Untitled design 20250112 193040 0000

 

നടി ആക്രമിക്കപ്പെട്ട കേസിലെ 6 പ്രതികൾക്കും 20 വർഷം കഠിന തടവ് വിധിച്ച് കോടതി. എന്നാൽ വിചാരണത്തടവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതി. അത് പ്രകാരം ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർ‌ട്ടിൻ എന്നിവർ 13 വർഷവും മൂന്നാംപ്രതി മണികണ്ഠൻ, നാലാം പ്രതി വിജീഷ് എന്നിവർക്ക് 16 വർഷവും 6 മാസവും അഞ്ചും ആറും പ്രതികളായ സലീം, പ്രദീപ് എന്നിവർക്ക് 18 വർഷവും ആണ് ഇനി ശിക്ഷ അനുഭവിക്കേണ്ടി വരിക. പ്രതികളുടെ പ്രായവും കുടുംബപശ്ചാത്തലവും പരി​ഗണിച്ചാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. എല്ലാ പ്രതികളും നാല്‍പത് വയസിൽ താഴെ പ്രായമുള്ളവരാണെന്നും കോടതി നിരീക്ഷിച്ചു. ജീവപര്യന്തം ആർക്കുമില്ല. ആറ് പ്രതികളെയും വിയ്യൂർ ജയിലിലേക്ക് മാറ്റും. 5 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് കോടതി നിർദേശം നൽകി.

നടിയെ ആക്രമിച്ച കേസില്‍ 1500 പേജുകളുള്ള വിധിയാണ് വന്നിരിക്കുന്നത്. വിധിപ്പകര്‍പ്പ് പുറത്തുവന്നിട്ടില്ല. ബലാത്സംഗത്തിന് ഇരയായ സമയത്തെ അതിജീവിതയുടെ മൊഴിയൂടെ പൂര്‍ണരൂപം വിധിയോടൊപ്പമുണ്ട്. അതുകൊണ്ടുതന്നെ വിധിപ്പകർപ്പ് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. അതിനാല്‍ വിധിപ്പകർപ്പ് പുറത്തുവരാൻ വൈകും. കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡിന്‍റെ സ്വകാര്യത ഉറപ്പാക്കണമെന്നും സുരക്ഷിതമായ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും അന്വേഷണ സംഘത്തോട് കോടതി പറഞ്ഞിട്ടുണ്ട്. അതിജീവിതയുടെ മോതിരം തിരികെ നല്‍കണം എന്നും കോടതി വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിൽ കൂട്ടബലാത്സംഗ കുറ്റം തെളിഞ്ഞതിന് പിന്നാലെ ശിക്ഷിക്കപ്പെട്ട ആറ് പേരിൽ ആദ്യം ജയിലിൽ നിന്ന് പുറത്തിറങ്ങുക ഒന്നാം പ്രതി പൾസർ സുനി. ആറാം പ്രതി പ്രദീപ് അവസാനമാണ് പുറത്തിറങ്ങുക. വിചാരണ തടവുകാരായി എല്ലാ പ്രതികളും ജയിലിൽ കഴിഞ്ഞതിനാൽ, ഈ തടവുകാലം ശിക്ഷാ വിധിയിൽ നിന്ന് ഇളവ് ചെയ്തിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധിയോട് പ്രതികരിച്ച് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അജകുമാർ. പരിപൂര്‍ണ നീതി കിട്ടിയില്ലെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന ശിക്ഷാവിധിയെന്ന് അഡ്വ. അജകുമാർ മാധ്യമങ്ങളോട് പറഞ്ഞു. പ്രോസിക്യൂഷന് ഒരു തിരിച്ചടിയും ഇല്ല. അപ്പീൽ നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യും. ശിക്ഷയിൽ നിരാശനാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ പ്രതികരിച്ചു. ഇപ്പോൾ പ്രഖ്യാപിച്ച ശിക്ഷ കോടതിയുടെ ഔദാര്യമല്ല. പ്രോസിക്യൂഷന്‍റെ അവകാശമാണ്. വിചാരണയ്ക്കിടയിൽ ഞങ്ങൾക്കുണ്ടായ അനുഭവങ്ങൾ പറയണ്ട സ്ഥലങ്ങളിൽ പറയുമെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയില്‍ പ്രതികരിച്ച് ചലചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ. കേസിലെ ഗുഢാലോചന തെളിയണമെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണം, കേസിന്‍റെ തുടക്കം മുതൽ മഞ്ജുവാര്യർ പറഞ്ഞത് ഗൂഢാലോചന ഉണ്ടെന്നാണ്. പ്രോസിക്യൂഷൻ കണ്ടെത്തിയതും അതാണ്. ഒന്നാംപ്രതിയും അതാണ് പറഞ്ഞത്. അതിജീവിതയും ക്വട്ടേഷൻ നടന്നു എന്നാണ് പറഞ്ഞത്.ക്വട്ടേഷൻ എങ്കിൽ അതിൽ ഗൂഢാലോചന ഉണ്ടാകുമല്ലോ? ആരാണ് ഗൂഢാലോചന നടത്തിയത് എന്ന് അറിയണം എന്നും പ്രേംകുമാർ പ്രതികരിച്ചു.

നടി ആക്രമിക്കപ്പെട്ട കേസിൽ 6 പ്രതികളുടെ ശിക്ഷാവിധി പുറത്തു വന്ന സാഹചര്യത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. സർക്കാർ അതിജീവിതക്കൊപ്പമാണെന്ന് മന്ത്രി സജി ചെറിയാൻ ആവർത്തിച്ച് വ്യക്തമാക്കി. ഇത്രയും വലിയ പ്രമാദമായ കേസിൽ നൽകിയ ശിക്ഷ, അതിൽ എന്തെങ്കിലും കുറവുണ്ടോയെന്ന് പരിശോധിച്ച് സർക്കാർ തുടർനടപടി സ്വീകരിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.

ഇത്രയുംനാൾ പോരാടിയ അതിജീവിതയ്ക്ക് അതിനുള്ള മറുപടി പോലും കോടതിയിൽനിന്ന് ലഭിച്ചില്ലെന്ന് ഉമാ തോമസ് എംഎൽഎ. സെൻഷേണൽ കേസിൽ വിധിവരുമ്പോൾ സമൂഹത്തിന് ഒരു സന്ദേശം ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ, ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികൾക്ക് ലഭിച്ചിരിക്കുന്നതെന്നും ഉമാ തോമസ് എംഎൽഎ കൂട്ടിച്ചേർത്തു.

നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട സാഹചര്യത്തിൽ, പാസ്‌പോർട്ട് സ്ഥിരമായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദിലീപ് കോടതിയിൽ അപേക്ഷ നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ദിലീപ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിന് ജാമ്യം ലഭിക്കുന്നതിന്റെ ഭാഗമായാണ് പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടി വന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധിയോട് പ്രതികരിച്ച് നിയമമന്ത്രി പി രാജീവ്‌. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചിരിക്കുന്നുവെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. വിധിയുടെ പൂർണ ഭാഗം കിട്ടിയിട്ടില്ല. നല്ല വിധി ആയിട്ടാണ് തോന്നുന്നത്. അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനുമുള്ള അംഗീകാരമാണ് വിധി. വിധി പകർപ്പ് കിട്ടിയതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി രാജീവ് കൂട്ടിച്ചേർത്തു.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികളുടെ ശിക്ഷാവിധി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരിച്ച് താരസംഘടനയായ എഎംഎംഎ പ്രസിഡന്‍റ് ശ്വേത മേനോൻ. സംഘടന അതിജീവിതയ്ക്കൊപ്പമാണെന്നും പ്രതികൾക്ക് ലഭിച്ച ശിക്ഷ പോരാ. അപ്പീൽ പോകണമെന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായം എന്നും ശ്വേത പ്രതികരിച്ചു. കൂടാതെ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ അമ്മയിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ശ്വേത വ്യക്തമാക്കി.

നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധിക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പെണ്ണിന്‍റെ മാനത്തിന് അഞ്ച് ലക്ഷം രൂപയാണോ വിലയെന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. ഇതെന്ത് രാജ്യമാണെന്ന് തോന്നിപോകുന്നു. നിയമത്തിന് മുന്നിൽ ഇത് ചെയ്തവരെല്ലാവരും നിഷ്കളങ്കരും അവൾ വലിയ കുറ്റക്കാരിയുമെന്ന പോലെയായെന്നും ഭാ​ഗ്യലക്ഷ്മി പ്രതികരിച്ചു. കുട്ടികളോട് കുറുമ്പ് കാണിക്കരുതെന്ന് പറഞ്ഞ് ശാസിക്കുന്നത് പോലെയാണ് വിധി കേട്ടിട്ട് തോന്നുന്നതെന്നും ഭാ​ഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റവാളികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ പ്രതീക്ഷിച്ചുവെന്ന് സംവിധായകന്‍ കമല്‍. പരമാവധി ശിക്ഷ ആര്‍ക്കും ലഭിച്ചില്ല. നീതി നടപ്പായിട്ടില്ലെന്നും അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്നാണ് മനസിലാക്കുന്നതെന്നും കമല്‍ പറഞ്ഞു.

30-ാമത് കേരളാ അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനംചെയ്തു. എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേള ഡിസംബര്‍ 19-ന് സമാപിക്കും. ചലച്ചിത്രമേള നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കുള്ള പിന്തുണയാണെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

2027 ലെ സെൻസസിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 11,718 കോടി രൂപ ചെലവിൽ സെൻസസ് നടത്താനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കിയത്. 2027 മാർച്ച് ഒന്ന് ആയിരിക്കും സെൻസസിനുള്ള റഫറൻസ് തീയതി. വീടുകളുടെ പട്ടിക തയ്യാറാക്കുന്നത് 2026 ഏപ്രിലിൽ തുടങ്ങും. ജനസംഖ്യാ കണക്കെടുപ്പ് ഫെബ്രുവരി 2027 ന് നടക്കും. മാർച്ച് ഒന്നിനും അഞ്ചിനും ഇടയ്ക്ക് ഇതിന്‍റെ പരിശോധന നടക്കും. ജാതി സെൻസസും 2027 സെൻസസിനൊപ്പം നടത്താൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു.

ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി സ്വീകരിച്ച കോടതി, പൊലീസിനോട് തിങ്കളാഴ്ച റിപ്പോർട്ട് നൽകണമെന്ന് നിര്‍ദേശം നല്‍കി. വനിതാ ചലച്ചിത്ര പ്രവർത്തകയാണ് മുൻ എംഎൽഎ കൂടിയായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്.

ശബരിമല സ്വർണകൊള്ള കേസിൽ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്നും മൊഴി നൽകിയില്ല. ഇന്ന് നാലു മണിക്കാണ് എസ്ഐടിയുടെ ഈഞ്ചക്കൽ ഓഫീസിൽ മൊഴി നൽകാൻ ഹാജരാകുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ ഹരിപ്പാട് മണ്ഡലത്തിൽ വൈകുന്നേരത്തോടെ എത്താനുള്ളതിനാൽ മൊഴി നൽകാനുള്ള അസൗകര്യം ഉച്ചയോടെ അറിയിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് രമേശ് ചെന്നിത്തല ഹാജരാകാമെന്ന് അറിയിച്ചുവെങ്കിലും എസ്പി ശശിധരന് അസൗകര്യമായതിനാൽ അന്നും മാറിയിരുന്നു.

കണ്ണൂര്‍ മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെയും ഏജന്‍റിനെയും ക്രൂരമായി മര്‍ദിച്ച് മുഖംമൂടി സംഘം. സിപിഎം പ്രവര്‍ത്തകരാണ് മര്‍ദിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കണ്ണൂര്‍ ജില്ലയിൽ ഇന്നലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും ബൂത്ത് ഏജന്‍റുമാര്‍ക്കും അതുപോലെ സ്ഥാനാര്‍ത്ഥികള്‍ക്ക് നേരെയും സിപിഎമ്മിന്‍റെ അതിക്രമങ്ങള്‍ ഉണ്ടായി എന്ന പരാതി പുറത്തുവന്നിരുന്നു

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സ്വദേശി ഹരിദാസ്(63) നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. കൊലക്കേസിൽ ജീവപര്യന്തം തടവിൽ കഴിഞ്ഞിരുന്നയാളാണ് ഹരിദാസ്.

രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ട് ബലാൽസംഗം കേസുകള്‍ അന്വേഷിക്കാൻ ഒറ്റ സംഘം. രണ്ടു കേസുകളും എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിച്ചിരുന്ന ആദ്യ കേസും എസ്പി പൂങ്കുഴലിക്ക് കൈമാറി. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വച്ച് പീ‍ഡിപ്പിച്ച പെണ്‍കുട്ടിയെ ഗർഭഛിദ്രം നടത്തിയെന്നാണ് ആദ്യ കേസ്. ഈ കേസാണ് പൂങ്കുഴലിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിന് കൈമാറിയത്.

2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടി അധ്യക്ഷൻ വിജയിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകൊണ്ട് തമിഴക വെട്രി കഴകം പ്രമേയം പാസാക്കി. വിജയിയുടെ നേതൃത്വത്തെ പിന്തുണയ്ക്കാൻ തയ്യാറുള്ള പാർട്ടികളെ സഖ്യത്തിലേക്ക് ക്ഷണിക്കാനും പാർട്ടി തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന ടി.വി.കെ.യുടെ സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ സെക്രട്ടറിമാരുടെയും യോഗത്തിലാണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്.

ഗോവയിലെ നിശാ ക്ലബില്‍ തീപിടുത്തമുണ്ടായത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിതെറിച്ചല്ലെന്നും ബെലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്നുകളാണ് തീ പടര്‍ത്തിയതെന്നും അന്വേഷണ റിപ്പോര്‍ട്ട്. ബെല്ലി ഡാന്‍സ് നടത്തിയവരാണ് പ്രതികളെന്നും തങ്ങള്‍ക്ക് പങ്കില്ലെന്നും കാണിച്ച് പിടിയിലായ പ്രതികള്‍ കോടതിയെ സമീപിച്ചു. അതേസമയം ഗോവ പൊലീസ് ഉടന്‍ സിബിഐയുടെ സഹായത്തോടെ തായിലന്‍റിലെത്തി പ്രതികളായ ഉടമകളെ കസ്റ്റഡിയിലെടുക്കും.

കേന്ദ്രമന്ത്രിമാർ ആരും സഭയിലെത്താത്തതിനാൽ ഇന്ന് രാജ്യസഭ രാവിലെ തടസപ്പെട്ടു. പാർലമെൻ്റി ആക്രമണത്തിൻ്റെ ഓർമ്മ പുതുക്കി, ആദരാഞ്ജലികൾ അർപ്പിച്ചതിന് പിന്നാലെ സഭ ചട്ടപ്രകാരമുള്ള നടപടികൾ ആരംഭിക്കാനിരിക്കെയാണ് കാബിനറ്റ് പദവിയുള്ള മന്ത്രിമാർ ആരും സഭയിൽ എത്തിയില്ലെന്ന് വ്യക്തമായത്. പ്രതിപക്ഷം ഇക്കാര്യം ചൂണ്ടിക്കാട്ടിയതിന് പിന്നാലെ ഉപരാഷ്ട്രപതി ഒരു സഹമന്ത്രിയോട് കാബിനറ്റ് പദവിയുള്ള മന്ത്രിയോട് സഭയിലെത്താൻ പറയാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷം കാബിനറ്റ് മന്ത്രിയില്ലാതെ സഭാ നടപടി ചേരാൻ പാടില്ലെന്ന് ആവശ്യപ്പെട്ടതോടെ സഭ നിർത്തിവച്ചു.

പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ഗുവാഹട്ടിയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. സുബീന്റെ സിംഗപ്പൂരിലെ പരിപാടി സംഘാടകൻ ശ്യാംകാനു മഹന്ത, മാനേജർ സിദ്ധാർത്ഥ ശർമ്മ, ബാൻഡ് അംഗങ്ങളായ ശേഖർ ജ്യോതി ഗോസാമി, അമൃത് പ്രഭ മഹന്ത എന്നിവർക്കതിരെ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്.

കാനഡയിലെ മിസ്സിസാഗയിലെ വിവിധ മെഡിക്കൽ ക്ലിനിക്കുകളിലെ വനിതാ ഡോക്ടർമാർക്കും വനിതാ ജീവനക്കാർക്കും മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നാരോപിച്ച് 25 വയസ്സുള്ള ഇന്ത്യൻ വംശജനായ യുവാവിനെ പീൽ റീജിയണൽ പൊലീസ് (പിആർപി) അറസ്റ്റ് ചെയ്തു. 25കാരനായ വൈഭവ് ആണ് അറസ്റ്റിലായത്. ഇയാൾ ഇത്തരത്തിൽ നിരവധി കുറ്റകൃത്യങ്ങൾ നടത്തിയതായി പൊലീസിന് അന്വേഷണത്തിൽ വ്യക്തമായി. പ്രതിയായ വൈഭവ്, വ്യാജമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് നടിച്ചാണ് ക്ലിനിക്കുകളിൽ എത്തിയിരുന്നത്.

വിമാന ടിക്കറ്റ് നിരക്കുകൾക്ക് വർഷം മുഴുവനും പരിധി ഏർപ്പെടുത്താൻ കഴിയില്ലെന്ന് വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു. സീസൺ അനുസരിച്ച് ടിക്കറ്റ് ഡിമാൻഡിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാരണം നിരക്ക് പരിധി നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് മന്ത്രി വ്യക്തമാക്കി. പ്രധാനപ്പെട്ട ഉത്സവ സീസണുകളിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തുന്നതിനെതിരെ ഉയരുന്ന ആശങ്കകൾക്കിടയിലാണ് മന്ത്രിയുടെ പ്രതികരണം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *