Untitled design 20250112 193040 0000 2

 

 

കേരള സ്കൂൾ കായികമേളയിൽ സ്വർണ്ണം നേടിയ വീടില്ലാത്തവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടുകൾ നിർമ്മിച്ചു നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പല കായിക താരങ്ങൾക്കും വീടില്ലാത്ത അവസ്ഥയുണ്ടെന്നും രണ്ടാമത് സ്കൂൾ ഒളിമ്പിക്സിന്റെ ഓർമ്മ നിലനിർത്തുന്നതിനായി ഒരു തീരുമാനം എടുത്തിട്ടുണ്ടെന്നും, 50 വീടുകൾ നിർമ്മിച്ചു നൽകാനാണ് തീരുമാനം ആയി. നിലവിൽ ഇതിനുള്ള സ്പോൺസർമാരായി എന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

ഇടുക്കി അടിമാലിക്ക് സമീപം കൂമ്പൻപാറയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്‌കരിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിന് കാരണമെന്ന് വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻ വൻ ജനാവലിയാണ് എത്തിയത്. ചടങ്ങുകൾ പൂർത്തിയാക്കി മൂന്നു മണിയോടെ ബിജുവിന്റെ ചിതയ്ക്ക് അനുജൻ ശ്യാം തീ കൊളുത്തി.

 

അടിമാലി കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ കുടുംബത്തിനുള്ള ധനസഹായം മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പുനരധിവാസത്തിനുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും റിപ്പോർട്ട് ലഭിക്കുന്നത് വരെ നിർമാണം നടത്തരുതെന്ന് ദേശീയ പാത അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

അടിമാലി കൂമ്പൻപാറയിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട ബിജുവിന്‍റെ മകളുടെ പഠന ചെലവ് നഴ്‌സിംഗ് കോളേജ് ഏറ്റെടുക്കുമെന്ന് അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബിജുവിന്‍റെ മകള്‍ കോട്ടയം കങ്ങഴ തെയോഫിലോസ് നഴ്‌സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിനായി ആ മകളുടെ തുടര്‍ വിദ്യാഭ്യാസ ചിലവുകള്‍, പഠന ഫീസും ഹോസ്റ്റല്‍ ഫീസുമടക്കം എല്ലാം കോളേജ് ഏറ്റെടുക്കാമെന്ന് ചെയർമാൻ മന്ത്രിയെ അറിയിച്ചു.

 

അടിമാലി കൂമ്പൻപാറയില്‍ ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യ ചികിത്സയിൽ തുടരുന്നു. സന്ധ്യയുടെ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും കാൽമുട്ടിന് താഴോട്ട് എല്ലുകളും രക്ത കുഴലുകളും ചതഞ്ഞരഞ്ഞുവെന്നും രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു. ഇടതുകാൽ മുറിച്ചു മാറ്റാതിരിക്കാൻ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ഡോക്ട്ടർമാർ അറിയിച്ചു. അതേസമയം ഭർത്താവ് ബിജു മരിച്ച കാര്യം സന്ധ്യയെ അറിയിച്ചിട്ടില്ല.

 

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറയില്‍ ലക്ഷം വീട് ഉന്നതി ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളിന് അവധി. അടിമാലി ഗവൺമെൻറ് ഹൈസ്കൂളിന് ആണ് നാളെ അവധി പ്രഖ്യാപിച്ചത്.

 

അടിമാലിയിലെ മണ്ണിടിച്ചിലിൻ്റെ പശ്ചാത്തലത്തിൽ ദേശീയപാത നിർമ്മാണം നിർത്തിവെക്കാൻ ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് ഉത്തരവിട്ടു. മണ്ണിടിച്ചിൽ ദുരന്ത സാധ്യതയുള്ള എൻഎച്ച് 85 ലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക ടീം രൂപികരിച്ചു. രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും നാല് ദിവസത്തിനകം വിശദമായ റിപ്പോർട്ടും സമർപ്പിക്കാനാണ് ജില്ലാ കളക്ടറുടെ നിർദേശം.

 

അടിമാലി മണ്ണിടിച്ചിലിൽ ഒരാള്‍ മരിച്ച സംഭവത്തില്‍ കൈകഴുകി ദേശീയപാതാ അതോറിറ്റി. അപകടമുണ്ടായ സ്ഥലത്ത് ദേശീയപാതയുടെ ഒരു നിർമ്മാണവും നടന്നിരുന്നില്ലെന്നാണ് ദേശീയപാതാ അതോറിറ്റിയുടെ വിശദീകരണം. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ബിജുവും ഭാര്യയും അപകടത്തിൽപ്പെട്ടത് വ്യക്തിപരമായ ആവശ്യത്തിന് വീട്ടിൽ പോയപ്പോഴാണെന്നും ദേശീയപാതാ അതോറിറ്റി വിശദീകരിക്കുന്നു.

 

ഇടുക്കി അടിമാലി കൂമ്പൻപാറയിൽ ഒഴിവായത് വൻ ദുരന്തം. ലക്ഷംവീട് ഉന്നതിയിലെ വീടുകൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. അപകടാവസ്ഥ മുൻനിർത്തി 22 കുടുംബങ്ങളെ ശനിയാഴ്ച്ച രാവിലെ മാറ്റിപ്പാര്‍പ്പിച്ചതിനാലാണ് വലിയദുരന്തം ഒഴിവായത്. ദേശീയ പാതക്കായി അശാസ്ത്രീയമായി മണ്ണെടുത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.

 

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയെ അനുനയിപ്പിക്കാൻ പുതിയ നിർദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. വിവാദ വ്യവസ്ഥകളിൽ വീണ്ടും ചർച്ച ആകാമെന്ന നിലപാട് മുന്നോട്ട് വെയ്ക്കും. വ്യവസ്ഥകൾ പരിശോധിക്കാനുള്ള സമിതിയിൽ സിപിഐ മന്ത്രിമാരെ വെയ്ക്കാമെന്നും നിർദേശിക്കും. അതേസമയം, കരാറിൽ ഒപ്പിട്ടതിനാൽ തന്നെ ഈ മൂന്നു നിര്‍ദേശങ്ങള്‍ക്കും സാധുതയില്ല. സര്‍ക്കാരിന്‍റെ മുഖം രക്ഷിക്കാനുള്ള പേരിനൊരു നിര്‍ദേശമാണിതെന്നതാണ് വിലയിരുത്തൽ.

 

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറിയുടെ മൗനം വേദനിപ്പിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പ്രകാശ് ബാബു. ഡി രാജ ഭക്ഷണം പോലും കഴിക്കാതെ ആണ് എംഎ ബേബിയെ പോയി കണ്ടത്. എല്ലാ ചോദ്യങ്ങൾക്കും എംഎ ബേബിക്ക് മൗനം മാത്രം ആയിരുന്നു മറുപടി. ഇത് വ്യക്തിപരമായി വേദനിപ്പിച്ചുവെന്നും ബേബി നന്നായി ഇടപെടാൻ അറിയുന്ന ആളാണെന്നും പ്രകാശ് ബാബു കൂട്ടിച്ചേർത്തു.

 

കേന്ദ്ര സർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി മന്ത്രി വി‌ ശിവൻകുട്ടി. 47 ലക്ഷത്തോളം വിദ്യാർത്ഥികളെ ബാധിക്കുന്ന പ്രശ്നമാണിതെന്നും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യം വിട്ടുവീഴ്ച ചെയ്യാതെയാണ് ഫണ്ട് വാങ്ങുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. പാഠപുസ്തകം തയാറാക്കുന്നത് സർക്കാർ തന്നെയാണ്. എൻഇപിയിൽ ഇത് പറയുന്നുണ്ട്. ഏത് നിമിഷവും വേണമെങ്കിൽ പിൻമാറാം എന്ന് എംഒയുവിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു.

 

പിഎം ശ്രീ പദ്ധതിയിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി നിസഹായ അവസ്ഥയിലാണെന്ന സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം പ്രകാശ് ബാബുവിൻറെ പ്രസ്താവനയിൽ സിപിഎം കേന്ദ്ര നേതൃത്വം സിപിഐയെ പ്രതിഷേധം അറിയിച്ചു. വളരെ നിസ്സഹായനാണ്, കുറച്ച് ശക്തി പ്രകാശ് ബാബുവിൽ വാങ്ങാമെന്ന് മറുപടി നൽകിയ എം.എ. ബേബി, കേന്ദ്ര നേതൃത്വം ഇടപെടില്ലെന്ന് ആരും ഇപ്പോൾ തീരുമാനിക്കേണ്ടതില്ലെന്നും വ്യക്തമാക്കി.

 

കേരളം 2024 മാര്‍ച്ചിൽ തന്നെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കാമെന്ന് ഉറപ്പു നൽകിയിരുന്നുവെന്ന് കേന്ദ്ര സ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാര്‍. പിഎം ശ്രീയിൽ ചേര്‍ന്നതുകൊണ്ട് എൻഇപി സിലബസ് അതുപോലെ നടപ്പാക്കണമെന്ന് നിര്‍ബന്ധമില്ലെന്നും സഞ്ജയ് കുമാര്‍ പറഞ്ഞു. വിദ്യാഭ്യാസം കണ്‍കറന്‍റ് പട്ടികയിലാണ്. അതിനാൽ തന്നെ കരിക്കുലവും പാഠപുസ്തകവും സംസ്ഥാനങ്ങള്‍ക്കും തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

പിഎം ശ്രീ വിവാദത്തിൽ സിപിഐയെ പരിഹസിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാനാണ് സിപിഐ എതിർപ്പ് ഉയർത്തുന്നതെന്നും മുഖ്യമന്ത്രി കണ്ട് സംസാരിച്ചാൽ സിപിഐയുടെ പ്രശ്നമെല്ലാം അവിടെത്തീരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേന്ദ്രവുമായി ചർച്ചചെയ്ത് പലതും നേടിയെടുക്കുമ്പോൾ അന്തർധാര എന്നല്ല പ്രായോഗിക ബുദ്ധി എന്ന് വേണം പറയേണ്ടതെന്നും പ്രായോഗിക ബുദ്ധി ഉപയോഗിച്ച് സർക്കാർ പണം വാങ്ങട്ടെയെന്നും അദ്ദേഹം പറഞ്ഞു.

 

പിഎം ശ്രീയില്‍ പരസ്യ വിമർശനവുമായി മന്ത്രി പി പ്രസാദ്. എല്ലാ മേഖലകളിലും സംഘപരിവാർ അജണ്ട പടർന്നു കയറുന്നെന്നും അജണ്ടകളോട് പൊരുത്തപ്പെടാനാകില്ല, വിദ്യാഭ്യാസ മേഖലയിലും ഇതു തന്നെയാണ് സ്ഥിതി.വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണം തലമുറകളെ ലക്ഷ്യം വച്ചുള്ളതാണ്, നരേന്ദ്രമോദി ഭരണകൂടം ഇന്ത്യയെ ബാധിച്ച അണുബാധയാണ്. രാജവെമ്പാലയും പൊട്ടാസ്യം സയനൈഡും ഒന്നിച്ചു ചേർന്നതാണ് മോദിയും അമിത് ഷായും എന്നും പി പ്രസാദ് പറഞ്ഞു.

 

മോഹൻലാൽ, മമ്മൂട്ടി, കമല്‍ഹാസൻ എന്നിവര്‍ക്ക് തുറന്ന കത്തുമായി സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍. നവംബർ ഒന്നിന് നടക്കാനിരിക്കുന്ന അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ ഇവര്‍ ക്ഷണിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ആശാ പ്രവര്‍ത്തകരുടെ കത്ത്.അതിദാരിദ്ര്യ വിമുക്ത കേരളത്തിന്‍റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുക വഴി നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതിൽ തർക്കമില്ല. അതുകൊണ്ട് ചടങ്ങിൽ നിന്ന് മോഹൻലാലും മമ്മൂട്ടിയും കമൽഹാസനും വിട്ടുനില്‍ക്കണമെന്നും ആശാ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

 

25 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം തമിഴ്‌നാട്ടിലെ ഹൊസൂരില്‍ നിന്ന് കേരളത്തിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു. കണ്ണൂരിലേക്കുള്ള കെ എസ് ആർ ടി സി സൂപ്പർ ഫാസറ്റ് ബസിൻ്റെ ഫ്ലാഗ് ഓഫ് ഹൊസുരിലെ മലയാളികളുടെ സംഘടനയായ കൈരളി സമാജം പ്രവർത്തകർ ചേർന്ന് നിർവഹിച്ചു. എ.എ. റഹീം എംപിയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഹൊസൂരില്‍ താമസിക്കുന്ന പതിനായിരക്കണക്കിന് മലയാളികളുടെ ദീര്‍ഘകാലത്തെ ആവശ്യം യാഥാര്‍ത്ഥ്യമായത്.

 

ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്തുകൊടുത്തത് ദേവസ്വം ബോർ‍‍ഡും മന്ത്രിയുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പോറ്റി കുടുങ്ങിയാൽ ഇവരെല്ലാവരും കുടുങ്ങുമെന്നതിനാൽ പോറ്റിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും കോടതി ഇടപെട്ടില്ലെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹവും കളവ് പോകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

 

ജി സുധാകരനെ അവഗണിച്ച് സിപിഎം. സിപിഎം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി ഇറക്കിയ പാലം ഉദ്ഘാടന നോട്ടീസിൽ നിന്ന് ജി സുധാകരനെ ഒഴിവാക്കി. നേരത്തെ പിഡബ്ല്യൂഡി ഇറക്കിയ നോട്ടീസിൽ ഉൾപ്പടെ ജി സുധാകരന്റെ പേരും ചിത്രവും ഉണ്ടായിരുന്നു. പങ്കെടുക്കുന്നവരുടെ ലിസ്റ്റിലായിരുന്നു ജി സുധാകരന്റെ പേരുണ്ടായിരുന്നത്. നാളെ മുഖ്യമന്ത്രിയാണ് പാലം ഉദ്ഘാടനം ചെയ്യുന്നത്. ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് നാലുചിറ പാലം കൊണ്ടുവന്നത്.

 

സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്റെ ഫണ്ട് പിരിവ് ചിലർ തടയുന്നെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഫണ്ട്‌ പിരിക്കുന്നത് തന്റെ ആവശ്യത്തിന് വേണ്ടി അല്ലെന്നും സമസ്തയുടെ പ്രവർത്തനത്തിന് വേണ്ടി ആണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്തയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നവരെ ഭാരവാഹിത്വത്തിൽ നിന്നും മാറ്റി നിർത്തണമെന്നും ആവശ്യപ്പെട്ടു.

 

കോഴിക്കോട് സ്റ്റേഡിയത്തിലെ ബൈക്ക് റേസ് പ്രശസ്ത സിനിമാ താരം സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്യുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാന്‍ അറിയിച്ചു. കൂടാതെ വണ്ടി പൂട്ടുമത്സരം അംഗീകാരത്തിനുള്ള ആവശ്യം സർക്കാരിൻ്റെ പരിഗണനയിലുണ്ടെന്നും കായികമന്ത്രി മലപ്പുറത്ത് പറഞ്ഞു.

 

മുട്ടിൽ മരം മുറി കേസിലെ പ്രതികൾക്ക് സർക്കാർ പരിപാടിയുടെ സ്പോൺസർ ആകാൻ എന്ത് യോഗ്യതയാണുള്ളതെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. മെസ്സി കേരളത്തിൽ എത്തുന്ന കാര്യം സംബന്ധിച്ച് കായിക മന്ത്രി വ്യക്തത വരുത്തണമെന്നും പി കെ ഫിറോസ് പറഞ്ഞു. കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് മന്ത്രിയാണെന്നും ആരെങ്കിലും അങ്ങോട്ട് ആവശ്യപ്പെട്ടിട്ടല്ല മെസ്സിയെ കൊണ്ടു വരുമെന്ന് മന്ത്രി പറഞ്ഞതെന്നും ഫിറോസ് പറഞ്ഞു.

 

സംസ്ഥാന സ്കൂൾ കായിക മേളയിൽ പ്രായത്തട്ടിപ്പെന്ന് പരാതി. പ്രായം കൂടിയ മറുനാടൻ താരത്തെ മീറ്റിൽ മത്സരിപ്പിച്ചെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. അണ്ടർ 19 വിഭാഗത്തിൽ മത്സരിപ്പിച്ച കോഴിക്കോട് പുല്ലൂരാംപാറ സ്കൂൾ താരത്തിനു പ്രായം 21 വയസും 5 മാസവുമാണെന്നാണ് വിവരം. കൂടുതൽ താരങ്ങൾക്കെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്.

 

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനോടൊപ്പം വേദി പങ്കിട്ടതിൽ പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരനെ തള്ളി ബിജെപി ജില്ലാ പ്രസിഡൻ്റ്. ഇക്കാര്യം ചർച്ച ചെയ്യാൻ ബിജെപി അടിയന്തര കോർ കമ്മിറ്റി യോഗം വിളിച്ചു. ജില്ലാ പ്രസിഡൻ്റിൻ്റെ നിലപാട് തള്ളി പ്രമീള ശശിധരനെ പിന്തുണച്ച് മറുവിഭാഗവും രംഗത്തെത്തി. അതേസമയം, വികസന പ്രവർത്തനമെന്ന നിലയിലാണ് പരിപാടിയില്‍ പങ്കെടുത്തത് എന്നാണ് പ്രമീള ശശിധരന്‍റെ പ്രതികരണം.

