ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപന നിക്ഷേപകരായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, അദാനി ഗ്രൂപ്പ് കമ്പനിയായ അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം കുറച്ചു. 2025 നവംബര്‍ 11 നും ഡിസംബര്‍ 10 നും ഇടയിലുള്ള ഒരു മാസത്തിനിടെ ഓപ്പണ്‍ മാര്‍ക്കറ്റ് വഴി എല്‍ഐസി 3.89 കോടി ഓഹരികളാണ് വിറ്റഴിച്ചത്. ഇത് കമ്പനിയിലെ മൊത്തം ഓഹരി പങ്കാളിത്തത്തിന്റെ 2.007% വരും. ഈ വില്‍പ്പനയ്ക്ക് ശേഷം, അദാനി പോര്‍ട്ട്സിലെ എല്‍ഐസിയുടെ ഓഹരി 9.35 ശതമാനം എന്നതില്‍ നിന്ന് 7.34 ശതമാനം ആയി കുറഞ്ഞു. നിലവില്‍ അദാനി പോര്‍ട്ട്സിലെ 15.86 കോടി ഓഹരികളാണ് എല്‍ഐസിയുടെ കൈവശമുള്ളത്. അദാനി ഗ്രൂപ്പിലെ 10 ലിസ്റ്റഡ് കമ്പനികളില്‍ ഏഴെണ്ണത്തിലും എല്‍ഐസിക്ക് ഓഹരി പങ്കാളിത്തമുണ്ട്. ഇതില്‍ എസിസി (9.95%), അംബുജ സിമന്റ്‌സ് (7.31%) എന്നിവയിലാണ് ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ ഓഹരികള്‍. അദാനി എന്റര്‍പ്രൈസസ് (4.16%), അദാനി എനര്‍ജി സൊല്യൂഷന്‍സ് (3.42%), അദാനി ഗ്രീന്‍ എനര്‍ജി (1.30%), അദാനി ടോട്ടല്‍ ഗ്യാസ് (6.02%) എന്നിവയാണ് എല്‍.ഐ.സി ക്ക് ഓഹരി പങ്കാളിത്തമുളള മറ്റ് അദാനി കമ്പനികള്‍.
അദാനി പോര്‍ട്ട്സിലെ ഓഹരി പങ്കാളിത്തം കുറച്ച് എല്‍ഐസി
