Untitled design 2026 05 17T203656.419

 

 

 

നീറ്റ് പുന:പരീക്ഷയിൽ പുതിയ നീക്കവുമായി കേന്ദ്രം. ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ പ്രതിരോധ സേനകളുടെ സഹായം വിദ്യാഭ്യാസ മന്ത്രാലയം തേടി. ഇന്ന് പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇക്കാര്യം ചർച്ചയായി. വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങൾ ഉപയോഗിച്ച് ചോദ്യ പേപ്പറുകൾ അതത് സംസ്ഥാനങ്ങളിൽ എത്തിക്കാനാണ് പദ്ധതി.

 

കണ്ണിലെ കൃഷ്ണമണി പോലെ കേരളത്തിൻ്റെ മതേതരത്വം കാത്തുസൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കേരള മോഡൽ അഭിമാനമാണെന്നും കഴിഞ്ഞ 20 വർഷമായി കേരള മോഡലിന് മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മുഹമ്മദ് റിയാസ് എംഎൽഎയുടെ വീട്ടിൽ ഇന്നലെ നടന്ന ഇഡി റെയ്ഡിനെ തുടർന്ന് പ്രതിഷേധിച്ച സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്തു. ജില്ലാ സെക്രട്ടറി എം മെഹബൂബ്, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വസീഫ്, എ പ്രദീപ് കുമാര്‍, പി മോഹനന്‍ തുടങ്ങി 57 പേര്‍ക്കെതിരെയാണ് കേസ് എടുത്തത്. നിയമവിരുദ്ധമായി സംഘം ചേരല്‍, ഗതാഗത തടസം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

 

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന സിപിഎം പാളയം ലോക്കൽ സെക്രട്ടറിയും തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൌൺസിലറുമായ ഐപി ബിനു പൊലീസിന് മുന്നിൽ കീഴടങ്ങി. കേസിലെ പ്രതികളായ മുൻ കൗൺസിലർമാടക്കമുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഐപി ബിനു കീഴടങ്ങിയത്

 

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ നടന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡിനെതിരെ മന്ത്രി ഷിബു ബേബി ജോൺ. പിണറായി വിജയന്‍റെ വീട്ടിൽ നടന്ന ഇഡി റെയ്ഡിനോട് താൻ യോജിക്കുന്നില്ലെന്നും ബിജെപി ഇഡിയെ രാഷ്ട്രീയ ആയുധമാക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്നും ഷിബു ബേബി ജോൺ കൊല്ലത്ത് പ്രതികരിച്ചു.

 

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഏറ്റവും ശക്തമായ കുന്തമുനയെന്നും അത് തകർക്കാമെന്ന് ആരും കരുതേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന എൽഡിഎഫ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പിണറായിക്കെതിരായ ഡി വേട്ടയിൽ സിപിഎം പ്രതികരിച്ചത് ശരിയായില്ല എന്ന കവി സച്ചിദാനന്ദന്‍റെ പ്രസ്താവന അത്ഭുതകരമെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുല്‍ ഖാദര്‍. ഇഡിയിൽ നിന്ന് നീതി ലഭിക്കുമെന്ന് സച്ചിദാനന്ദന്റെ കണ്ടെത്തൽ വിചിത്രമാണ്. ബിജെപിയുടെ രാഷ്ട്രീയ നയങ്ങൾ കൊണ്ടാണ് ഇതുവരെയും ഇഡി കേസുകളെ സമീപിച്ചതെന്നും സത്യത്തിന്റെയും നീതിയുടെയും അളവ് കോലും കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

 

ഇഡി ആക്രമണത്തിന് നേതൃത്വം നൽകിയത് തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടകളെന്ന് മേയർ വിവി രാജേഷ്. കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും അവരെ കണ്ടുപിടിക്കാതിരിക്കുന്നത് തിരുവനന്തപുരത്ത് കൂടുതൽ സംഘർഷത്തിന് സാധ്യതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

സൗദി ജയിലിൽ കഴിഞ്ഞിരുന്ന 18 വർഷത്തോളം നാട്ടിൽ എത്തുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നുവെന്ന് അബ്ദുൽ റഹീം. ഇക്കഴിഞ്ഞ രണ്ടു വർഷം ആണ് പ്രതീക്ഷ വന്നതെന്നും വലിയ മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോയതെന്നും അദ്ദേഹം പറഞ്ഞു.

