സംസ്ഥാനത്ത് നാളെയും അതിശക്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 7 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, കാസർകോട്ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (2026 ഓഗസ്റ്റ് 4, ചൊവ്വ) ജില്ലാ കളക്ടമാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾക്കും അവധി ബാധകമാണ്. ജില്ലകളിൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന പരീക്ഷകൾക്ക് മാറ്റമില്ല.
അവധി ദിവസം വെറുതെ കളയാതെ സർഗാത്മകമായി ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്ത് ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി നായർ. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ മഴയത്ത് പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ നിർദേശിച്ചു.
തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ അടിമുടി തിരുത്തിന് ലക്ഷ്യമിട്ടുള്ള സംസ്ഥാന സമിതിയുടെ വിപുലീകൃത യോഗത്തിനായുള്ള ഒരുക്കത്തിലേക്ക് കടന്ന് സി പി എം. പാർട്ടിയിൽ വലിയ തിരുത്തലുകളാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നതെന്നും പുതിയ ഊർജ്ജത്തോടെ സി പി എം തിരിച്ചുവരുമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.
ശബരിമലയിലെ നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ദേവസ്വം മന്ത്രി കെ മുരളീധരൻ ഉത്തരവിട്ടു. വിഷയത്തിൽ ദേവസ്വം സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഗുരുതരമായ കണ്ടെത്തലുകൾ പുറത്തുവന്നതിനെ തുടർന്ന് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് മിൽമയ്‌ക്കെതിരെ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മിൽമയുടെ ഉൽപ്പന്നങ്ങളിൽ യാതൊരു കൃത്രിമവും നടന്നിട്ടില്ലെന്നും ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി. മിൽമയുടെ നെയ്യ് വേണ്ടെന്ന് ദേവസ്വം ബോർഡ് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും, മറിച്ച് പുറമെ നിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്നാണ് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് പെയ്ത അതിതീവ്ര മഴയിൽ കെഎസ്ഇബിക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചെന്ന് പ്രാഥമിക വിലയിരുത്തൽ. 6.5 ലക്ഷത്തിലധികം ഉപഭോക്താക്കളെ ഇത് ബാധിച്ചുവെന്നും 2892 ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനം തടസ്സപ്പെട്ടുവെന്നും കെഎസ്ഇബി അറിയിച്ചു
പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ട വ്യാപാരികൾക്ക് അടിയന്തര സഹായം നൽകുന്നത് സർക്കാരിന്റെ പരിഗണനയിലാണെന്ന് തിരുവല്ല ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കവെ ചെന്നിത്തല വ്യക്തമാക്കി. നാശനഷ്ടങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അർഹതപ്പെട്ട ഫണ്ട് ലഭ്യമാക്കാൻ കേന്ദ്രത്തെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട് കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും കേരളത്തിന് നഷ്ടമായത് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു. ഇ. ശ്രീധരന്റെ പദ്ധതി തള്ളിയതും സിൽവർ ലൈനിനെ എതിർത്തതും കേന്ദ്രത്തിന് പദ്ധതികൾ റദ്ദാക്കാൻ അവസരമൊരുക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാർ ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശൻ ബന്ധുവിനെ സന്ദർശിച്ചെന്ന ആരോപണത്തില്‍ പരിഹാസവുമായി മുൻ മന്ത്രി പി രാജീവ്. ഗ്യാലറിയിൽ ഇരുന്നു പറയുന്ന പോലെ അല്ല കളത്തിൽ ഇറങ്ങി കളിക്കൽ എന്ന് ഇപ്പോൾ മനസ്സിലായിക്കാണുമെന്നും നിക്ഷേപകരെ ടീം ആയാണ് കാണുക, എന്തിനാണ് ഒറ്റക്ക് പോയി കണ്ടത് എന്നും രാജീവ് ചോദിച്ചു.
ജയിൽമേധാവി എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ആരോപണം നേരിടുന്നയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ എന്താണ് തിടുക്കമെന്നും ഹര്‍ജി പരിഗണനയിലിരിക്കെ തിടുക്കത്തില്‍ തീരുമാനമെടുത്തെന്നും വിമർശിച്ച കോടതി സ്ഥാനക്കയറ്റം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കി.
പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ വിമർശനമുയർന്നതിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. എനിക്ക് ഭക്ഷണം കഴിക്കാൻ പാടില്ലേയെന്ന് ചോദിച്ച മുഖ്യമന്ത്രി അന്നത്തെ മുഖ്യമന്ത്രി നിരാഹാരം ഇരിക്കുകയായിരുന്നു, എനിക്ക് അറിയാൻ പാടില്ലായിരുന്നുവെന്നും പരിഹാസ രൂപേണ വിമർശിച്ചു.
കാൻവർ യാത്രയുടെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിലെ ഗാസിയാബാദിലെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും ആഗസ്റ്റ് 4 മുതൽ ആഗസ്റ്റ് 12 വരെ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. യു.പി ബോർഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, മദ്രസകൾ തുടങ്ങിയ എല്ലാ ബോർഡുകൾക്കും കീഴിലുള്ള നഴ്സറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂളുകൾക്കും ഡിഗ്രി, എഞ്ചിനീയറിംഗ് കോളേജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.
പാകിസ്ഥാനിൽ നിരോധിത ഭീകര സംഘടനകളിലെ അംഗങ്ങളെ ഒന്നൊന്നായി കൊല്ലുന്നത് പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ ആണെന്ന് പിടിയിലായ ലഷ്കർ-ഇ-തൊയ്ബ ഭീകരൻ വെളിപ്പെടുത്തി. അന്താരാഷ്ട്ര സമ്മർദ്ദം കാരണം ഭീകര സംഘടനകളുമായുള്ള ബന്ധത്തിന്റെ തെളിവുകൾ ഇല്ലാതാക്കാനാണ് ഐ.എസ്.ഐ തന്നെ ഈ കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നതെന്നും ഭീകരൻ പറയുന്നു.
ബിഹാറിലെ ബങ്കിപ്പൂർ ഉപതെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയതിന് പിന്നാലെ ബിജെപിയെ പരിഹസിച്ചു ജൻ സുരാജ് പാർട്ടി സ്ഥാനാർത്ഥി പ്രശാന്ത് കിഷോർ. ബിജെപിയുടെ 30 വർഷത്തെ ശക്തികേന്ദ്രം വെറും 30 ദിവസംകൊണ്ട് താൻ തകർത്തുവെന്ന് പ്രശാന്ത് കിഷോർ പ്രതികരിച്ചു.
നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടന്ന ജെൻസി പ്രക്ഷോഭം വലിയ ശ്രദ്ധ നേടിയതിനിടെ, ജെൻസികളുമായി സംവദിക്കാൻ രാഷ്ട്രീയ സ്വയംസേവക സംഘം (ആർഎസ്എസ്) ഒരുങ്ങുന്നു. ഈ മാസം ആറിന് മുംബൈയിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് ജെൻസികളുമായും ജെൻ ആൽഫകളുമായും സംവദിക്കും.
ദില്ലിയിലെ സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി. അതേ സമയം എല്ലാ കേസുകളും പിൻവലിക്കാൻ ആകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഇക്കാര്യത്തിൽ നിയമപരമായ ചില നടപടികൾ ഉണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നേതൃത്വം നൽകുന്നത് പരിഗണിക്കാമെന്നും കോടതി അറിയിച്ചു.
തൃഷയെ കുറിച്ച് ദ്വയാർത്ഥ പരാമർശം നടത്തിയെന്ന ആക്ഷേപത്തിൽ ഉദയനിധി സ്റ്റാലിൻ വിവാദത്തിൽ. കാവേരി വിഷയവുമായി ബന്ധപ്പെട്ട് ടിവികെ സർക്കാരിനെതിരെ നടത്തിയ പ്രതിഷേധത്തിൽ ആണ് വിവാദസംഭവം നടന്നിരിക്കുന്നത്. പരാമർശത്തെ തുടർന്ന് ഉദയനിധിക്കെതിരെ ബിജെപി രംഗത്തെത്തി. ഞെട്ടിക്കുന്ന പരാമർശം എന്ന് വിനോജ് പി.സെൽവം പ്രതികരിച്ചു
ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റിൽ ബിജെപി നേരിട്ട തിരിച്ചടി പാർട്ടിയുടെ അവസാനത്തിൻ്റെ ആരംഭമാണെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് ഡെറക് ഒബ്രിയാൻ. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്ന ബങ്കിപ്പൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടി സ്ഥാനാർത്ഥി പ്രശാന്ത് കിഷോർ വിജയം ഉറപ്പിച്ചതിന് പിന്നാലെ ആണ് ബിജെപിയെ കടന്നാക്രമിച്ച് രാജ്യസഭാ എംപി കൂടിയായ ഡെറക് ഒബ്രിയാൻ രംഗത്തെത്തിയത്.
കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ മന്ത്രിസഭാ വികസനത്തെ ചൊല്ലി പാർട്ടിയിലുണ്ടായ അതൃപ്തി പരസ്യപ്രതിഷേധത്തിലേക്ക്. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഇൻഡി മണ്ഡലത്തിലെ എംഎൽഎ യശ്വന്ത്‍രായ ഗൗഡ പാട്ടീലും ഭദ്രാവതി എംഎൽഎ സംഗമേഷും സ്ഥാനം രാജി പ്രഖ്യാപിച്ചു. പിന്നാലെ മുതിർന്ന അംഗം ടി.ബി. ജയചന്ദ്രയും രാജിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.
കാവേരി നദീജല തർക്കത്തിൽ സുപ്രീംകോടതിയിൽ ഹർജി നൽകി തമിഴ്നാട്. മഴ ലഭിച്ചിട്ടും കാവേരി വാട്ടർ മാനേജ്മെൻ്റ് അതോറിറ്റിയുടെ ഉത്തരവിന് അനുസൃതമായി കർണാടകം വെള്ളം വിട്ടുനൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സർക്കാർ കോടതിയെ സമീപിച്ചത്. തമിഴ്നാടിന് അർഹതപ്പെട്ട കാവേരി വെള്ളം വിട്ടുനൽകാൻ കർണാടകത്തിന് ഉടൻ നിർദേശം നൽകണമാണ് തമിഴ്നാടിൻ്റെ ആവശ്യം.
കോക്ക്റോച്ച് ജനതാ പാർട്ടി സ്ഥാപകന്റെ വിദേശത്തെ ഉന്നത പഠനത്തിനായി വീട്ടുകാർ ചെലവിട്ട പണത്തിന് സ്രോതസില്ലെന്ന വിമർശനത്തിന് വായടപ്പിക്കുന്ന മറുപടിയുമായി അഭിജിത്ത് ദീപ്കെ. ബോസ്റ്റൺ സർവകലാശാല നൽകിയ സ്കോളർഷിപ്പ് രേഖകൾ പുറത്തുവിട്ടാണ് അഭിജിത്ത് ദീപ്കെയുടെ മറുപടി.
ആഡംബര റേഞ്ച് റോവർ കാറിലെത്തി ഭിക്ഷാടനം നടത്തിയ ദമ്പതികളെ പലസ്തീൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് സ്വർണം പൂശിയ ഐഫോണും കണ്ടെടുത്തു. ദമ്പതികളുടെ പേരിലുള്ള മറ്റ് ആസ്തികളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