 

രാജ്യവ്യാപകമായി നടക്കുന്ന എസ്ഐആറിന്റെ (തീവ്ര വോട്ടർ പട്ടിക പരിഷ്കരണം) ഷെഡ്യൂൾ തിങ്കളാഴ്ച പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താ സമ്മേളനത്തിൽ ഷെഡ്യൂൾ പ്രഖ്യാപിക്കുമെന്നാണ് വിവരം. വൈകുന്നേരം 4.15-നാണ് വാർത്താ സമ്മേളനം.

 

കണ്ണൂർ മുൻ എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച ടി വി പ്രശാന്തൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി. ദിവ്യ, എന്നിവര്‍ക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം മാനനഷ്ടക്കേസ് ഫയൽ ചെയ്തു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. നവീൻ ബാബുവിനെ അഴിമതിക്കാരനെന്ന് തെറ്റായി പൊതുസമൂഹത്തിന് മുന്നിൽ ചിത്രീകരിച്ചുവെന്നും മരണശേഷവും പ്രശാന്തൻ പലതവണ ഇത് ആവർത്തിച്ചു എന്നാണ് ഹര്‍ജിയിലെ ആരോപണം.

 

മത്സ്യസമ്പത്തിന്‍റെ നാശത്തിനിടയാക്കും വിധം നിയമവിരുദ്ധമായി പെലാജിക് നെറ്റും തീവ്രവെളിച്ച സംവിധാനങ്ങളുമായി മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകള്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ പിടികൂടി. തമിഴ്‌നാട് തൂത്തൂര്‍ വട്ടവിളാകം സ്വദേശി ഗില്‍ബര്‍ട്ടിന്റെ ‘ലൗ മേരി’ എന്ന ബോട്ടും പുതിയങ്ങാടി കറുപ്പന്‍കണ്ടി സുജിത്തിന്റെ ഉടമസ്ഥതയിലുള്ള ‘ശിവദം’ ബോട്ടുമാണ് പിടിച്ചെടുത്തത്. ഉദ്യോഗസ്ഥര്‍ ഇരുബോട്ടുകള്‍ക്കുമായി 3.40 ലക്ഷം രൂപ പിഴ ചുമത്തി.

 

ഓപ്പറേഷൻ സിന്ദൂറിനെയും കേന്ദ്രസർക്കാരിന്റെ മാവോയിസ്റ്റ് വിരുദ്ധ നടപടികളെയും പുകഴ്ത്തി പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത്. ഓപ്പറേഷൻ സിന്ദൂർ ഓരോ ഇന്ത്യക്കാരിലും അഭിമാനം നിറച്ചുവെന്നും ദീപാവലി ദിനങ്ങളിൽ മാവോയിസ്റ്റ് ഭീകരതയുടെ ഇരുട്ട് നിറഞ്ഞ പ്രദേശങ്ങളിലും ദീപം തെളിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ ഇനം നായ്ക്കൾ സുരക്ഷാസേനയുടെ ഭാഗമാകുന്നതും രാജ്യത്തെ ശുചിത്വ പരിപാടികളുടെ പുരോഗതിയും പ്രധാനമന്ത്രി മൻ കിബാത്തിൽ ഉയർത്തിക്കാട്ടി.

 

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 1200 സ്പെഷ്യൽ ട്രെയിനുകൾ എവിടെയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉത്സവ സീസണിലെ ട്രെയിൻ ക്രമീകരണങ്ങളെ വിമർശിച്ചാണ് പ്രതികരണം. ഛഠ് പൂജയ്ക്കായി ബിഹാറിലേക്ക് യാത്ര ചെയ്യുന്ന അതിഥി തൊഴിലാളികൾ നേരിടുന്ന ദുരിതം ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ വിമർശനം. ബിഹാറിലേക്കുള്ള ട്രെയിനുകൾ നിറഞ്ഞ് കവിഞ്ഞിരിക്കുന്നു, പല ട്രെയിനുകളും അതിന്റെ ശേഷിയുടെ 200% വരെ ആളുകളെ വഹിക്കുന്നുവെന്ന് രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ വിമർശിച്ചു.

 

എഴുപത് യാത്രക്കാരുമായി ദില്ലിയിൽ നിന്ന് ഗോണ്ടയിലേക്ക് പോയ സ്ലീപ്പർ ബസ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ചു. ആഗ്ര – ലഖ്‌നൗ എക്സ്പ്രസ്‌വേയിൽ മധ്യപ്രദേശിലെ ഇൻഡോറിന് സമീപം അശോക്‌നഗറിലാണ് സംഭവം. ടോൾ പ്ലാസയെത്തുന്നതിന് അര കിലോമീറ്റർ മുൻപ് ബസ് പൊടുന്നനെ തീപിടിച്ച് കത്തിയെന്നാണ് വിവരം. എന്നാൽ തീ ആളിക്കത്തുന്നതിന് മുൻപ് യാത്രക്കാരായ 70 പേരെയും ബസിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കി.

 

തലസീമിയ രോഗബാധിതരായ അഞ്ച് കുട്ടികൾക്ക് രക്തം കുത്തിവച്ചതിന് പിന്നാലെ എച്ച്ഐവി ബാധ സ്ഥിരീകരിച്ച സംഭവത്തിൽ ജാർഖണ്ഡിൽ ഡോക്‌ടറടക്കം അഞ്ച് പേർക്ക് സസ്പെൻഷൻ. ജാർഖണ്ഡിലെ വെസ്റ്റ് സിങ്ബും ജില്ലാ സിവിൽ സർജനെയും മറ്റ് നാല് ഉദ്യോഗസ്ഥരെയുമാണ് സസ്പെൻ്റ് ചെയ്തത്. ഏഴ് വയസുകാരനായ തലസീമിയ ബാധിതൻ്റെ കുടുംബം ആരോപണവുമായി രംഗത്ത് വന്നതിന് പിന്നാലെ മുഖ്യമന്ത്രി ഹേമന്ത് സോറൻ നേരിട്ടാണ് നടപടിയെടുത്തത്.

 

എല്ലാവരെയും ഉൾക്കൊള്ളുന്ന നയമാണ് ഇന്ത്യയും ആസിയാനും പിന്തുടരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലേഷ്യയിൽ നടന്ന ഇന്ത്യ ആസിയാൻ ഉച്ചകോടിയിൽ ഓൺലൈനായി സംസാരിക്കുമ്പോഴായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്. അമേരിക്കയുമായുള്ള തീരുവ തർക്കം തുടരുമ്പോഴാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വ്യപാര രംഗത്ത് ആസിയാനുമായുള്ള സഹകരണം ശക്തമാക്കുമെന്നും മോദി അറിയിച്ചു.

 

ഛത്തീസ്‌ഗഡിൽ സിപിഐ മാവോയിസ്റ്റ് ഡിവിഷൻ സെക്രട്ടറി മുകേഷ് അടക്കം 21 പേർ ആയുധം വച്ച് കീഴടങ്ങി. ഛത്തീസ്‌ഗഡിലെ കാങ്കർ ജില്ലയിലാണ് 21 മാവോയിസ്റ്റുകൾ കീഴടങ്ങിയത്. തങ്ങളുടെ പക്കലുണ്ടായിരുന്ന 18 ആയുധങ്ങളും ഇവർ പൊലീസിന് നൽകി. മാവോയിസ്റ്റുകളുടെ സായുധ പോരാട്ടം ഇല്ലാതാക്കുന്നതിൻ്റെ ഭാഗമായുള്ള പുനരധിവാസ പദ്ധതി പ്രകാരമാണ് ഈ നീക്കം.

 

ദില്ലിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ന് ശരാശരി വായു ഗുണനിലവാര സൂചിക 300ന് മുകളിൽ രേഖപ്പെടുത്തി. 323 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എക്യുഐ. ഒന്നിൽ കൂടുതൽ ഇടങ്ങളിൽ ഇന്ന് എക്യുഐ 400ന് മുകളിൽ രേഖപ്പെടുത്തി. ഇതേ തുടർന്ന് ആന്റി സ്മോഗ് ഗണ്ണുകളും വാട്ടർ സ്പ്രിംഗ്ലറുകളും ദില്ലിയിലെ പൊതുയിടങ്ങളിലും കെട്ടിടങ്ങളിലും സ്ഥാപിച്ചു.

