Untitled design 20250112 193040 0000 1

 

 

 

മഹാരാഷ്ട്രയിൽ സിഎസ്ഐ വൈദികൻ അറസ്റ്റ് ചെയ്യപ്പെട്ടത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നുവെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. ക്രിസ്തീയ വിശ്വാസങ്ങൾക്കും വൈദികർക്കും എതിരായി നടക്കുന്ന ആക്രമണങ്ങൾ അപലപനീയമാണ്.വലിയ ആശങ്കയോട് കൂടിയാണ് ആവർത്തിക്കുന്ന സംഭവങ്ങളെ സഭ കാണുന്നത്. ഈ വിഷയങ്ങളിൽ ശക്തമായ രീതിയിൽ ക്രിസ്തീയ സമൂഹത്തിന്റെ പ്രതികരണം ഉണ്ടാകുമെന്നും ഓർത്തഡോക്സ് സഭ അധ്യക്ഷൻ പറഞ്ഞു.

 

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ ഹൈക്കോടതി നിയോഗിച്ച എസ്ഐടിയില്‍ സിപിഎം നേതൃത്വവുമായി ബന്ധമുള്ള രണ്ട് സിഐമാരെ നിയോഗിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎം ബന്ധമുള്ള സിഐമാരെ നിയോ​ഗിച്ചത് അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നും സതീശൻ ആരോപിച്ചു. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ഫ്രാക്ഷനില്‍ ഉള്‍പ്പെട്ടവരെ എസ്ഐടിയില്‍ നിയോഗിച്ചതെന്നും അദ്ദേഹം ചോദിച്ചു.

 

ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി , സ്മാർട്ട്‌ ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി, സ്വർണ വ്യാപാരി ഗോവർദ്ധൻ എന്നിവരെയാണ് ഒരു ദിവസത്തേക്ക് കൊല്ലം വിജിലൻസ് കോടതി കസ്റ്റഡിയിൽ നൽകിയത്. മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്ത് നിർണ്ണയക വിവരങ്ങൾ ശേഖരിക്കാനാണ് എസ്ഐടിയുടെ നീക്കം. സ്വർണപ്പാളികൾ എത്തിച്ച ഉണ്ണികൃഷ്ണൻ പോറ്റിക്കും സ്വർണം വേർതിരിച്ചെടുത്ത പങ്കജ് ഭണ്ഡാരിക്കും സ്വർണം വാങ്ങിയ ഗോവർദ്ധനും കൊള്ളയിൽ ഒരു പോലെ പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടത്തൽ.

 

സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചു പണി. ഐജി -ഡിഐജി റാങ്കുകളിലാണ് മാറ്റം. ആർ.നിശാന്തിനി, അജിതാ ബീഗം, സതീഷ് ബിനോ, പുട്ട വിമലാദിത്യ, രാഹുൽ ആർ.നായർ എന്നിവർക്ക് ഐജിയായി സ്ഥാനകയറ്റം നൽകി. പൊലീസ് തലപ്പത്തെ മാറ്റം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറക്കി. ആ‍ർ. നിശാന്തിനി പൊലീസ് ആസ്ഥാന ഐജിയാകും. അജീതാ ബീഗം ക്രൈംബ്രാഞ്ചിലും സതീഷ് ബിനോ ആംഡ് പൊലീസ് ബറ്റാലിയൻ ഐജിയുമാകും. ഐജിയായി സ്ഥാന കയറ്റം ലഭിക്കുന്ന കൊച്ചി കമ്മീഷണർ പുട്ട വിലാദിത്യക്ക് ഇൻറലിജൻസിലാണ് നിയമനം. ദക്ഷിണമേഖല ഐജിയായി സ്പർജൻകുമാറിനെ നിയമിച്ചു. നിലവിലെ ഐജി ശ്യാം സുന്ദറിനെയും ഇൻറലിജൻസിലേക്ക് മാറ്റി. തിരുവനന്തപുരം കമ്മീഷണ‌ർ തോംസണ്‍ ജോസിനെ വിജിലൻസ് ഡിഐജിയായി നിയമിച്ചു. കെ. കാർത്തിക്കാണ് പുതിയ തിരുവനന്തപുരം കമ്മീഷണർ. കൊച്ചി കമ്മീഷണറും എറണാകുളം റെയ്ഞ്ച് ഡിഐജിയുമായി ഹരിശങ്കറിനെ നിയമിച്ചു. ഡോ.അരുള്‍ ബി. കൃഷ്ണയാണ് തൃശൂർ റെയ്ഞ്ച് ഡിഐജി.

 

 

തിരുവനന്തപുരത്തെ ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ്‍കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്. ഇലക്ട്രിക് ബസ് സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട കരാര്‍ വ്യവസ്ഥകള്‍ പാലിക്കണമെന്നതാണ് ആവശ്യമെന്നും റൂട്ട് നിശ്ചയിക്കുന്നതിലടക്കം കരാര്‍ ലംഘനമുണ്ടെന്നും വിവി രാജേഷ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

 

ശിവഗിരി മഠത്തിന് കർണാടകയിൽ 5 ഏക്കർ ഭൂമി നൽകുമെന്ന് സിദ്ധരാമയ്യ. മഠത്തിൻ്റെ ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. വിദ്വേഷക പ്രസംഗകരോട് ഗുരുദേവ ദർശനം വായിക്കാൻ ആവശ്യപ്പെടുന്നു. വിഭജനത്തിൻ്റെ രാഷ്ട്രീയത്തെ എതിർക്കാം. സംവാദം ജനാധിപത്യത്തെ ശക്തിപ്പെടുത്തും. ഇന്ത്യയുടെ ശക്തി ഏകതയിലല്ല, തുല്യതയിലാണെന്ന് ശിവഗിരി ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

നടൻ മോഹൻലാലിന്‍റെ അമ്മ ശാന്തകുമാരിയ്ക്ക് തലസ്ഥാന നഗരത്തിന്‍റെ അന്ത്യാഞ്ജലി. തിരുവനന്തപുരം പൂജപ്പുര മുടുവൻമുകളിലെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരും സിനിമാ ലോകത്തെ പ്രമുഖരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.

 

കൊച്ചി കലൂർ സ്റ്റേഡിയത്തില്‍ തനിക്കുണ്ടായ അപകടത്തിന് ഉത്തരവാദികൾ ആരെന്നു പോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഉമ തോമസ് എംഎൽഎ. എന്തുകൊണ്ട് പരിപാടിക്ക് അനുമതി കൊടുത്തു എന്നതിന് പോലും വ്യക്തമായ മറുപടി ജിസിഡിഎയിൽ നിന്ന് ലഭിച്ചില്ല, മൃദംഗ വിഷന് സമൻസ് അയച്ചിട്ട് പോലും അവർ കൈപ്പറ്റിയില്ലെന്നാണ് അറിഞ്ഞത്. അഡ്രസ് പോലും ഇല്ലാത്തവർക്കാണോ സ്റ്റേഡിയം വാടകയ്ക്ക് നൽകിയത്?തനിക്ക് അല്ലെങ്കിൽ മറ്റാർക്കെങ്കിലും അന്ന് അപകടം സംഭവിക്കുമായിരുന്നു എന്നും ഉമ തോമസ് പറഞ്ഞു.

 

ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർണ്ണായക പ്രതികരണവുമായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. യുവതി പ്രവേശനം വിഷയം അടക്കം പരിഗണിക്കാൻ 9 അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതായി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മതസ്വന്തന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങളാണ് നിലവിൽ 9 അംഗ ഭരണഘടന ബെഞ്ചിന് വിട്ടിരിക്കുന്നത്.

 

 

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു. മലപ്പുറം പടിഞ്ഞാറ്റു മുറിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന (32), മകൻ മുഹമ്മദ് സിയാൻ (10) എന്നിവരാണ് മരിച്ചത്.പടിഞ്ഞാറ്റു മുറിയിലെ പനമ്പറ്റക്കടവിലാണ് അപകടമുണ്ടായത്. ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്നുപേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.

 

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്‍റെ അന്തിമ ഹൈ സ്പീഡ് ട്രയൽ പൂർത്തിയായെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. കോട്ട-നാ​ഗ്ദ റൂട്ടിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ മേൽനോട്ടത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. റൈഡ് സ്റ്റെബിലിറ്റി, ഓസിലേഷൻ, വൈബ്രേഷൻ ബിഹേവിയർ, ബ്രേക്കിം​ഗ് , എമർജൻസി ബ്രേക്കിം​ഗ് മുതലായവ തൃപ്തികരമാണെന്ന് റെയിൽവേ സേഫ്റ്റി കമ്മീഷണർ വിലയിരുത്തി.

 

ഹരിയാനയിലെ ഫരീദാബാദില്‍ 28 കാരിയെ ഓടുന്ന വാനിലേക്ക് വലിച്ച് കയറ്റി കൂട്ടബലാത്സംഗം ചെയ്തു. ബലാത്സംഗത്തിന് ശേഷം യുവതിയെ അക്രമികൾ റോഡിലേക്ക് വലിച്ചെറി‌ഞ്ഞു. സംഭവത്തിൽ പൊലീസ് രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊലീസ് കേസെടുത്ത് രജിസ്റ്റ‍ർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. വാനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ടതിനെത്തുടർന്ന് തലയ്ക്കും മുഖത്തുമടക്കം പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

മതപരിവർത്തനം നടത്തിയിട്ടില്ലെന്നും ക്രിസ്മസ് ആരാധന മതപരിവർത്തന പരിപാടിയല്ലെന്നും സിഎസ്ഐ വൈദികൻ സുധീർ. മഹാരാഷ്ട്രയിൽ മതപരിവർത്തനം ആരോപിച്ചാണ് ഫാദർ സുധീറിനെ അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ചതിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ഫാദർ സുധർ. ഭക്ഷണം കഴിക്കുന്ന സമയത്താണ് പൊലീസെത്തി കസ്റ്റഡിയിലെടുത്തതെന്നും ഭക്ഷണം കഴിക്കാൻ പോലും സാവകാശം തന്നില്ലെന്നും ഫാദർ സുധീർ പറഞ്ഞു. ബജ്‍റം​ഗ്ദൾ പ്രവർത്തകർ മോശമായി പെരുമാറാൻ ശ്രമിച്ചെന്നും ഫാദർ സുധീറിന്റെ ഭാര്യ പ്രതികരിച്ചു.

 

യെലഹങ്ക പുനരധിവാസത്തെ വിമർശിച്ച് ബിജെപി. കുടിയൊഴിപ്പിച്ചവർക്ക് വീട് നൽകുന്നതിന് പിന്നിൽ കേരളത്തിന്റെ ഗൂഢാലോചനയാണെന്ന് കർണാടക ബിജെപി ആരോപിച്ചു. അധികാരത്തിൽ തുടരാൻ പിണറായിയും മുഖ്യമന്ത്രിയാകാൻ കെ.സി. വേണു​ഗോപാലുമാണ് ഇടപെടൽ നടത്തിയത്. അതേസമയം, കർണാടകയിൽ മുഖ്യമന്ത്രി പദം ഉറപ്പിക്കാനാണ് സിദ്ധരാമയ്യ ശ്രമിച്ചതെന്നും ബിജെപി കുറ്റപ്പെടുത്തി.

 

ദില്ലിയിൽ ഇ ഡി നടത്തിയ പരിശോധനയിൽ 8. 80 കോടി രൂപയുടെ ആഭരണങ്ങളും 5 കോടി രൂപയും പിടികൂടി. 35 കോടി രൂപയുടെ സ്വത്ത് സംബന്ധിച്ച് രേഖകളും കണ്ടെത്തി. സർവ്വപ്രിയ വിഹാറിലെ വീട്ടിൽ നിന്നാണ് പണം പിടികൂടിയത്. കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും കണ്ടെത്തിയത്. അപ്പോളോ ഗ്രീൻ എനർജി ലിമിറ്റഡ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലാണ് പരിശോധന.

 

രാജസ്ഥാനിൽ കാറിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി. 150 കിലോ അമോണിയം നൈട്രേറ്റാണ് പിടികൂടിയത്. 200 ബാറ്ററിയും, 1100 മീറ്റർ വയറും ഒപ്പം പിടികൂടിയിട്ടുണ്ട്. ചാക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു അമോണിയം. സഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സുരേന്ദ്ര, സുരേന്ദ്ര മോചി എന്നിവരാണ് പിടിയിലായത്. ഏതെങ്കിലും തരത്തില്‍ അധികൃതമായി ഖനനം നടത്താൻ കൊണ്ടുപോയതാണോ അമോണിയം നൈട്രേറ്റ് എന്നുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

 

ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ യുദ്ധ സമാനമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിച്ചുവെന്ന ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. പാകിസ്താനുമായുള്ള വെടിനിർത്തലിൽ ചൈനയുടെ മധ്യസ്ഥതാ വാദം തെറ്റാണെന്നും, ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ മൂന്നാം കക്ഷിക്ക് സ്ഥാനമില്ലെന്നുമാണ് ഇന്ത്യയുടെ വിദേശകാര്യ ഉന്നത ഉദ്യാഗസ്ഥരിൽ നിന്നുണ്ടായ പ്രതികരണം.

 

പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാട്ടിയിൽ പുതുവത്സരം പിറന്നു. ലോകത്തിലെ ആദ്യ പുതുവത്സരം കാണാൻ കഴിയുന്ന ഭൂഭാഗങ്ങളിലൊന്നാണ് കിരിബാട്ടി. ഹവായിയുടെ തെക്കും ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കുമായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. നിരവധി അറ്റോളുകൾ വളയത്തിന്റെ ആകൃതിയിലുള്ള പവിഴപ്പുറ്റുകൾ ചേർന്നതാണ് ഈ ദ്വീപ്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *