ പ്രവർത്തനത്തിനും പോലീസിനെതിരായ പരാതികളിൽ വിശ്വസനീയമായ അന്വേഷണം ഉറപ്പാക്കാനും സ്വതന്ത്ര അന്വേഷണ ഉദ്യോഗസ്ഥൻ അനിവാര്യമാണെന്ന് ഹർജിയിൽ പറയുന്നു.
വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ ലൈഫ് ഫണ്ട് തട്ടിപ്പിന് രാഷ്ട്രീയ-ഉദ്യോഗസ്ഥ ഒത്താശയുണ്ടെന്ന സംശയത്തിൽ പൊലീസ്. തണ്ണിത്തോട്, സീതത്തോട് പഞ്ചായത്തുകളിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കളിലേക്ക് അന്വേഷണം നീളും. റിമാൻഡിലുള്ള റാണി ലക്ഷ്മിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ നിലപാട് വ്യക്തമാക്കി ജമാഅത്തെ ഇസ്ലാമി. നിലവിൽ നടക്കുന്നത് അനാവശ്യ ചർച്ചകളാണെന്നും കാന്തപുരത്തിൻ്റെ പ്രസ്താവനയെ മറയാക്കി ഇസ്‌ലാമിനെ പൈശ്ചികവൽക്കരിക്കാൻ ശ്രമം നടക്കുന്നുവെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബുറഹ്മാൻ പ്രതികരിച്ചു.
കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുജാഹിദ് വിദ്യാർത്ഥി വിഭാഗമായ ഐഎസ്എം രംഗത്ത്. സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണമെന്നും ഇത് വ്യക്തിപരമായ അവകാശലംഘനമാണെന്നും ഐഎസ്എം അഭിപ്രായപ്പെട്ടു.
കാന്തപുരം നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായ നിലപാടുമായി പാളയം ഇമാം . ഇസ്ലാമിൽ ലിംഗവിവേചനമില്ലെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് മതപ്രമാണങ്ങൾ എവിടെയും നിഷ്കർഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സംഘടനാ തലത്തിൽ സമഗ്ര മാറ്റവുമായി ബിജെപി. സംസ്ഥാനത്തെ രണ്ട് മേഖല ക്ലസ്റ്റർ ആക്കി വിഭജിച്ചു. വടക്കൻ മേഖല ചുമതല മുതിർന്ന നേതാവ് എംടി രമേശിനും തെക്കൻ മേഖല ചുമതല എസ് സുരേഷിനും നൽകി. ശോഭ സുരേന്ദ്രനെ ദേശീയ പ്രോഗ്രാം ഇൻ ചാർജ് ആയും ചുമതലപ്പെടുത്തി. അനൂപ് ആന്റണിയെ സംസ്ഥാന സെൽ പ്രഭാരിയായും നിയമിച്ചു.
മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ചേര്‍ന്നു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ അന്വേഷണ വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചയാണ് പ്രധാനമായും നടന്നത്. മുൻ കായിക മന്ത്രി വി അബ്ദുറഹ്മാന്‍റെ വഴിവിട്ട ഇടപെടലുകളും സ്പോൺസർക്ക് നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ കിട്ടിയതും ഉൾപ്പെടെ എസ്ഐടി അന്വേഷിക്കും.
ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് ശിക്ഷ ലഭിച്ചത് പാലായ്ക്ക് അപമാനമാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. എംഎൽഎ സ്ഥാനം രാജിവെക്കണോയെന്ന് കാപ്പൻ തീരുമാനിക്കണമെന്നും, വിഷയത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ഉത്തർപ്രദേശ്, ബിഹാർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഈ സാഹചര്യത്തിൽ ദില്ലിയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലി നഗര മേഖലയിൽ കനത്തമഴയ്ക്കൊപ്പം മിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഇന്ത്യൻ കരസേന, ജമ്മു കശ്മീർ പോലീസ്, ശ്രീനഗർ സെക്ടർ സിആർപിഎഫ് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരനെ വധിച്ചത്. ‘ഓപ്പറേഷൻ അഷ്ദർ’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണ്.
അപകടത്തില്‍പ്പെട്ട ഫുക്കറ്റ്–ദില്ലി വിമാനത്തിന്‍റെ പൈലറ്റ് ഇൻ കമാൻഡൻ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. അപകട സമയം പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നുവെന്ന് എയർക്രാഫ്റ്റ് അക്സിഡൻ്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിരുന്നു. വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനം ഒന്നിച്ച് നിലച്ചുവെന്ന റിപ്പോർട്ടുകളും അന്വേഷണ സംഘം ശരിവച്ചു.
ജന്തർ മന്തറിലെ സമരത്തിനിടെ ദലിത് ആക്ടിവിസ്റ്റ് നിഷുവിന്റെ പിതാവ് സഞ്ജയിനെ ക്രൂരമായി മർദ്ദിച്ചെന്ന് വെളിപ്പെടുത്തിയ തീവ്രഹിന്ദു സംഘടനയുടെ പ്രവർത്തകനായ സ്വതന്ത്ര ഭരദ്വാജിനെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. യുപിലെ ധമേര നൈര ഗ്രാമത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
അമേരിക്കൻ ആക്രമണം ശക്തമായതോടെ ഇറാൻ ഭരണകൂടം തകർച്ചയുടെ വക്കിലാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു. ഈ ഭീഷണി തുടച്ചുനീക്കാനും ഭരണകൂടത്തെ അട്ടിമറിക്കാനും ഇസ്രായേലിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നെതന്യാഹുവിന്റെ ഈ പരാമർശം.
ലേബർ ഡേ വാരാന്ത്യത്തിന് മുന്നോടിയായി അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു. വെള്ളിയാഴ്ച ഡീസൽ വില ഗാലന് 5.85 ഡോളറിലെത്തി പുതിയ ചരിത്ര റെക്കോർഡ് കുറിച്ചു. 2022 ജൂണിൽ കുറിച്ച 5.81 ഡോളർ എന്ന മുൻ റെക്കോർഡാണ് ഇതോടെ തിരുത്തിക്കുറിക്കപ്പെട്ടത്.
അമേരിക്കൻ തൊഴിൽ വിപണിയിൽ ഓഗസ്റ്റിൽ വൻ മുന്നേറ്റം. പ്രതീക്ഷകളെ മറികടന്ന് 1,62,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. റെസ്റ്റോറൻ്റ്, വിദ്യാഭ്യാസ മേഖലകളിലാണ് പ്രധാനമായും വളർച്ച രേഖപ്പെടുത്തിയത്.
