Untitled design 20250112 193040 0000

 

 

കിഫ്ബി രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഭ്രാന്താലയം’ ആയിരുന്ന കേരളം മാനവാലയമായി മാറിയെന്നും നവോത്ഥാന നായകർക്ക് ഇതില്‍ വലിയ പങ്കുണ്ട് എന്നും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. KIIFB യുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്നും പഴയകാല കേരളത്തെക്കുറിച്ച് ഓർക്കുന്നത് നല്ലതാണ്, ഇന്ന് കാണുന്ന സൗകര്യങ്ങളും അവസരങ്ങളും ഒരുകാലത്ത് ഇല്ലായിരുന്നു.ധനകാര്യ സ്ഥാപനം എന്ന നിലയിൽ കിഫ്‌ബിയെ കുറിച്ച് ഒരു ആശങ്കയും വേണ്ട, അസാധ്യം എന്ന ഒരു വാക്ക് സർക്കാരിനില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

 

സംസ്ഥാന സർക്കാരിൻ്റെ ഓൺലൈൻ ഓട്ടോ/ടാക്‌സി പ്ലാറ്റ്ഫോമായ കേരള സവാരി അതിന്റെ രണ്ടാം (2.0) പതിപ്പിലൂടെ പൂർണ്ണ അർത്ഥത്തിൽ പ്രവർത്തനം ആരംഭിക്കുന്നു. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് പരിഷ്‌കരിച്ച കേരള സവാരി ആപ്പ് പ്രവർത്തനം ആരംഭിക്കുന്നത്. മെട്രോ, വാട്ടർ മെട്രോ, മെട്രോ ഫീഡർ ബസുകൾ, ഓട്ടോകൾ, കാബുകൾ എന്നിവയെ ഏകോപിപ്പിച്ച് ഡിസംബറോടെ മൾട്ടി മോഡൽ ഗതാഗത സംവിധാന ആപ്പ് ആയി കേരള സവാരി മാറും. വൈകാതെ തന്നെ മറ്റ് ജില്ലകളിലേക്കും നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും സർക്കാർ അറിയിച്ചു.

 

തിരുവനന്തപുരത്ത് രണ്ടാം ഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 15 സീറ്റിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. കെഎസ് ശബരീനാഥൻ കോണ്‍ഗ്രസിന്‍റെ മേയര്‍ സ്ഥാനാര്‍ഥിയാകുമെന്ന് എഐസിസി ജനറൽസെക്രട്ടറി കെസി വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്. നേമത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് നേമം ഷജീര്‍ സ്ഥാനാര്‍ഥിയാകും. വി‍ജ്ഞാപനത്തിന് പിന്നാലെ എൽഡിഎഫും രണ്ടു ദിവസത്തിനകം ബിജെപിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും എന്നാണ് വിവരം.

 

താമരശ്ശേരി ഫ്രഷ് കട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിലും സമവായമായില്ല. ഫാക്ടറി തുറക്കാൻ ഉടമകളേയും സമരസമിതിയേയും ഒരുമിച്ചിരുത്തി ചർച്ച വേണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിനുള്ള നിർദേശങ്ങൾ ജില്ലാ ഭരണകൂടത്തിന് നൽകിയിട്ടുണ്ടെന്നും എൽഡിഎഫ് പ്രതിനിധികൾ വ്യക്തമാക്കി. മാലിന്യ പ്രശ്നം പരിഹരിക്കാതെ ഫാക്ടറി തുറക്കാൻ അനുവദിക്കില്ലെന്ന് യുഡിഎഫ് കക്ഷികൾ വ്യക്തമാക്കി. ഫാക്ടറി ഉടമകളുമായി ചേർന്ന് ചർച്ച നടത്താനാവില്ലെന്നും അവർ പറഞ്ഞു.

 

ഓപ്പറേഷൻ സൈ ഹണ്ടിൽ അറസ്റ്റിലായ പെരുമ്പാവൂർ സ്വദേശി ഹസൻ അനസ് ഹാരീസ്‌ ബീരാന്റെ പിഎ ആയി പ്രവർത്തിച്ചിട്ടില്ലെന്ന് എംപിയുടെ ഓഫീസ്. പഠന കാലത്ത് എംപി ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. എന്നാൽ പിഎ ആയി പദവി നൽകിയിരുന്നില്ലെന്ന് എംപി യുടെ ഓഫീസ് അറിയിച്ചു. വാഴക്കുളം മാവിൻ ചുവട് ചെരുംമൂടൻ വീട്ടിൽ ഹസൻ അനസ് (25) ആണ്‌ ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി പൊലീസ് പിടിയിലായത്. എംഎസ്എഫ് ജില്ലാ സെക്രട്ടറി കൂടിയാണ്‌ ഹസൻ അനസ്‌.

 

വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിന് പിറകെ കൊടുവള്ളി നഗസഭാ സെക്രട്ടറിയെ മാറ്റി. ആരോപണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ അനധികൃതമായി അവധിയെടുത്ത നഗരസഭാ സെക്രട്ടറി മനോജ്‌ വിഎസിനെ മാറ്റണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. അനിൽകുമാർ നോച്ചിയിലിനാണ് പകരം നഗരസഭാ സെക്രട്ടറിയുടെ ചുമതല.

 

കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതി ഗൗരവപരമായ വിഷയമാണെന്നും മന്ത്രിസഭായോഗ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്നും മന്ത്രി വി ശിവൻകുട്ടി. ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ല. കത്ത് നൽകുന്നത് ഈ ആഴ്ച കൊണ്ട് പൂർത്തീകരിക്കും. നിലവിൽ ഫയൽ വന്നിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അടുത്താണെന്നും വി ശിവൻ കുട്ടി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 

കെപിസിസി പ്രസിഡൻ്റും പേരാവൂർ എംഎൽഎയുമായ സണ്ണി ജോസഫിനെ മണ്ഡലത്തിലെ പരിപാടിക്കിടെ സിപിഎം പ്രവർത്തകർ ഇറക്കിവിട്ടു. ഇരിട്ടി മുനിസിപ്പാലിറ്റിയിലെ ചാവശ്ശേരി റോഡ് നവീകരണ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎൽഎ. സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡ് ആയതിനാൽ പ്രോട്ടോകോൾ അനുസരിച്ച് എംഎൽഎയാണ് ഉദ്ഘാടനം ചെയ്യേണ്ടത് എന്നായിരുന്നു സണ്ണി ജോസഫിന്റെ വാദം. എന്നാൽ എട്ടുകാലി മമ്മൂഞ്ഞ് ആകാൻ നിൽക്കണ്ട എന്ന് മുദ്രാവാക്യം വിളിച്ച്, സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. തുടർന്ന് എംഎൽഎ വേദിയിൽനിന്ന് ഇറങ്ങിപ്പോയി.

 

സിറോ മലബാർ സഭ നേതൃത്വവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട പൊതുവായ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

 

സര്‍വ്വ ശിക്ഷ കേരളം പദ്ധതിയില്‍ കേരളത്തിന് അര്‍ഹതപ്പെട്ട പണം ഉടന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേരളത്തിലെ റിസോഴ്‌സസ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. അര്‍ഹമായ പണംപോലും നല്‍കുന്നില്ലെന്ന് കേരളം ചൂണ്ടിക്കാട്ടിയപ്പോഴാണ് എസ്എസ്‌കെ ഫണ്ട് ഉടന്‍ കൈമാറുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.

 

ചാവശ്ശേരിയിലെ റോഡ് ഉദ്ഘാടനത്തിൽ നിന്ന് സിപിഎം പ്രവർത്തകർ ഇറക്കിവിട്ട സംഭവത്തിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എംഎൽഎ എന്ന നിലയിൽ താനാണ് റോഡ് നവീകരണത്തിന് തുക ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് ഒന്നേകാൽ കോടി രൂപ സർക്കാർ അനുവദിച്ചത്. ജയരാജന് കിട്ടിയ സ്ത്രീധനം കൊണ്ട് നിർമിക്കുന്ന റോഡ് ആണെങ്കിൽ ഞാൻ പോകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സണ്ണി ജോസഫ്.

 

വോട്ടർപട്ടിക പരിഷ്കരണം നടക്കുകയാണെന്നും വളരെ പ്രധാനമായ കാര്യമാണ് നടക്കുന്നതെന്നും നടൻ മധു. എല്ലാവരും ഇതിൽ പങ്കെടുക്കണം. ഇത് ഒരു കടമയാണ്. മുതിർന്നവരും ഇതിന്റെ ഭാഗമാകണം. നാടിന്റെയും നമ്മുടെയും നന്മക്ക് വേണ്ടി ഉള്ളത് ആണ് ഇതെന്നും മധു പറഞ്ഞു. വോട്ടർപട്ടിക പരിഷ്കരണത്തിൻ്റെ ഭാ​ഗമായി എനുമറേഷൻ ഫോം നൽകാനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വീട്ടിൽ എത്തിയപ്പോഴായിരുന്നു നടൻ മധുവിന്റെ പ്രതികരണം.

 

വർക്കലയിൽ ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കേരള എക്സ്പ്രസിലെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. രണ്ട് പെൺകുട്ടികളും ട്രെയിനിൻ്റെ വാതിൽ ഭാഗത്ത് ഇരിക്കുന്നത് ദൃശൃങ്ങളിൽ കാണാമെന്ന് പൊലീസ് പറയുന്നു. പ്രതിയായ സുരേഷ് കുമാർ ശ്രീക്കുട്ടിയെ ചവിട്ടിതള്ളിയിടുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. രണ്ടാമത്തെ പെൺകുട്ടിയെയും പ്രതി ഉപദ്രവിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

 

വർക്കലയിൽ മദ്യലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട പത്തൊമ്പതുകാരി ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ് ശ്രീക്കുട്ടി. പെൺകുട്ടി ആക്രമിക്കപ്പെട്ട ട്രെയിനിന്റെ ബോഗിയിൽ പൊലീസ് പരിശോധന നടത്തി. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.

 

കൊടും കുറ്റവാളിയും കുപ്രസിദ്ധ മോഷ്ടാവുമായ ബാലമുരുകനായുള്ള തിരച്ചില്‍ തുടര്‍ന്ന് പൊലീസ്. ഇന്നലെ രാത്രിമുതല്‍ തെരച്ചില്‍ ആരംഭിച്ചെങ്കിലും ഇയാളെക്കുറിച്ചുള്ള ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. വിയ്യൂര്‍ ജയിലിലെത്തിക്കും വഴി തമിഴ് നാട് പൊലീസിന്‍റെ കൈയ്യില്‍ നിന്നാണ് ബാലമുരുകൻ ഓടിരക്ഷപെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം.ജയിൽ മോചിതനായതിനു ശേഷം പ്രതികാരം തീർക്കാൻ മറയൂരിൽ എത്തി തുടർ മോഷണങ്ങൾ നടത്തുകയായിരുന്നു ഇയാൾ.

 

ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് ക്ലാസ്മുറിയിൽ വച്ച് കുട്ടികളെ കൊണ്ട് കാല് തിരുമ്മിച്ച അധ്യാപികയ്ക്ക് സസ്പെൻഷൻ. മെലിയാപ്പുട്ടിയിലെ ബന്ദപ്പള്ളി ഗേൾസ് ട്രൈബൽ ആശ്രമം സ്കൂളിലാണ് സംഭവം. ക്ലാസ് മുറിയിൽ പ്ലാസ്റ്റിക് കസേരയിലിരുന്ന അധ്യാപികയുടെ കാൽ നിലത്തിരുന്ന കുട്ടികൾ തിരുമ്മിക്കൊടുക്കുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

 

മാധ്യമപ്രവർത്തകനോട് തട്ടിക്കയറി തമിഴ്നാട് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്‍റ് കെ അണ്ണാമലൈ. കൊയമ്പത്തൂർ ബലാത്സംഗക്കേസിൽ പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകനോടാണ് അണ്ണാമലൈ ക്ഷുഭിതനായി പ്രതികരിച്ചത്. വാർത്താ ഏജൻസിയായ എഎന്‍ഐയുടെ റിപ്പോർട്ടറോടാണ് ചൂടായത്.

 

കോൺ​ഗ്രസിലെ കുടുംബ വാഴ്ചയ്ക്കെതിരെ പരസ്യ വിമർശനമുന്നയിച്ച കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം ശശി തരൂർ എംപിക്കെതിരെ ഹൈക്കമാൻഡ്. തെരഞ്ഞെടുപ്പ് വേളയിൽ പ്രകോപന പ്രസ്താനവകൾ പാടില്ലെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചു. ശശി തരൂരിന്‍റെ ലേഖനം ബിജെപി ബിഹാറിൽ പ്രചാരണയുധമാക്കിയതോടെയാണ് തരൂരിനെ തള്ളി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്.

 

കോൺ​ഗ്രസിലെ കുടുംബ വാഴ്ചയ്ക്കെതിരെ പരസ്യ വിമർശനമുന്നയിച്ച കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം ശശി തരൂർ എംപിക്കെതിരെ ഹൈക്കമാൻഡ്. തെരഞ്ഞെടുപ്പ് വേളയിൽ പ്രകോപന പ്രസ്താനവകൾ പാടില്ലെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചു. ശശി തരൂരിന്‍റെ ലേഖനം ബിജെപി ബിഹാറിൽ പ്രചാരണയുധമാക്കിയതോടെയാണ് തരൂരിനെ തള്ളി കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയത്.

 

ബിഹാറില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വമ്പന്‍ പ്രഖ്യാപനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ സ്ത്രീകൾക്ക് 30,000 രൂപ ഒറ്റത്തവണ ധനസഹായം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട പ്രചാരണം ചൊവ്വാഴ്ച അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

 

സർവ ശിക്ഷ അഭിയാനുമായി ബന്ധപ്പെട്ട് കേരളത്തിന് അർഹമായ തുക നൽകുമെന്ന് കേന്ദ്രം. അർഹതപ്പെട്ട പണം കേന്ദ്രം തടയുന്നുവെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്ര നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായി വിഷയം ചർച്ച ചെയ്തുവെന്നും അഡീഷണൽ സോളിസിറ്റ് ജനറൽ കോടതിയെ അറിയിച്ചു.

 

ഛത്തീസ്ഗഢിലെ ബിലാസ്പൂർ ജില്ലയിൽ പാസഞ്ചർ ട്രെയിനും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ അഞ്ച് പേർ മരിച്ചു. ഇരുപതിലേറെ പേർക്ക് പേർക്ക് പരിക്കേറ്റു. കോർബ പാസഞ്ചർ മെമ്മു ട്രെയിന്‍ ഗുഡ്‌സ് ട്രെയിനിന്റെ പിന്നിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

 

അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികനെ ട്രെയിനിൽ വച്ച് റെയിൽവേ അറ്റൻഡർമാർ കുത്തി കൊലപ്പെടുത്തി. ഗുജറാത്ത് സ്വദേശി ജിഗർ കുമാർ ചൗധരി (27) ആണ് കൊല്ലപ്പെട്ടത്. ജമ്മു താവിയിൽ നിന്ന് സബർമതിയിലേക്ക് പോവുകയായിരുന്ന എക്സ്പ്രസ് ട്രെയിൻ ഞായറാഴ്ച രാത്രി 11 മണിയോടെ രാജസ്ഥാനിലെ ബിക്കാനീറിന് അടുത്തുള്ള ലുങ്കരൻസർ സ്റ്റേഷന് സമീപത്ത് എത്തിയപ്പോഴാണ് സംഭവം.

 

ഇസ്ലാമാബാദിലെ പാകിസ്ഥാൻ സുപ്രീം കോടതിയില്‍ സ്ഫോടനം. കെട്ടിടത്തിന്റെ ബേസ്മെന്റ് കഫറ്റീരിയയിൽ ചൊവ്വാഴ്ച പുലർച്ചെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. അപകടത്തില്‍ 12ഓളം പേര്‍ക്ക് പരിക്കേറ്റു. കോടതി കാന്റീനിൽ ഒരു എയർ കണ്ടീഷനിംഗ് യൂണിറ്റ് നന്നാക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു.

 

ഇന്ത്യ ഒരു ‘ആഗോള സൂപ്പർ പവർ’ ആണെന്നും, രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പ്രതിരോധം, നവീകരണം, ഭീകരവാദ വിരുദ്ധ പ്രവർത്തനം, വ്യാപാരം എന്നീ മേഖലകളിൽ മുമ്പെന്നത്തേക്കാളും ശക്തമാണ് എന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സാർ. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 

തട്ടിപ്പ് തടയാനുള്ള നടപടിയുടെ ഭാ​ഗമായി, ഇന്ത്യക്കാർ ഉൾപ്പെടെയുള്ള നിരവധിപേരുടെ വിസ അപേക്ഷകൾ വ്യാപകമായി റദ്ദാക്കാൻ കനേഡിയൻ അധികൃതർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമുള്ള വ്യാജ സന്ദർശക വിസ അപേക്ഷകൾ തിരിച്ചറിയുന്നതിനും റദ്ദാക്കുന്നതിനും കനേഡിയൻ അധികൃതർ യുഎസ് സ്ഥാപനങ്ങളുമായി സഖ്യത്തിലേർപ്പെട്ടുവെന്നും ആഭ്യന്തര രേഖകൾ ഉദ്ധരിച്ച് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.

 

ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശം വിവാദത്തിലേക്ക്. വ്യാഴാഴ്ച ആരംഭിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുടുംബയിൽ നടന്ന പ്രചാരണ റാലിയിലാണ് രാഹുലിന്റെ പരാമർശം ഉണ്ടായത്. ഇന്ത്യൻ സൈന്യം രാജ്യത്തെ ജനസംഖ്യയുടെ പത്ത് ശതമാനത്തിൻ്റെ നിയന്ത്രണത്തിലാണെന്നുള്ള രാഹുലിന്റെ പരാമർശമാണ് വിവാദത്തിന് കാരണമായത്.

 

ബിഹാർ നിയമസഭയിലേക്ക് ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 121 മണ്ഡലങ്ങളിലെയും പരസ്യപ്രചാരണം അവസാനിച്ചു. കലാശക്കൊട്ടിന് തിരശ്ശീല വീണതോടെ നിശബ്ദ പ്രചരണം ആരംഭിച്ചു. കനത്ത സുരക്ഷാ വിന്യാസമാണ് വ്യാഴാഴ്ച ജനവിധി നടക്കുന്ന 18 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 121 നിയമസഭാ മണ്ഡലങ്ങളിൽ ഒരുക്കിയിട്ടുള്ളത്.

 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രാദേശിക രാഷ്ട്രീയ ശക്തി രൂപപ്പെടുത്തുന്നതിനുള്ള നീക്കം ശക്തമാക്കി നേതാക്കൾ. മേഘാലയ മുഖ്യമന്ത്രിയും നാഷണൽ പീപ്പിൾസ് പാർട്ടി (എൻ‌പി‌പി) അധ്യക്ഷനുമായ കോൺറാഡ് സാങ്മ ഉൾപ്പെടെ നാല് പ്രാദേശിക പാർട്ടികളുടെ നേതാക്കൾ ഒരൊറ്റ രാഷ്ട്രീയ പാർട്ടിയായി മാറാനുള്ള പദ്ധതികൾക്ക് തുടക്കം കുറിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *