മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ ശുപാർശകളിൽ തുടർനടപടി സ്വീകരിക്കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി തിങ്കളാഴ്ച യോഗം വിളിച്ചു ചേർത്തതായി നിയമ മന്ത്രി പി രാജീവ് അറിയിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിനും നിയമ മന്ത്രി പി രാജീവിനും മുനമ്പം സമരസമിതി നന്ദി അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി സ്വപ്ന സുരേഷ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മുഖ്യമന്ത്രിക്കെതിരെ പരോക്ഷ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിവേക് കിരണിന്റെ ഇ ഡി സമൻസിലെ മെല്ലെപ്പോക്കിലാണ് സ്വപ്ന സുരേഷിന്റെ പ്രതികരണം. യുഎഇയിൽ ബാങ്ക് ഉദ്യോഗസ്ഥനായ വിവേക് കിരണിന് സ്റ്റാർ ഹോട്ടൽ ഉണ്ടെന്ന ആക്ഷേപവും കുറിപ്പിൽ പറയുന്നു. 2018ൽ യുഎഇ കൗൺസിൽ ജനറൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി സന്ദർശിച്ചപ്പോൾ മകനെ മുഖ്യമന്ത്രി കൗൺസിൽ ജനറലിനെ പരിചയപ്പെടുത്തിയെന്നും യുഎഇയിൽ സ്റ്റാർ ഹോട്ടൽ വാങ്ങുന്നതിന് മകനെ സഹായിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നും സ്വപ്ന കുറിപ്പിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ മകനെതിരായ ആരോപണം മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ളതാണെന്ന് മന്ത്രി വി ശിവൻകുട്ടി. 2023ൽ നടന്ന സംഭവമാണ് ഇപ്പോൾ വലിയ കാര്യമായി അവതരിപ്പിക്കുന്നത്. ഇഡി നടപടി എടുക്കാത്തത് കൊണ്ടുതന്നെ പൊള്ളത്തരം വ്യക്തമാണ്. ഇതിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന തിരിച്ചറിയണം. ഏതന്വേഷണം നേരിടാനും തയാറാണ്. സർക്കാരിനും സിപിഎമ്മിനും ഒന്നും മറയ്ക്കാനില്ല. രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാൽ കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കൊച്ചി വാട്ടര്‍ മെട്രോ വിപുലീകരണത്തിന്റെ ഭാഗമായി മട്ടാഞ്ചേരി- വില്ലിംഗ്ടൺ ഐലൻ്റ് ടെര്‍മിനലുകള്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. മട്ടാഞ്ചേരിയിലേക്ക് കൂടി വാട്ടർ മെട്രോ എത്തുന്നത് പശ്ചിമ കൊച്ചിയുടെ മുഖച്ഛായ വലിയ തോതിൽ മാറ്റുമെന്ന് മുഖ്യമന്ത്രി.കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് ഒരു നിർണ്ണായക ചുവടുവെപ്പാണ് വാട്ടർ മെട്രോ.നഗരത്തിൻ്റെയും ഇവിടുത്തെ ജനങ്ങളുടെയും ജീവിത നിലവാരം കാര്യമായി ഉയർത്താനും കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ ക്രൈബ്രാഞ്ച് ആസ്ഥാനത്ത് കേസെടുത്തു. കേസ് പ്രത്യേക സംഘത്തിന് കൈമാറും. ക്രൈംബ്രാഞ്ച് മേധാവി കൂടിയായ എച്ച് വെങ്കിടേഷാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെയും മേധാവി. സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണ അധികാരമുള്ളതുകൊണ്ടാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ഉണ്ണികൃഷ്ണൺ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പടെ കേസിൽ പത്ത് പേര്‍ പ്രതികളാണ്.
തൃശൂരിൽ പുത്തൂർ സുവോളജിക്കൽ പാർക്കുമായി ബന്ധപ്പെടുത്തി കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസിന് അനുമതി ലഭിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. റവന്യൂ മന്ത്രി കെ രാജൻ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഡബിൾ ഡെക്കർ അനുവദിക്കുന്നതിനുള്ള തീരുമാനമെടുത്തത്.
പഞ്ഞമാസങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവായതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനും പഞ്ഞമാസങ്ങളിൽ അവരുടെ വരുമാനം നിലനിർത്തുന്നതിനും വേണ്ടിയാണ് സമ്പാദ്യ സമാശ്വാസ പദ്ധതി നടപ്പിലാക്കുന്നത്
വീടുകളിൽ ആൺ, പെൺ വ്യത്യാസമില്ലാതെ സമഭാവനയുടെ അന്തരീക്ഷം വളർത്തിയെടുത്ത് പെൺകുട്ടികളെ അവരുടെ ഭാവി ജീവിതത്തിൽ പ്രതികരണ ശേഷി ഉള്ളവരായി മാറ്റാൻ ആത്മവിശ്വാസം നൽകണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. മുറ്റം അടിച്ചു വാരാൻ പെൺ കുട്ടികളേ പാടുള്ളൂവെന്ന മുതിർന്നവരുടെ മനസ്ഥിതി മാറണം എന്നും അവർ പറഞ്ഞു.
പാലക്കാട് ശ്രീകൃഷ്ണപുരത്ത് യുവതിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ദീക്ഷിതിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. പ്രതി വൈഷ്ണവിയെ കൊലപ്പെടുത്തിയത് മുഖത്ത് ബെഡ്ഷീറ്റ് അമർത്തിയാണെന്ന് പൊലീസ് പറയുന്നു. വൈഷ്ണവി മരിച്ചെന്ന് ഉറപ്പായി ഒരു മണിക്കൂറിന് ശേഷമാണ് പ്രതി ബന്ധുക്കളെ വിവരമറിയിച്ചത്. ദീക്ഷിതിനെതിരെ പട്ടികജാതി വർഗ അതിക്രമം തടയൽ നിയമ പ്രകാരവും കേസെടുത്തു.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വീണ്ടും അനധികൃത പ്രസാദ നിര്‍മാണം കണ്ടെത്തി. ഇന്നലെയുണ്ടായ സംഭവത്തിന് പിന്നാലെയാണ് വീണ്ടും അനധികൃത കരിപ്രസാദ നിർമ്മാണം കണ്ടെത്തിയിരിക്കുന്നത്. ദേവസ്വം ബോർഡ് കോർട്ടേഴ്സിന് മുകളിലാണ് കറുത്ത പൊടി അടക്കം ഉപയോഗിച്ച് കരി പ്രസാദം തയ്യാറാക്കിയിരുന്നത്. ശാന്തിമാർ താമസിക്കുന്ന കോർട്ടേഴ്സിന് മുകളിലാണ് സംഭവം. പൊലീസിന്റെ സാന്നിധ്യത്തിൽ കെട്ടിടം പൂട്ടി.
ഭിന്നശേഷി സംവരണ നിയമന വിവാദത്തിൽ സമവായ നീക്കവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചങ്ങനാശ്ശേരി അതിരൂപതാ ആസ്ഥാനത്തെത്തി ആർച്ച് ബിഷപ്പ് തോമസ് തറയലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സൗഹാർദപരമായ ചർച്ചയാണ് നടത്തിയതെന്ന് കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ചർച്ചയിലൂടെ പ്രശ്നത്തിന് പരിഹാരം കാണുമെന്നും ബന്ധപ്പെട്ട ആൾക്കാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി യുഡിഎഫ് മുന്നണിയിലേക്ക് വരണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ജോസ് കെ. മാണിക്ക്ആവശ്യമായ സംരക്ഷണം ലഭിക്കേണ്ടതുണ്ടെന്നും അവിടെയും ഇവിടെയും പോയി എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സ്കൂൾ ഗെയിംസ് സൈക്ലിംഗ് മത്സരത്തിനിടെ അപകടം. പാലക്കാട് നടന്ന മത്സരത്തിനിടയിലാണ് അപകടമുണ്ടായത്. പാലക്കാട് – മലമ്പുഴ 100 ഫീറ്റ് റോഡിൽ വെച്ച് മത്സരാർത്ഥിയുടെ സൈക്കിളും സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മത്സരാർത്ഥിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. അപകടത്തെ തുടർന്ന് മത്സരം നിർത്തിവച്ചു. സംസ്ഥാന സ്കൂൾ ഗെയിംസ് സംഘാടനത്തിൽ വൻ പിഴവാണ് ഉണ്ടായിട്ടുള്ളത്.
കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് അനശ്ചിതകാലത്തേക്ക് അടച്ചു. അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയും ക്ലാസുകൾ ഉണ്ടാകില്ല. ഹോസ്റ്റലുകളും ഒഴിഞ്ഞുപോകണമെന്ന് വിദ്യാർത്ഥികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മുതലാണ് ക്യാമ്പസിനുള്ളിൽ സംഘർഷം ഉണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസ് പoന വകുപ്പുകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടുന്നത്.
ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം. യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ശബരിമലയിൽ മാത്രമല്ല കേരളത്തിൽ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ദേവസ്വം മന്ത്രി ഈഴവനാണെന്നും അതുകൊണ്ട് വളരാൻ സമ്മതിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.
ഇന്നലെ ഷാഫി പറമ്പിൽ എംപിക്ക് പൊലീസ് മർദ്ദനമേറ്റതിനെത്തുടർന്ന് പരിക്ക് പറ്റിയ സാഹചര്യത്തിൽ പ്രതികരിച്ച് കോഴിക്കോട് എൽഡിഎഫ് ജില്ലാ കമ്മിറ്റി. പേരാമ്പ്രയിലുണ്ടായത് ആസൂത്രിതമായ സംഭവമെന്നും ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമമുണ്ടായെന്നും ശക്തമായ ജനകീയ മുന്നേറ്റമുണ്ടാകുെമെന്നും എൽഡിഎഫ് കൺവീനർ മുക്കം മുഹമ്മദിന്റെ പ്രതികരണം.
ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ച് കോണ്‍ഗ്രസ്. പലയിടത്തും പ്രതിഷേധപ്രകടനം സംഘർഷത്തിൽ കലാശിച്ചു. ശബരിമല സ്വർണ്ണപ്പാളി വിഷയം ഉൾപ്പെടെ വഴിതിരിച്ചു വിടാനാണ് കരുതിക്കൂട്ടി എംപിയെ ആക്രമിച്ചതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനത്തിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഷാഫിയെ പൊലീസ് മനപ്പൂർവം ആക്രമിച്ച് പരിക്കേൽപ്പിച്ചു. ഷാഫി സിപിഎമ്മിന് തലവേദനയാണെന്നും ഷാഫിയെ ഇല്ലാതാക്കാൻ നടക്കുന്ന ശ്രമങ്ങൾ പ്രതിഷേധാർഹമെന്നും അദ്ദേഹം പ്രതികരിച്ചു. കുറ്റവാളികൾ ആയ പൊലീസുകാരെ സസ്പെൻഡ് ചെയ്യണം. ചോരക്കളി വേണ്ടെന്നും സിപിഎം ഭീഷണിക്ക് വഴങ്ങില്ലെന്നും ജനങ്ങളുടെ പിന്തുണയിൽ ചെറുത്‌ത് തോല്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ബേക്കറി ഉടമയായ സ്ത്രീ ആത്മഹത്യ ചെയ്തതിൽ കോൺഗ്രസ് കൗൺസിലർക്കെതിരെ ലൈംഗികാതിക്രമ കുറ്റം കൂടി ചുമത്തി. വായ്പ ശരിയാക്കാമെന്ന പേരിൽ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റവും ചുമത്തിയിരുന്നു. ഇയാൾ ഒളിവിലാണ്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് തലയ്ക്ക് വെട്ടേറ്റ ഡോക്ടർ വിപിൻ വി ടി ആശുപത്രി വിട്ടു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡോക്ടർ ഇന്ന് ഉച്ചയോടെയാണ് ആശുപത്രി വിട്ടത്. തലയ്ക്ക് എട്ട് സെന്റീമീറ്റർ ആഴത്തിൽ മുറിവേറ്റ ഇദ്ദേഹത്തിന് സർജറി ചെയ്തിരുന്നു. ഡോക്ടർക്ക് വിശ്രമം നിർദേശിച്ചിട്ടുണ്ട്.
ഫീസടക്കാത്തത് കാരണം 14 വയസുകാരനായ വിദ്യാർത്ഥിയെ ക്ലാസ് റൂമിന്റെ നിലത്തിരുത്തി പരീക്ഷയെഴുതിച്ച സ്കൂളിലെ അധ്യാപകനും പ്രധാനാധ്യാപകനുമെതിരെ കേസെടുത്ത് പൊലീസ്. മുംബൈയിലെ ഭീവണ്ടിയിലെ ഒരു ഉറുദു മീഡിയം സ്കൂളിലാണ് സംഭവം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
സ്കൂളിന്റെ ട്രാൻസ്ജെൻഡർ അനുകൂല കായിക നയത്തിനെതിരെ വസ്ത്രം അഴിച്ച് പ്രതിഷേധം. അമേരിക്കയിലെ മെയ്‌നിലുള്ള ഒരു സ്‌കൂൾ ബോർഡ് മീറ്റിംഗിനിടെയാണ് സംഭവമുണ്ടായത്. പ്രാദേശിക നേതാവായ നിക്ക് ബ്ലാഞ്ചാർഡിന്റെ നേതൃത്വത്തിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനുമടക്കം 3 പേരാണ് പ്രതിഷേധിച്ചത്. ട്രാൻസ്ജെൻഡർ അത്‌ലറ്റുകൾ പെൺകുട്ടികൾക്ക് ഒപ്പം വസ്ത്രം മാറുന്നതിനുള്ള സൌകര്യമടക്കം ഉപയോഗിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.
അമേരിക്കയിൽ ഷട്ട്ഡൗണ്‍ 10-ാം ദിനം പിന്നിടുകയാണ്. സർക്കാർ ചിലവുകൾക്ക് ആവശ്യമായ ധന അനുമതി ബിൽ വീണ്ടും സെനറ്റിൽ പരാജയപ്പെട്ട സാഹചര്യത്തിൽ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് സർക്കാർ. ജീവനക്കാരുടെ പിരിച്ച് വിടലിന് നീക്കവും ആരംഭിച്ചു. 4,000ത്തിൽ ഏറെ ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഭരണകൂടം നടപടികള്‍ ആരംഭിച്ചുവെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.
ഗാസയില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം തുടങ്ങിയാല്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കി. വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണ്ണമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ തുര്‍ക്കി സാധ്യമായതെല്ലാം ചെയ്യുമെന്നും ഉര്‍ദുഗാന്‍ കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്താൻ വിദേശകാര്യമന്ത്രി അമീർഖാൻ മുത്തഖിയുടെ വാർത്താസമ്മേളനത്തിലേക്ക് വനിതാ മാധ്യമപ്രവർത്തകരെ അനുവദിക്കാത്തതിൽ രൂക്ഷവിമർശനവുമായി എഴുത്തുകാരി തസ്‌ലിമ നസ്രീന്‍. താലിബാൻ സ്ത്രീകളെ മനുഷ്യരായല്ല കണക്കാക്കുന്നത്. പുരുഷ മാധ്യമപ്രവർത്തകർക്ക് അൽപ്പമെങ്കിലും മനസ്സാക്ഷിയുണ്ടായിരുന്നെങ്കിൽ അവർ വാർത്താസമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോകുമായിരുന്നുവെന്നും തസ്‌ലിമ ‘എക്സി’ൽ കുറിച്ചു.
താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി നടത്തിയ വാർത്താസമ്മേളനത്തിൽനിന്ന് വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയതിൽ രൂക്ഷമായി പ്രതികരിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘അവർക്കൊപ്പം നിൽക്കാൻ പറ്റാത്ത വളരെ ദുർബലനാണെന്ന് ഇന്ത്യയിലെ ഓരോ സ്ത്രീകളോടും നിങ്ങൾ പറയുകയാണ്.’ മോദിയെ ലക്ഷ്യംവച്ച് രാഹുൽ പറഞ്ഞു.
