Untitled design 20250112 193040 0000

 

 

സർക്കാർ രൂപീകരിക്കാൻ സതീശനെ ക്ഷണിച്ചു ഗവർണർ രാജേന്ദ്ര അര്‍ലേക്കര്‍. സതീശൻ ലോക്ഭവനിൽ നിന്ന് മടങ്ങി. അതേസമയം, കേരളത്തിൽ മുഴുവൻ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കും. 21ന് നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും. മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം.

 

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തഴഞ്ഞതോടെ കടുത്ത അമർഷത്തിലാണ് രമേശ് ചെന്നിത്തല. സിഎൽപി യോഗത്തിൽ പങ്കെടുക്കാതെ ചെന്നിത്തല ഗുരുവായൂരിലേക്ക് പോയി. മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടിൽ ചെന്നിത്തല ഉറച്ചു നിൽക്കുന്നു എന്നാണ് റിപ്പോർട്ട്. സീനിയോറിറ്റി പരിഗണിക്കാതെ മുഖ്യമന്ത്രിയെ തീരുമാനിച്ചു എന്നാണ് ചെന്നിത്തലയുടെ പരാതി. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് പോയി.

 

വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ’22 നേക്കാളും താഴെയാണ് ഭായീ 63′ എന്നാണ് സുരേന്ദ്രന്‍റെ ഫേസ് ബുക്ക് കുറിപ്പ്. 63 സീറ്റ് കിട്ടിയ കോണ്‍ഗ്രസിനേക്കാൾ സ്വാധീനം 22 സീറ്റ് കിട്ടിയ ലീഗിനാണ് എന്നാണ് സുരേന്ദ്രന്‍റെ വിമർശനം.

 

പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതിനെ തുടർന്ന് ഇടുക്കി ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ അച്ചടക്കത്തിന് നിരക്കാത്ത ഇത്തരം പ്രവണതകളെ അംഗീകരിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

 

പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. വീണ്ടും വിഡി സതീശനും പിണറായി വിജയനും നേര്‍ക്കുനേര്‍ എത്തും. പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. സിപിഎം സംസ്ഥാന സമിതിയോഗത്തിന്റേതാണ് തീരുമാനം.

 

രമേശ് ചെന്നിത്തലയുമായി സംസാരിക്കുമെന്ന് ദീപ ദാസ് മുൻഷി. പുറത്ത് വന്ന എംഎൽഎമാരുടെ പിന്തുണ കണക്കുകൾ യഥാർത്ഥമല്ലെന്നും ദീപ ദാസ് മുൻഷി വ്യക്തമാക്കി. സർക്കാർ രൂപീകരണത്തിനായി ഗവർണറെ ഉടൻ സമീപിക്കും. രമേശ് ചെന്നിത്തലയുമായി സംസാരിക്കും. എല്ലാവരും ഒന്നിച്ച് നിൽക്കും. പുറത്ത് വന്ന എംഎൽഎമാരുടെ പിന്തുണ കണക്കുകൾ യഥാർത്ഥമല്ല. എംഎൽഎമാർ ഹൈക്കമാന്റിനെ ചുമതലയേൽപ്പിക്കുകയാണ് ചെയ്തതെന്നും മന്ത്രിസഭാ രൂപീകരണത്തിൽ ഘടക കക്ഷികളുമായി സംസാരിക്കുമെന്നും അവർ പറഞ്ഞു.

 

കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ വൈകാരിക കുറിപ്പുമായി കർണാടക മന്ത്രിയുടെ ഭാര്യ. കെസി വേണു​ഗോപാലിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത് സംബന്ധിച്ചാണ് കുറിപ്പ്. കർണാടകയിലെ ആരോ​ഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ ഭാര്യ തബു റാവു ആണ് സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്.

 

നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് ആശംസയറിയിച്ച് ഷാഫി പറമ്പിൽ പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിൽ കടുത്ത വിമർശനവുമായി യുഡിഎഫ് അണികൾ. നാല് മണിക്കൂർ മുൻപ് പങ്കുവെച്ച പോസ്റ്റിൽ ഇതിനോടകം വന്ന 15000ത്തിലേറെ കമൻ്റുകളിൽ ബഹുഭൂരിപക്ഷവും ഷാഫി പറമ്പിലിനെ വിമർശിച്ചുള്ളതാണ്. ‘കേരളത്തിന്റെ, കോൺഗ്രസ്സിന്റെ, യു ഡി എഫിന്റെ മുഖ്യമന്ത്രി ശ്രീ വി ഡി സതീശന് അഭിവാദ്യങ്ങൾ’ – എന്നാണ് വിഡി സതീശൻ്റെ ചിത്രം സഹിതം പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.

 

വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് നടിയും മോഡലുമായ റിനി ആൻ ജോർജ്. എല്ലാവരും കൂടി കുഴിച്ചു മൂടാൻ നോക്കിയ ആൾക്ക് വനവാസമല്ല ഇനി പട്ടാഭിഷേകമാണെന്ന് റിനി ആൻ ജോർജ് ഫേസ് ബുക്കിൽ കുറിച്ചു. പദ്മനാഭന്‍റെ മണ്ണിൽ ഇനി തന്‍റെ ശ്രീ പദ്മനാഭൻ വാഴുമെന്നും റിനി കുറിച്ചു.

 

വി ഡി സതീശൻ മുഖ്യമന്ത്രി ആയതിൽ അമിതാഹ്ലാദം പ്രകടിപ്പിക്കാതെ കരുതലോടെ പ്രതികരിച്ച് മുസ്ലിംലീഗ്. പ്രഖ്യാപനം വന്നതോടെ ലീഗിനെതിരെ വിമർശനവുമായി എസ്എൻഡിപി – എൻഎസ്എസ് നേതാക്കൾ രംഗത്ത് വന്നു. വി ഡി സതീശൻ തന്നെ മുഖ്യമന്ത്രിയാകുമെന്ന് തുടക്കം മുതൽ ഉറച്ചു വിശ്വസിച്ചിരുന്നത് കേരളത്തിൽ മുസ്ലിംലീഗ് നേതാക്കൾ മാത്രമാണ്.

 

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയെ വസതിയിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നതില്‍ നിർണായക പങ്കുവഹിച്ച എ കെ ആന്‍റണിയെ നേരിൽ കണ്ട് നന്ദി അറിയിക്കാനും അനുഗ്രഹം തേടാനുമാണ് സതീശൻ എത്തിയത്. സതീശന്റെ നേതൃത്വത്തിലുള്ള അടുത്ത അഞ്ച് വര്‍ഷം കേരളത്തിന്‍റെ സുവര്‍ണകാലമായി മാറട്ടെ എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എ കെ ആന്‍റണി പ്രതികരിച്ചു.

 

പ്രതിപക്ഷ നേതാവിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്ന വി ഡി സതീശന് ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർധിക്കും. പ്രതിമാസം 1,85,000 രൂപ ശമ്പളത്തിന് പുറമെ ഔദ്യോഗിക വസതി, വാഹനങ്ങൾ, ആജീവനാന്ത പെൻഷൻ എന്നിവ ലഭിക്കും. തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം അദ്ദേഹത്തിനും ഭാര്യക്കും കൂടി 6.69 കോടി രൂപയുടെ ആസ്തിയുണ്ട്.

 

വി.ഡി. സതീശനെ വനവാസത്തിന് കോന്നിയിലേക്ക് ക്ഷണിച്ച മുൻ നിലപാട് മാറ്റി കെ.യു. ജനീഷ് കുമാർ എംഎൽഎ. കോന്നിയുടെ വനസൗന്ദര്യം പുറം ലോകത്തെ അറിയിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് ജനീഷ് കുമാർ പറഞ്ഞു. സതീശന് വനവാസത്തിന് പറ്റിയ കാടുകൾ കോന്നിയിൽ ഉണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് വേളയിൽ ജനീഷ് ഫേസ്ബുക്കിൽ കുറിച്ചത്.

 

കേരള മുഖ്യമന്ത്രിയായി കോൺ​ഗ്രസ് ഹൈക്കമാൻഡ് തെരഞ്ഞെടുത്ത വി.ഡി. സതീശന് ആശംസയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ. തന്റെ പ്രിയ സഹപ്രവർത്തകൻ വി ഡി സതീശന് ആശംസകൾ എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

 

വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ മുസ്ലീം ലീഗിനെ ഉന്നമിട്ട് ബിജെപി. കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിലാകുമെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് അഭിപ്രായപ്പെട്ട ബിജെപി, ലീഗിന് വേണ്ടത് തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ ആണെന്നും പറഞ്ഞു.