 

 

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത് സംസ്ഥാന വഖഫ് ബോർഡിന്റെ നിയമപരമായ ചുമതലയാണെന്ന് ജുഡീഷ്യൽ കമ്മീഷൻ വ്യക്തമാക്കി. കേസുകൾ കോടതിയിലായതിനാൽ സർക്കാർ ഇടപെടൽ നിയമവിരുദ്ധമാകുമെന്നും ഭൂമിയുടെ അന്തിമ തീരുമാനം കോടതി ഉത്തരവ് അനുസരിച്ചായിരിക്കുമെന്നും കമ്മീഷൻ അറിയിച്ചു.

 

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തെ ന്യായീകരിച്ച് സിപിഎം നേതാക്കളായ എം. സ്വരാജ്, ഇ.പി. ജയരാജൻ, വി. ശിവൻകുട്ടി എന്നിവർ രംഗത്തെത്തി. ഇത് ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണെന്നും കോൺഗ്രസ്-ബിജെപി ഗൂഢാലോചനയുടെ ഭാഗമാണ് ഇഡി റെയ്ഡെന്നും നേതാക്കൾ ആരോപിച്ചു.

 

പിഎ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തുന്ന കോൺഗ്രസ് നേതാക്കൾക്ക് മറുപടിയുമായി എൻ ശക്തൻ എംഎൽഎ.നെയ്യാറ്റിൻകരയിൽ താൻ സ്ഥാനാർഥിയാകുമെന്ന് കേട്ടപ്പോൾ തന്നെ സ്ഥാനാർഥി ആക്കാതിരിക്കാൻ വേണ്ടി ശ്രമിച്ചതും, മന്ത്രിയാക്കാതിരിക്കാൻ ശ്രമം നടത്തിയതും ചെങ്കൽ പഞ്ചായത്തിലെ ചില നേതാക്കന്മാരാണ്, അവരാണ് ഈ വിവാദങ്ങൾക്ക് പിന്നിലെന്നും ശക്തൻ തുറന്നടിച്ചു.

 

പിണറായി വിജയൻറെ വീട്ടിലെ ഇഡി റെയ്ഡ് സംഘപരിവാർ നടത്തിയ ആസൂത്രിത നീക്കമെന്ന് രാജ്യസഭ അംഗം എ എ റഹീം. പ്രവർത്തകരുടെ രോഷം അണപൊട്ടി ഒഴുകിയതോടെയാണ് അക്രമമുണ്ടായത്. ഇഡി ഉദ്യോഗസ്ഥരെത്തിയ കാറിന് കേടുപാടുകൾ സംഭവിച്ചു. കാറിൻ്റെ ഡ്രൈവർക്കും പരിക്ക് പറ്റിയിട്ടുണ്ട് .ടാക്സി ഡ്രൈവറുടെ നഷ്ടം പരിഹരിക്കുമെന്നും എഎ റഹീം വ്യക്തമാക്കി.

 

പിണറായി വിജയനെതിരായ ഇ.ഡി റെയ്ഡിൽ പ്രതിഷേധിച്ച് എറണാകുളത്ത് മാർച്ച് നടത്തിയ സി.പി.എം നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. എസ്. സതീഷ്, പി. രാജീവ്, എം. സ്വരാജ് എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ നിയമവിരുദ്ധമായി സംഘം ചേർന്നതിനും ഗതാഗത തടസ്സം സൃഷ്ടിച്ചതിനും വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ്.