 

കരൂരിൽ തമിഴക വെട്രി കഴകം റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബാംഗങ്ങളെ നടനും പാർട്ടി അധ്യക്ഷനുമായ വിജയ് നാളെ നേരിൽ കാണും. കരൂരിൽ നിന്നും ടി.വി.കെ വാഹനങ്ങളിലാണ് കുടുംബാംഗങ്ങളെ ചെന്നൈക്ക് സമീപം മഹാബലിപുരത്തേക്ക് എത്തിച്ചിരിക്കുന്നത്. മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിലാണ് ഇവർക്കായി 50 മുറികൾ ഒരുക്കിയിട്ടുള്ളത്.കൂടിക്കാഴ്ച അടച്ചിട്ട മുറികളിൽ വെച്ച് നടത്താനാണ് തീരുമാനം.

 

മഹാരാഷ്ട്രയിലെ ഔറംഗാബാദ് നഗരത്തിന്‍റെ പേര് മാറ്റി മൂന്ന് വർഷത്തിന് ശേഷം, ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്‍റെയും പേര് ഔദ്യോഗികമായി മാറ്റി ഇന്ത്യന്‍ റെയില്‍വെ. “ഛത്രപതി സംഭാജിനഗർ റെയിൽവേ സ്റ്റേഷൻ” എന്ന് ഔറംഗാബാദ് റെയിൽവേ സ്റ്റേഷന്‍റെ പുതിയ പേര് സൗത്ത് സെൻട്രൽ റെയിൽവേയാണ് ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

 

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയ ബീഹാറിലെ ജാമുയി ജില്ലയില്‍ പര്യവേക്ഷണത്തിന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യയുടെ ആകെ സ്വര്‍ണ്ണ ശേഖരത്തിന്റെ 44 ശതമാനവും ജാമുയിയിലാണുള്ളതെന്നാണ് കണ്ടെത്തല്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ 2022-ലെ പഠനം അനുസരിച്ച്, ജാമുയി ജില്ലയില്‍ 222.88 ദശലക്ഷം ടണ്‍ സ്വര്‍ണ്ണ അയിര് ശേഖരം ഉണ്ടെന്നാണ് കണക്ക്.

 

ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് കുർണൂലിൽ അഗ്നിക്കിരയായി 20 പേർ മരിച്ച സംഭവത്തിൽ പ്രദേശവാസികളായ 2 യുവാക്കളാണ് അപകടത്തിന് കാരണക്കാരെന്ന് പൊലീസ് വ്യക്തമാക്കി. കുർണൂൽ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ അപകടമാണ് 19 പേരുടെ ജീവനെടുത്തത്. ശിവശങ്കർ, എറി സ്വാമി എന്നിവർ മദ്യപിച്ച് ബൈക്ക് ഓടിച്ച് അപകടമുണ്ടായ ശേഷം റോഡിൽ കിടന്ന ഈ ബൈക്കിന് മുകളിലൂടെ ബസ് കയറിയപ്പോൾ ഇന്ധന ടാങ്കിൽ തട്ടിയാണ് പൊട്ടിത്തെറിയുണ്ടായത്.

 

ലോകത്തിലെ ആദ്യത്തെ എ ഐ മന്ത്രിയായ അൽബേനിയയുടെ ‘ഡീല്ല’ (Diella) ഗർഭിണിയാണെന്ന് പ്രധാനമന്ത്രി എഡി രാമ പ്രഖ്യാപിച്ചു. സോഷ്യലിസ്റ്റ് പാർട്ടിയിലെ ഓരോ പാർലമെന്‍റ് അംഗത്തിനും വേണ്ടി ഓരോ എ ഐ സഹായികളെ, അഥവാ ഡീല്ലയുടെ 83 ‘കുട്ടികളെ’ സൃഷ്ടിക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ബെർലിനിൽ നടന്ന ഗ്ലോബൽ ഡയലോഗിൽ സംസാരിക്കവെയാണ് രാമ ഈ പ്രഖ്യാപനം നടത്തിയത്.

 

റഷ്യന്‍ എണ്ണക്കമ്പനികള്‍ക്ക് മേല്‍ അമേരിക്ക പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ, റഷ്യയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ വാങ്ങിയിരുന്ന ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ പിന്‍മാറിയേക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസിൻ്റെ റിപ്പോര്‍ട്ട്. റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലുക്കോയിലിനും എതിരെയാണ് അമേരിക്ക ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നീക്കം, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഇന്ത്യന്‍ സ്വകാര്യ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *