കരൂര്‍ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയിൽ നൽകിയ ഹര്‍ജി നാളെ പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇന്ന് ഉച്ചയോടെയാണ് ടിവികെ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. കരൂര്‍ ദുരന്തത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് ഹര്‍ജിയിലെ ടിവികെയുടെ ആരോപണം. റാലിക്കിടെ പൊലീസ് ലാത്തിവീശിയെന്നും ദുരന്തം നടക്കുന്നതിന് മുമ്പ് റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടിവികെ കോടതിയിൽ ആരോപിച്ചു. ദുരന്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യങ്ങളടക്കം സ്വതന്ത്രമായി അന്വേഷിക്കണമെന്നുമാണ് ടിവികെയുടെ ആവശ്യം.
തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 40 ആയി. ഇന്നലെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നേടിയ കരൂർ സ്വദേശിയായ കവിൻ ആണ് മരിച്ചത്. അതേസമയം റാലിക്കിടെയുണ്ടായ ദുരന്തത്തിൽ സഹായം പ്രഖ്യാപിച്ച് ടിവികെ അധ്യക്ഷൻ വിജയ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതവും ധനസഹായം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
കരൂരിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് ടിവികെ അധ്യക്ഷൻ വിജയ് സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചു. അതേസമയം, ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‍യെ തിടുക്കത്തിൽ അറസ്റ്റ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ,
കരുർ റാലിക്കിടെയുണ്ടായ ദുരിതമനുഭവിക്കുന്നവർക്ക് സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി മോദി രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കരൂർ ദുരന്തത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടി. കരൂരിലെ ദാരുണമായ സംഭവത്തിൽ അഗാധമായ ദുഃഖം അനുഭവിക്കുന്നുവെന്നും, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഹൃദയംഗമമായ അനുശോചനമെന്നും, പരിക്കേറ്റവർക്ക് ശക്തിയും വേഗത്തിലുള്ള സുഖപ്രാപ്തിയും നേരുന്നുവെന്നും മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ചു. അതേ സമയം ദുരന്തത്തിന് പിന്നാലെ വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് നടി ഓവിയ. സമൂഹ മാധ്യമത്തിൽ പങ്കുവെച്ച സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. എക്‌സിൽ അറസ്റ്റ് വിജയ് എന്ന പേരിൽ ഹാഷ്ടാഗുകൾ വലിയ രീതിയിൽ പ്രചരിക്കപ്പെടുന്നുണ്ട്.
ശബരിമലയിലെ കാണാതായ ദ്വാരപാലക പീഠം പരാതി നൽകിയ സ്പോൺസറുടെ ബന്ധു വീട്ടിൽ നിന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. സ്വർണ്ണപീഠം തിരുവനന്തപുരത്തെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റി നാളെ ഹൈക്കോടതിക്ക് വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും.
ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവത്തിൽ ദേവസ്വം ബോർഡിനും ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. 2021 മുതൽ സ്വർണ്ണപീഠം എവിടെ എന്നതിൽ അന്വേഷണം നടത്തിയിരുന്നില്ല. കൂടാതെ ശബരിമലയിൽ സമർപ്പിച്ച പീഠം മഹസറിലും രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി.
ശബരിമലയ്ക്ക് ഒരു കുഴപ്പം ഉണ്ടെന്നും ശബരിമലയുമായി ബന്ധപ്പെട്ട് എന്തുചെയ്താലും വിവാദമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്. ഒരു രൂപയുടെ അഴിമതി പോലും നടത്താതെ ആണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് സ്ഥാനത്ത് ഇരിക്കുന്നത്. ഒരു കട്ടൻചായയുടെ പേരിൽ പോലും അഴിമതി നടത്തിയിട്ടില്ല എന്ന ബോധ്യം ഉണ്ട്. ഇത് കൃത്യമായി അറിയാവുന്നത് കൊണ്ടാണ് സമുദായ നേതാക്കൾ പിന്തുണ നൽകുന്നതെന്ന് പി എസ് പ്രശാന്ത് പറഞ്ഞു.
സമുദായ സംഘടനകളോട് കോൺഗ്രസിന് ബഹുമാനമെന്നും എൻഎസ്എസിന് എതിരായ വിമർശനങ്ങളിൽ കോൺഗ്രസ് പങ്കാളികളല്ലെന്നും കെ സി വേണുഗോപാല്‍ എംപി. പരസ്യമായി കോൺഗ്രസ് ഒന്നും പറയേണ്ടതില്ല. സമുദായ സംഘടനകൾക്ക് അവരുടേതായ നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. സമുദായങ്ങളെ ചേർത്ത് പിടിക്കുന്നത് പി ആർ വർക്ക് ആണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജഹംസിന്‍റെ പ്രകാശനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാസിക ശശി തരൂരിന് നൽകിക്കൊണ്ടാണ് മുഖ്യമന്ത്രി പ്രകാശന കർമം നിർവ്വഹിച്ചത്.സർക്കാരിന് പിന്തുണക്കുന്നതോ അല്ലാത്തതുമായ ലേഖനങ്ങൾ മാസികയിൽ വരാമെന്നും അത്തരം അഭിപ്രായങ്ങൾ ലേഖകന്റേത് മാത്രമാണെന്നും മാസിക പ്രകാശനം ചെയ്ത് കൊണ്ടുള്ള പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായര്‍ക്കെതിരെ ബാനർ പ്രതിഷേധം തുടരുന്നു. പത്തനംതിട്ട തിരുവല്ല പെരിങ്ങരയിലും കോട്ടയത്തും ബാനറുകൾ പ്രത്യക്ഷപ്പെട്ടു. സേവ് നായർ ഫോറത്തിന്‍റെ പേരിലാണ് പെരിങ്ങരയിലെ ഫ്ലെക്സ്. ആചാരണ സംരക്ഷണത്തിനായി അണിനിരന്ന ആയിരങ്ങളെ അപമാനിച്ചു എന്നാണ് ബാനറിൽ പറയുന്നത്. കോട്ടയത്ത് ചതിയൻ ചന്തു എന്നെഴുതിയ ഫ്ലെക്സാണ് കെട്ടിയിരിക്കുന്നത്.
ആഗോള അയ്യപ്പ സംഗമത്തിലെ യുഡിഎഫ് നിലപാട് ആലോചിച്ച് എടുത്തതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺക്ലേവ് നടത്തുന്നതുപോലെ സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തിയതിനെയാണ് എതിർത്തത്.യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയിൽ കൊടുത്ത അഫഡവിറ്റ് സര്‍ക്കാര്‍ തിരുത്തുമോയെന്നും അദ്ദേഹം ചോദിച്ചു.
സമദൂര സിദ്ധാന്തം കോണ്‍ഗ്രസിന്‍റെ മൗലിക നയമെന്ന് രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാൻ ഫിലിപ്പ്. ജാതി,മത വിഭാഗങ്ങളുമായി സമദൂരമെന്നത് നെഹ്റുവിന്‍റെ കാലം മുതൽ കോണ്‍ഗ്രസിന്‍റെ നയമാണ്. വർഗ്ഗീയ പ്രീണനത്തിൻ്റെ ഭാഗമായാണ് എൽഡിഎഫ് സർക്കാർ അയ്യപ്പസംഗമം സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസിൽ സജീവമായി മുൻ ഡിജിപി ജേക്കബ് തോമസ്. നൂറാം വർഷമാകുന്ന ആർഎസ്എസിൽ സജീവമാകാൻ തീരുമാനിച്ചു. ആർഎസ്‌എസിൽ ആകൃഷ്ടനായത് 1997 മുതലാണ്. ഇനി ആ ആശയങ്ങൾക്കൊപ്പം പോകുന്നു. സംഘത്തിന് രാഷ്ട്രീയമില്ല. അത് സന്നദ്ധ സംഘടനയാണ്. അതൊരു രാഷ്ട്രീയ പാർട്ടി അല്ല. ജനങ്ങളുടെ ക്ഷേമത്തിനായി ഇടപെടുക എന്നതാണ് ലക്ഷ്യമെന്നും ജേക്കബ് തോമസ് പറഞ്ഞു.
സംസ്ഥാന ജിഎസ്ടി വകുപ്പ് ഇന്‍റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്‍റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി ബാർ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. ഓപ്പറേഷൻ പ്രാൻസിംഗ് പോണി എന്ന പേരിലായിരുന്നു പരിശോധന. 45 ബാർ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 127.46 കോടിയുടെ വിറ്റുവരവ് വെട്ടിപ്പും, 12 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്.
സംവാദാത്മകമായ കേരളത്തിൽ സർക്കാരിൻ്റേതിൽ നിന്ന് വ്യത്യസ്തങ്ങളോ വിരുദ്ധങ്ങളോ ആയ അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുക എന്നതാണ് സർക്കാരിൻ്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്ഭവൻ പുറത്തിറക്കുന്ന “രാജഹംസ്” മാസികയുടെ ഔദ്യോഗിക പ്രകാശനം രാജ്ഭവനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് എതിരെ പ്രതിഷേധം ശക്തം. ആലപ്പുഴ ജില്ലയിൽ രണ്ടിടത്ത് പ്രതിഷേധ ബാനറുകൾ പ്രത്യക്ഷപ്പെട്ടു. കുട്ടനാട്ടിലെ മങ്കൊമ്പ് കോട്ടഭാഗത്തും അമ്പലപ്പുഴയിലെ കരുമാടിയിലുമാണ് സുകുമാരൻ നായർക്കെതിരെ രൂക്ഷമായ ഭാഷയിലുള്ള ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചത്.
അങ്കണവാടി കുട്ടികൾ മുതൽ 104 വയസ്സുള്ള അബ്ദുല്ല മൗലവി വരെ ഡിജിറ്റലായി സ്മാർട്ടാകുന്ന കേരളമാണ് നവകേരളമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തൃക്കാക്കര നഗരസഭ 23-ാം ഡിവിഷനിൽ പൂർത്തീകരിച്ച അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളർന്നുവരുന്ന കുട്ടികൾക്ക് നല്ല സൗകര്യങ്ങളോടെ മികച്ച വിദ്യാഭ്യാസം ലഭിക്കണം എന്നതാണ് സർക്കാർ സമീപനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെ.ബി ഗണേഷ്കുമാർ രംഗത്ത്., ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാൽ NSS ന് ഒന്നുമില്ല NSS നെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ് കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ് കാശ് മുടക്കിയാൽ ഏത് “അലവലാതികൾക്കും” ഫ്ലക്സ് അടിച്ച് അനാവശ്യം എഴുതി വെക്കാമെന്നും അദ്ദേഹം പരിഹസിച്ചു
വിശ്വാസ പ്രശ്നത്തിൽ ഇടത് അനുകൂല നിലപാടെടുത്ത എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് പിന്തുണ പ്രഖ്യാപിച്ച് എൻഎസ്എസ് സെക്രട്ടറി ഹരികുമാർ കോയിക്കൽ. എൻഎസ്എസ് കേരളത്തിലെ ഏറ്റവും ശക്തമായ സംഘടനയാണെന്നും ജി സുകുമാരൻ നായർ കരുത്തുറ്റ നേതാവാണെന്നും ഹരികുമാർ കോയിക്കൽ അഭിപ്രായപ്പെട്ടു.
ബാലരാമപുരത്ത് രണ്ടു വയസുള്ള സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പൊലീസിന്‍റെ നിർണായകമായ ചോദ്യങ്ങൾക്ക് മുന്നിൽ മൗനം തുടർന്ന് ശ്രീതു. കുട്ടിയെ സഹോദരൻ കിണറ്റിലിട്ടത് ശ്രീതുവിന്‍റെ അറിവോടെ തന്നെയെന്ന് പൊലീസ് പറയുന്നു. കുട്ടിയെ കിണറ്റിലിട്ട ശേഷം വീട്ടിലുള്ള മറ്റുള്ളവരുടെ ശ്രദ്ധതിരിക്കാൻ മുറിയിൽ തീയിട്ടുവെന്നും പൊലീസ് പറയുന്നു. ശ്രീതുവിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. തിങ്കളാഴ്‌ച മൂന്ന് ദിവസത്ത കസ്റ്റഡി അപേക്ഷ നൽകും.
സംസ്ഥാനത്തെ എയർപോർട്ടുകളിൽ നിന്ന് വിന്‍റര്‍ സീസണ്‍ വിമാനസര്‍വീസുകൾ മംഗളൂരു, ലഖ്നൗ, ജയ്പൂര്‍ എന്നിവിടങ്ങളിലേയ്ക്ക് മാറ്റിയ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് കേന്ദ്ര വ്യേമയാന മന്ത്രാലയത്തിന് അയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോർക്ക പ്രൊഫഷണൽ ആൻഡ് ബിസിനസ് ലീഡർഷിപ്പ് മീറ്റിനോടനുബന്ധിച്ച് മെൽബൺ എയർപോർട്ട് പ്രോജക്ട് മാനേജരായ ആഷിഖ് അഹമ്മദിന്‍റെ കേരള എയർടെക് കോറിഡോർ എന്ന ആശയത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പായ്‌വഞ്ചിയിൽ 238 ദിവസം കൊണ്ട് ഭൂമി ചുറ്റിവന്ന മലയാളിയായ കെ.ദിൽനയെയും തമിഴ്നാട്ടുകാരിയായ എ. രൂപയെയും മൻകീബാത്തിൽ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ സംഘടനയുടെ പ്രവർത്തനങ്ങളെയും നരേന്ദ്രമോദി മൻ കി ബാത്തിൽ പ്രശംസിച്ചു. ജിഎസ്ടി പരിഷ്കാരത്തെക്കുറിച്ചും അതിൽ ജനങ്ങൾക്ക് ലഭിച്ച ഗുണങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഉത്സവകാലത്ത് സ്വദേശി ഉൽപ്പന്നങ്ങൾ ഉപയോഗിക്കണമെന്നും ഗാന്ധിജയന്തി ദിനത്തിൽ ഖാദി ഉൽപന്നങ്ങൾ വാങ്ങണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ചാനൽ ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയെന്ന് ആരോപിച്ച് ബിജെപി പ്രതിനിധി പ്രിന്‍റു പ്രസാദിനെതിരെ പൊലീസിൽ പരാതി. ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി ബിപിൻ മാമ്മൻ ആണ് തിരുവല്ല പൊലീസിൽ പരാതി നൽകിയത്. സ്വകാര്യ ചാനൽ ചർച്ചയിൽ ഭാരതീയ ജനതാ പാർട്ടിയെ പ്രതിനിധീകരിച്ചു ചർച്ചയിൽ പങ്കെടുത്ത പ്രിന്‍റു പ്രസാദ് എന്ന വക്താവ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വെടിവെച്ചു കൊല്ലും എന്ന് പല ആവർത്തി ഭീഷണി മുഴക്കിയത് ശ്രദ്ധയിൽപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ വധിക്കാൻ ഗൂഢാലോചന നടത്തുന്നതായി മനസിലാക്കുന്നുവെന്നാണ് ബിപിൻ മാമ്മൻ നൽകിയ പരാതിയിൽ പറയുന്നത്.
വിന്‍റര്‍ ഷെഡ്യൂളിന്‍റെ ഭാഗമായി സര്‍വീസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ എക്സ്‍പ്രസ്. കുവൈത്തിൽ നിന്നും മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നും കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള സർവിസുകളാണ് ഒക്ടോബർ മുതൽ ഡിസംബർ വരെ പ്രധാനമായും വെട്ടിക്കുറച്ചത്. കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള മുഴുവൻ സർവിസുകളും റദ്ദാക്കിയിട്ടുണ്ട്.
ലഡാക്കിൽ സംഘർഷത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാറ്റി ഉടൻ പൂർവസ്ഥിതിയിലെത്തുമെന്ന് കേന്ദ്രസർക്കാർ. സംസ്ഥാന പദവി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇന്നലെ പരീക്ഷണാടിസ്ഥാനത്തിൽ 2 തവണ ഇളവ് വരുത്തിയിരുന്നു. അതേസമയം സമര നേതാവ് വാങ് ചുക് ബന്ധം സ്ഥാപിച്ച പാക് പൗരൻ കഴിഞ്ഞ മാസമാണ് അറസ്റ്റിലായതെന്നും ഇരുവരും തമ്മിൽ ആശയവിനിമയം നടത്തിയതിന് തെളിവുണ്ടെന്നും കേന്ദ്രസർക്കാർ പറയുന്നു.
മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടന്ന 94-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ ബിസിസിഐയുടെ 37ാംമത് പ്രസിഡന്‍റായി മുന്‍ ഇന്ത്യൻ താരം മിഥുന്‍ മന്‍ഹാസ് തെരഞ്ഞെടുക്കപ്പെട്ടു. വനിതാ ഐപിഎല്‍ ചെയര്‍മാനായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായ ജയേഷ് ജോര്‍ജിനെയും തെരഞ്ഞടുത്തു.ഐപിഎല്ലില്‍ വിവിധ ടീമുകളുടെ താരമായിരുന്നു മന്‍ഹാസ്, ഗുജറാത്ത് ടീമിന്‍റെ സഹ പരിശീലകനും ആയിരുന്നു.
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെ.ബി ഗണേഷ്കുമാർ രംഗത്ത്., ഒരു കുടുംബത്തിലെ നാല് നായന്മാര്‍ രാജിവച്ചാൽ NSS ന് ഒന്നുമില്ല NSS നെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ് കേസുകളും കോടതി വ്യവഹാരങ്ങളും വരുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണ് കാശ് മുടക്കിയാൽ ഏത് “അലവലാതികൾക്കും” ഫ്ലക്സ് അടിച്ച് അനാവശ്യം എഴുതി വെക്കാമെന്നും അദ്ദേഹം പരിഹസിച്ചു
യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം. പന്ത്രണ്ട് വയസുകാരിയടക്കം 4 പേർ കൊല്ലപ്പെട്ടു. ആശുപത്രികളും ഫാക്ടറികളും അടക്കമുള്ള കെട്ടിടങ്ങൾ ആക്രമണത്തിൽ തകർന്നു. കീവ് ലക്ഷ്യമാക്കി റഷ്യൻ സൈന്യം 595 ഡ്രോണുകളും 38 മിസൈലുകളും പ്രയോഗിച്ചുവെന്നും ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും വെടിവെച്ചിട്ടെന്നും യുക്രൈൻ അവകാശപ്പെട്ടു.
ഫേസ്ബുക്ക് തട്ടിപ്പുകൾ തടയാൻ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് മേൽ കർശന സമ്മർദ്ദവുമായി സിംഗപ്പൂർ സർക്കാർ. ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകളും തട്ടിപ്പുകളും വർദ്ധിക്കുന്നത് തടയാൻ ഈ മാസം അവസാനത്തോടെ മെറ്റാ മുഖം തിരിച്ചറിയൽ പോലുള്ള സാങ്കേതികവിദ്യ നടപ്പിലാക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
പാകിസ്താനിലെ അപൂര്‍വ ധാതുക്കൾ (റെയര്‍ എര്‍ത്ത് മിനറല്‍സ്) യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമ്മാനിച്ച് പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും സൈനികമേധാവി അസിം മുനീറും. വ്യാഴാഴ്ച വൈറ്റ്ഹൗസ് സന്ദര്‍ശിച്ചവേളയിലാണ് അപൂർവധാതുക്കളടങ്ങിയ പെട്ടി ട്രംപിന് കൈമാറിയത്.