 

 

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഡിജിപി നൽകിയ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി മന്ത്രി രമേശ് ചെന്നിത്തലക്കു കൈമാറും. സുപ്രീം കോടതി പരിഗണിക്കുന്ന വിഷയമായതിനാൽ സർക്കാർതീരുമാനമെടുക്കുo.രാജകുടുംബവുമായി ബന്ധപ്പെട്ടതെന്ന പേരിൽ പലരും വളരെ സ്വാതന്ത്ര്യത്തോടെ ക്ഷേത്രത്തിൽ പരിശോധനകളില്ലാതെ കയറുകയും ഇറങ്ങുകയും ചെയ്യുന്നുവെന്നും റിപ്പോർട്ട്.

 

പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച കൂടൽ കാരയ്ക്കാക്കുഴിയിൽ വനം വകുപ്പിന്‍റെ ഡ്രോൺ പരിശോധന. പുലിയെ പിടികൂടാൻ പ്രദേശത്ത് കൂട് സ്ഥാപിക്കും. പുലിയുടെ സാന്നിധ്യം ഉറപ്പിച്ചതോടെ ഓരോ നിമിഷവും ഭീതിയിലാണ് കൂടൽ കാരയ്ക്കാക്കുഴി നിവാസികൾ.

 

 

പിണറായി വിജയനെതിരായ ഇഡി റെയ്ഡിൽ പ്രതികരിച്ച് മന്ത്രി എ പി അനിൽ കുമാർ. മോദി, അമിത് ഷാ എന്നിവർക്കെതിരെ കഴിഞ്ഞ 10 വർഷം പിണറായി ഒറ്റ വാക്ക് പോലും മിണ്ടിയില്ലെന്ന് പറഞ്ഞ മന്ത്രി പിണറായി ആരെയൊക്കെയോ ഇപ്പോഴും ഭയക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

 

തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ഗണേഷ് കുമാർ നടത്തിയ പല പ്രസംഗങ്ങളും മാധ്യമങ്ങളോടുള്ള പ്രതികരണങ്ങളുമാണ് പത്തനാപുരത്തെ തോൽവിയുടെ പ്രധാന കാരണമായതെന്ന് സിപിഎം കുന്നിക്കോട് ഏരിയ കമ്മിറ്റി യോഗത്തിൽ രൂക്ഷ വിമർശനം. എൻഎസ്എസുമായുള്ള വിഷയം വഷളാക്കിയത് കെ ബി ഗണേഷ് കുമാർ തന്നെയാണെന്നും വിമർശനമുയർന്നു.

 

കാസർകോടിന്റെ റെയിൽവേ യാത്ര ക്ലേശത്തിന് പരിഹാരം കാണാൻ റെയിൽവേ മാസ്റ്റർ പ്ലാനുമായി ജില്ലാ ഭരണകൂടം. 18 ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടണമെന്നും സൂപ്പർഫാസ്റ്റുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നുമാണ് ആവശ്യം. ഇത് സംബന്ധിച്ച് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർക്ക് നിർദ്ദേശങ്ങൾ സമർപ്പിച്ചു.

 

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാടക വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെയുണ്ടായ അക്രമ സംഭവം തടയാൻ സാധിക്കാത്തത് ഗുരുതര വീഴ്ചയെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.ഈ കേസ് നേരാംവണ്ണം നടക്കണമെന്ന ആഗ്രഹം യുഡിഎഫിനും ഇല്ല എന്നും ആരോപിച്ചു.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വിജയ് തന്നെ വിളിച്ചെന്ന് തൃശൂർ എംപി സുരേഷ് ഗോപി. കേരളത്തിന്‍റെയു തമിഴ്‌നാടിന്‍റെയും വികസനത്തിന് ഒന്നിച്ച് പ്രവർത്തിക്കും എന്നും സുരേഷ് ഗോപി പറ‌ഞ്ഞു.

 

താരസംഘടനയായ ‘അമ്മ’യിലെ ചേരിപ്പോരിൽ നാലുപേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. അൻസിബ ഹസൻ, ടിനി ടോം, കുക്കു പരമേശ്വരൻ, ലക്ഷ്മി പ്രിയ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. ജൂൺ ഒന്നിനും മൂന്നിനും ഇടയിൽ നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം.

 

തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് ശന്തനു സെൻ അഴിമതിയും ജനങ്ങളുടെ തിരസ്കാരവും ചൂണ്ടിക്കാട്ടി പാർട്ടിയിൽ നിന്ന് രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ കാകോലി ഘോഷിന്റെ രാജിയടക്കം തൃണമൂലിൽ ആഭ്യന്തര കലഹം രൂക്ഷമാവുകയാണ്.

 

മധ്യപ്രദേശിലെ ഭോപ്പാലിൽ മോഡലും നടിയുമായ ട്വിഷാ ശർമ്മയുടെ മരണത്തിൽ ഭർതൃമാതാവും മുൻ ജില്ലാ ജഡ്ജി യുമായ ഗിരിബാല സിങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തു. കേസിൽ പ്രതിയായ ഗിരിബാലയുടെ മുൻകൂർ ജാമ്യം മധ്യപ്രദേശ് ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ ഇന്ന് രാവിലെയോടെയാണ് ഗിരിബാല സിങ്ങിനെ അറസ്റ്റ് ചെയ്തത്.

 

ദില്ലിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി വിജയ്, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കാണാതെ മടങ്ങി. കോൺഗ്രസ് പ്രവർത്തകർ ഫ്ലക്സുകളുമായി കൂടിക്കാഴ്ചയ്ക്ക് കാത്തിരുന്നെങ്കിലും, പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയ വിജയ് വിമാനത്താവളത്തിലേക്ക് നേരെ പോകുകയായിരുന്നു.

 

കർണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച സിദ്ധരാമയ്യ, രാജ്യസഭയിലേക്കുള്ള നേതൃത്വത്തിന്റെ വാഗ്ദാനം നിരസിച്ചു. ദേശീയ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ സജീവമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിൻ്റെ റൂട്ടിന് അംഗീകാരം നൽകി ഇന്ത്യൻ റെയിൽവേ. ആദ്യ ഹൈഡ്രജൻ ഫ്യുവൽ സെൽ ട്രെയിൻ നോർത്തേൺ റെയിൽവേയ്ക്ക് കീഴിലുള്ള ഹരിയാനയിലെ ജിന്ദ് – സോനിപത്ത് സെക്ഷനിൽ സർവീസ് നടത്തും.

 

സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ. പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നു മന്ത്രി പറഞ്ഞു. വിദ്യാർഥികളു‌ടെ ഉത്തര കടലാസ്സുകൾ സുരക്ഷിതമാണെന്നും ഒഎസ്എം സംവിധാനത്തിൽ വീഴ്ച പറ്റിയെന്നും ഒഎസ്എം സംവിധാനം സിബിഎസ്ഇ നടപ്പിലാക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കാൻ ബിഎസ്എഫിന് 142.79 ഏക്കർ ഭൂമി കൈമാറി പശ്ചിമ ബംഗാൾ സർക്കാർ. ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കാനും വേലികൾ നിർമിക്കാനുമാണ് സ്ഥലം കൈമാറിയത്. ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് ഭൂമി കൈമാറ്റം.

 

കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ഇന്ത്യയും ചൈനയും തമ്മിൽ ചർച്ച നടത്തി. അതിർത്തിയിലെ സമാധാനവും ശാന്തതയും നിലനിർത്തുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ പൂർണ്ണമായി പുനഃസ്ഥാപിക്കുന്നതിന് സഹായിക്കുമെന്ന് ചർച്ചയിൽ ഇരുപക്ഷവും വിലയിരുത്തി.

 

ബന്ദർ അബ്ബാസ് വിമാനത്താവളത്തിന് സമീപം അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടി നൽകിയതായി ഇറാൻ. കുവൈത്തിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തിയയതായാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെടുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *