സംസ്ഥാനത്ത് യുപിഐ ഇടപാടുകളുടെ എണ്ണത്തിലും തുകയിലും ജില്ലാടിസ്ഥാനത്തില്‍ എറണാകുളം മുന്നില്‍. നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ജൂണില്‍ കേരളത്തില്‍ 45.49 കോടി യുപിഐ ഇടപാടുകളാണ് നടന്നത്. ഇത് രാജ്യത്തെ ആകെ ഇടപാടുകളുടെ രണ്ടു ശതമാനം വരും. ഇതിന്റെ ആകെ മൂല്യം 63,489.63 കോടിയാണ്. ദേശീയ തലത്തിലെ ആകെ തുകയുടെ 2.2 ശതമാനം. ഇതില്‍ എറണാകുളം ജില്ലയില്‍ മാത്രം 11,938.18 കോടി മൂല്യമുള്ള 9.12 കോടി ഇടപാടുകളാണ് നടന്നത്. ജൂണിലെ ഇടപാടുകളില്‍ അഞ്ചിലൊന്നും എറണാകുളത്താണ്. തൊട്ടുപിന്നിലുള്ള തിരുവനന്തപുരത്ത് 7460 കോടി മൂല്യമുള്ള 5.47 കോടി ഇടപാടുകളാണ് നടന്നത്. മൂന്നാം സ്ഥാനത്തുള്ള കോഴിക്കോട് 6,101 കോടി മൂല്യമുള്ള 4.63 കോടി ഇടപാടുകളും നാലാം സ്ഥാനത്തെ മലപ്പുറത്ത് 6026 കോടി മൂല്യമുള്ള 4.54 കോടി ഇടപാടുകളും അഞ്ചാം സ്ഥാനത്തുള്ള തൃശൂരില്‍ 5,808 കോടി മൂല്യമുള്ള 4.02 കോടി ഇടപാടുകളും നടന്നു.
