പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ ഓഹരി വിലയില്‍ വന്‍ ഇടിവ്. 31,000 കോടി രൂപ സമാഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓഫര്‍ ഫോര്‍ സെയില്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിത്. എല്‍ഐസി ഓഹരികള്‍ ഏഴു ശതമാനമാണ് ഇടിഞ്ഞത്. ഒരു ഓഹരിക്ക് 382 രൂപ നിരക്കിലാണ് ഓഫര്‍ ഫോര്‍ സെയില്‍ തറ വില നിശ്ചയിച്ചിരിക്കുന്നത്. ഇത് തിങ്കളാഴ്ചത്തെ ക്ലോസിങ് വിലയേക്കാള്‍ 11 ശതമാനം കുറവാണ്. നിലവില്‍ ഓഹരി ഒന്നിന് 398 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. തല്‍സ്ഥിതിയില്‍ എല്‍ഐസിയുടെ വിപണി മൂല്യം ഏകദേശം 5.05 ലക്ഷം കോടി രൂപയായി. നോണ്‍ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഇന്നും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ബുധനാഴ്ചയും ഓഫര്‍ ഫോര്‍ സെയിലില്‍ പങ്കാളികളാകാം. നിലവില്‍ എല്‍ഐസിയില്‍ സര്‍ക്കാരിന് 96.5 ശതമാനം പങ്കാളിത്തമാണ് ഉള്ളത്. 6.5 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ പങ്കാളിത്തം 90 ശതമാനമായി കുറയും.