 

യുഡിഎഫ് നേടിയ മിന്നും വിജയം മുന്നണിയുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ സി വേണുഗോപാലാണ് വിജയശിൽപിയെന്നും രമേശ് ചെന്നിത്തല ഒരു ഭാഗ്യദോഷിയാണെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. വി ഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത തീരുമാനം അംഗീകരിക്കുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

 

 

എറണാകുളം പാലാരിവട്ടത്തെ മെഡിക്കൽ സെന്റർ ആശുപത്രിയിൽ നിന്ന് ഡോക്ടർമാരുടെ ലാപ്ടോപ്പുകളും പണവും കവർന്ന അന്തർസംസ്ഥാന മോഷ്ടാവ് പിടിയിലായി. മഹാരാഷ്ട്ര പുണെ സ്വദേശിയായ വികാസ് സഞ്ജയ് ഹഗാവനെ കൊച്ചി സിറ്റി പോലീസ് പുണെയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞതും തുടർന്ന് പിടികൂടിയതും.

 

ഉത്തർപ്രദേശിൽ ആഞ്ഞടിച്ച കനത്ത മഴയിലും കൊടുങ്കാറ്റിലും നൂറോളം പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബറേലിയിൽ കൊടുങ്കാറ്റിൽ യുവാവ് പറന്നുപോയപ്പോൾ, പ്രയാഗ്‌രാജിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. കനത്ത നാശനഷ്ടങ്ങൾക്കിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചു.

 

ദില്ലിയിലെ എല്ലാ സർക്കാർ ഓഫീസുകളിലും ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത. സാമ്പത്തിക സ്ഥിരതയും വിഭവങ്ങളുടെ മികച്ച ഉപയോഗവും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ നടത്തിയ അഭ്യർത്ഥനയെ തുടർന്നാണ് ഈ തീരുമാനം.

 

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. 16 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് എസ്ഐആർ നടപ്പാക്കുകയെന്ന് അറിയിച്ചു. സെൻസസ്, കാലാവസ്ഥ എന്നിവ പരിഗണിച്ച് ഹിമാചൽ പ്രദേശ്, ലഡാക്ക്, കാശ്മീർ എന്നിവിടങ്ങളിൽ പിന്നീട് പ്രഖ്യാപിക്കും. 3.94 ലക്ഷം ബൂത്ത് ലെവൽ ഓഫീസർമാർ എസ്ഐആറിന്റെ ഭാ​ഗമാകും.

 

തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി വിജയുടെ നേതൃത്വത്തിലുള്ള സർക്കാർ, സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമുള്ള ക്ഷാമബത്ത 58-ൽ നിന്ന് 60 ശതമാനമായി വർദ്ധിപ്പിച്ചു. 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെയുള്ള ഈ തീരുമാനം ഏകദേശം 16 ലക്ഷം പേർക്ക് ഗുണകരമാകും. ഇതിലൂടെ സർക്കാരിന് പ്രതിവർഷം 1,230 കോടി രൂപയുടെ അധികച്ചെലവുണ്ടാകും.

 

ഒമാൻ തീരത്ത് ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഗുജറാത്തിൽ നിന്നുള്ള ‘ഹാജി അലി’ എന്ന ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ നാവികരെയും ഒമാൻ അധികൃതർ രക്ഷപ്പെടുത്തി. ഹോർമുസ് കടലിടുക്കിന് സമീപം നടന്ന ഈ സംഭവം സമുദ്ര സുരക്ഷയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നു.

 

ലോകാരോഗ്യ സംഘടനയുടെ ‘വേൾഡ് ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് 2026’ റിപ്പോർട്ട് പ്രകാരം, 2020-നും 2023-നും ഇടയിൽ കോവിഡ്-19 മൂലമുള്ള യഥാർത്ഥ മരണസംഖ്യ ഔദ്യോഗിക കണക്കുകളേക്കാൾ മൂന്നിരട്ടിയാണ്. ഏകദേശം 2.21 കോടിയിലധികം ആളുകൾ മരിച്ചുവെന്നും ഈ മഹാമാരി ആഗോള ആരോഗ്യ പുരോഗതിയെ ഒരു പതിറ്റാണ്ട് പിന്നോട്ട് നയിച്ചുവെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *