ശബരിമലയിൽ നിന്ന് മാരീചന്മാരെ മാറ്റി നിർത്തുമെന്ന് നിയുക്ത തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. ഓരോരുത്തരുടെയും ചുമതലകൾ നിർവചിച്ചു നൽകും. അവരവരുടെ ജോലികൾ മാത്രമേ ചെയ്യുന്നുള്ളവെന്ന് ഉറപ്പാക്കും. തീർത്ഥാടകരുടെ ക്ഷേമത്തിനാകും മുൻഗണനയെന്നും ജയകുമാര്‍ പറഞ്ഞു.
എറണാകുളം – ബംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും, സംഭവം സംബന്ധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി വാർത്താ കുറിപ്പിൽ അറിയിച്ചു.
വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികൾ ഗണഗീതം പാടിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഇത് വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സിപിഎം ശ്രമമാണിതെന്നും കുട്ടികൾ ഗണഗീതം പാടിയതിൽ തെറ്റില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഗാനത്തിന്റെ ഒരു വാക്കിൽ പോലും ആർഎസ്എസിനെ പരാമർശിക്കുന്നില്ല. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം എന്നും പറഞ്ഞു.
എറണാകുളം-ബെംഗളൂരു വന്ദേഭാരതില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. സംഗീതം ആസ്വദിക്കാനുള്ളതാണെന്നും തീവ്രവാദ ഗാനമൊന്നും അല്ലല്ലോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുട്ടികളുടെ പാട്ട് ആഘോഷത്തിന്റെ ഭാഗമാണെന്നും അതിന്റെ പേരില്‍ വിവാദമുണ്ടാക്കേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതിൽ വിമർശനവുമായി ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. കെ സുധാകരൻ പങ്കെടുത്ത പരിപാടിയിലാണ് ശിവഗിരി മഠാധിപതിയുടെ വിമർശനം. ആരോഗ്യപ്രശ്നങ്ങളുടെ പേരിലാണ് സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയത്. എന്നാൽ, ദേശീയ അധ്യക്ഷനേക്കാൾ ആരോഗ്യം സുധാകരനുണ്ടെന്നും സ്വാമി സച്ചിദാനന്ദ വിമര്‍ശിച്ചു.
തിരുവനന്തപുരം എസ്എടി ആശുപത്രി പ്രസവത്തിന് എത്തിയ യുവതി അണുബാധയെ മൂലം മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . കരിക്കകം സ്വദേശിനിയുടെ മരണത്തില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിക്കെതിരെയുള്ള ബന്ധുക്കളുടെ പരാതിയില്‍ പ്രത്യേക ടീമിനെ വച്ച് അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ പ്രമുഖരെ അണിനിരത്തി ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക. ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ശാസ്തമംഗലം വാര്‍ഡിൽ മുൻ ഡിജിപി ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. പാളയത്ത് മുൻ കായിക താരവും സ്പോര്‍ട്സ് കൗണ്‍സിൽ സെക്രട്ടറിയുമായ പദ്മിനി തോമസും വിവി രാജേഷ് കൊടുങ്ങന്നൂര്‍ വാര്‍ഡിലും മത്സരിക്കും.
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് മേധാവി മുകേഷ് അംബാനി. ഇന്ന് രാവിലെയാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്. ദേവസ്വം ആശുപത്രി നിർമ്മാണത്തിന് ആദ്യ സഹായമായി 15 കോടി രൂപ കൈമാറി. ഗുജറാത്തിൽ റിലയൻസ് ഉടമസ്ഥതയിലുള്ള വൻതാരയുടെ പ്രവർത്തന മാതൃകയിൽ ദേവസ്വത്തിലെ ആനകൾക്ക് മികച്ച പരിപാലനം നൽകാൻ അവസരം ഒരുക്കാമെന്നും മുകേഷ് അംബാനി ഉറപ്പ് നൽകി.
ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരമടക്കം 5 ജില്ലകളിൽ ഇടിമിന്നലോടെയുള്ള മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നാണ് അറിയിപ്പ്.
തിരുവനന്തപുരത്ത് എന്‍ഡിഎയില്‍ ഭിന്നത. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബിഡിജെഎസ്. നാളെ 20 സീറ്റിൽ സ്ഥാനാർഥികളെ നിർത്തും എന്നാണ് ബിഡിജെഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി മുന്നണി മര്യാദ പാലിച്ചില്ലെന്നാണ് ബിഡിജെഎസ് വിമർശനം.
ആരോഗ്യ മേഖലയെ ആളക്കൊല്ലി സംവിധാനമാക്കിയെന്ന ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. വേണുവും ശിവ പ്രിയയും ആരോഗ്യ വകുപ്പിന്‍റെ അനാസ്ഥയുടെ രക്തസാക്ഷികളാണെന്നും രണ്ടു കുടുബങ്ങൾക്കും സർക്കാർ നീതി ഉറപ്പാക്കണം എന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് കല്ലിംഗൽ ജംഗ്ഷനിൽ കാട്ടുപന്നി കുറുകെ ചാടി കാർ മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കാർ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത് എന്ന വിവരം വരുന്നുണ്ട്, അതുപോലെ കാട്ടുപന്നിയുടെ ആക്രമണത്തിലാണ് അപകടം എന്നും പറയുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം.വന്യജീവി ആക്രമണം മൂലമാണ് അപകടം ഉണ്ടായതെങ്കിൽ, നൽകേണ്ട സഹായങ്ങളും ആനുകൂല്യങ്ങളും ഉറപ്പാക്കും എന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്കു നേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ പൊലീസ് കേസെടുത്തു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്ന് വെള്ളറടയിലേക്ക് പോയ ബസിലാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. സഹയാത്രികൻ പലതവണ കടന്നുപിടിച്ചതോടെ യുവതി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.പ്രതിയെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.
കൊല്ലം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ യുവനിരയുമായി കോൺഗ്രസിന്‍റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക. 21 വയസുള്ള രണ്ട് വനിതകൾ അടക്കം ഒമ്പത് സ്ഥാനാർത്ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാവ് വി.എസ് ശിവകുമാറാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. നിയമ വിദ്യാർത്ഥിനികളായ കെ.എസ്. ആർച്ച, ജയലക്ഷ്മി എന്നിവരാണ് 21കാരായ സ്ഥാനാർത്ഥികൾ.
ആര് വാഴണമെന്നും വീഴണമെന്നും തീരുമാനിക്കുന്നതിൽ സഭക്കും പങ്കുണ്ടെന്നും മതപരിവര്‍ത്തനം ആരോപിച്ച് തങ്ങളെ പീഡിപ്പിക്കുന്നവര്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂർ അതിരൂപതാ സമുദായ ജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. വി പി മഹാദേവൻ പിള്ള (68) അന്തരിച്ചു. ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു അന്ത്യം.നാളെ കേരള യൂണിവേഴ്സിറ്റിയിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. സംസ്കാരം നാളെ നടക്കും.
കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നാളെ മുതൽ സര്‍വീസ് നിര്‍ത്തിവെയ്ക്കുന്നു. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിൽ പ്രതിഷേധിച്ചാണ് കോണ്‍ട്രാക്ട് കാരിയേജ് ബസ് സര്‍വീസുകള്‍ നാളെ മുതൽ ബസ് സര്‍വീസ് നിര്‍ത്തിവെച്ച് പ്രതിഷേധിക്കുന്നത്. കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കുമടക്കം സര്‍വീസ് നടത്തുന്ന സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ ലക്ഷ്വറി ബസുകളാണ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്.
കുറ്റ്യാടിയിൽ അക്യുപങ്ചർ ക്യാമ്പ് സംഘാടകർക്കെതിരെ ആക്രമണം. അക്യുഷ് അക്യുപങ്ചർ എന്ന സ്ഥാപനം നടത്തിയ ക്യാമ്പിലേക്കാണ് ഒരു സംഘമാളുകൾ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. സംഭവത്തിൽ പേരാമ്പ്ര സ്വദേശിയായ ഫെമിനക്ക് പരിക്കേറ്റു. അക്യുപങ്ചർ ക്യാമ്പ് സംഘാടകരുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ആലപ്പുഴയിലെ ഭർതൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്തതില്‍ ആരോപണവുമായി കുടുംബം. കൊല്ലം സ്വദേശി രേഷ്മയുടെ മരണത്തിന് പിന്നിൽ ഭര്‍ത്താവും വീട്ടുകാരുമാണെന്ന് ബന്ധുക്കൾ പറയുന്നു. 29 കാരിയുടെ കുറിപ്പും ഫോണ്‍ സംഭാഷണവും തെളിവായി നിരത്തി നിയമ പോരാട്ടത്തിന് തിരിക്കുകയാണ് കുടുംബം.
ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരെ പലസ്ഥലങ്ങളിലും പരമ്പരാഗത ടാക്സി ഡ്രൈവര്‍മാര്‍ തടയുന്നതില്‍ രൂക്ഷമായി പ്രതികരിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഗുണ്ടായിസം നടത്തുന്നവരെ സര്‍ക്കാര്‍ ശക്തമായി നേരിടും. അക്രമികളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി നമസ്തേ കേരളത്തില്‍ പറഞ്ഞു. ഊബറും ഓലയുമെല്ലാം സംസ്ഥാനത്ത് നിയമവിരുദ്ധമായാണ് ഓടുന്നത് എന്ന മന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന തര്‍ക്കങ്ങള്‍ കൂടുതല്‍ വഷളാക്കിയിരുന്നു. ഇതിലും മന്ത്രി വ്യക്തത വരുത്തി.
സർക്കാരിനെതിരായ വിമർശനം അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കാനുള്ള കാരണമല്ലെന്ന് ഹൈക്കോടതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകരുതെന്നും നേരിട്ട് നൽകുന്നതാണ് നല്ലതെന്നും പോസ്റ്റ് ചെയ്ത എറണാകുളം അയ്യമ്പിള്ളി സ്വദേശി എസ്. മനുവിന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഉത്തരവ്. ഭരണഘടന അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ട്. ചിന്തിക്കാനും പ്രതികരിക്കാനുമുള്ള അവകാശം പ്രധാനമാണെന്നും വിധിയിൽ കോടതി വ്യക്തമാക്കി.
ഇടുക്കി അടിമാലി മണ്ണിടിച്ചിൽ വീട് നഷ്ടപ്പെട്ടവരെ സർക്കാർ കൈവിട്ടെന്ന് പരാതി. ദുരന്തബാധിതർക്ക് താൽക്കാലികമായി താമസത്തിന് അനുവദിച്ച കെഎസ്ഇബി ക്വാർട്ടേഴ്സിൽ അടിസ്ഥാന സൗകര്യങ്ങളില്ല. ദുരന്തബാധിതർക്ക് അനുവദിച്ച ധനസഹായവും ഇതുവരെ നൽകിയിട്ടില്ല എന്നാണ് പരാതി.
കാര്യവട്ടം ക്യാമ്പസിലെ സംസ്‌കൃതം വിഭാഗം മേധാവിക്കെതിരെ കേസ്. വിജയകുമാരിക്കെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തു. കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ നേതാവും, ഗവേഷകനുമായ വിപിൻ വിജയൻ നൽകിയ പരാതിയിലാണ് കേസ്. എസ് സി| എസ് എസ് ടി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അധ്യാപിക ജാതി പറഞ്ഞ് ആക്ഷേപിക്കുകയും തീസസിൽ ഒപ്പിടുകയും ചെയ്തില്ലെന്നാണ് വിദ്യാർത്ഥിയുടെ പരാതി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദ്രോഗി മരിച്ചതിൽ ചികിത്സാവീഴ്ചയില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വിലയിരുത്തൽ. കേസ് ഷീറ്റിൽ പോരായ്മകൾ ഇല്ലെന്നും ചികിത്സ പ്രോട്ടോക്കോൾ പാലിച്ചതായും ആണ് രേഖകൾ. ചികിത്സയിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഡോക്ടർമാർ മൊഴി നൽകി.അന്തിമ റിപ്പോർട്ട് നാളെ സമർപ്പിക്കും.
വോട്ട് കൊള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലുള്ള ചോദ്യങ്ങൾ കടുപ്പിച്ച് കോൺഗ്രസ്.ബിഹാർ ഒന്നാം ഘട്ട വോട്ടെടുപ്പിന് മുമ്പ്, മൂന്നാം തീയതി ഹരിയാനയിൽ നിന്നും ബിഹാറിലേക്ക് 4 പ്രത്യേക ട്രെയിനുകൾ എന്തിന് പോയെന്ന ചോദ്യമാണ് കബിൽ സിബൽ ഉയർത്തുന്നത്. ഈ ദിവസങ്ങളിൽ 6000 പേരുമായി പോയ 4 സ്പെഷ്യൽ ട്രെയിനുകളിലുണ്ടായിരുന്നത് യഥാർത്ഥ വോട്ടർമാരാണോ അതോ എന്തെങ്കിലും പ്ലാൻഡ് ഓപ്പറേഷനാണോ എന്നും സിബൽ ചോദിച്ചു.
ഏതെങ്കിലുമൊരു പാർട്ടിയേയോ ആളുകളേയോ പിന്തുണയ്ക്കുന്നില്ലെന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. രാജ്യത്തിന്റെ താൽപര്യം മുൻനിർത്തിയുള്ള ആശയങ്ങളെയാണ് പിന്തുണയ്ക്കുന്നതെന്നാണ് മോഹൻ ഭാഗവത് ബെംഗളൂരുവിൽ വിശദമാക്കിയത്. ബെംഗളൂരുവിൽ നടന്ന രണ്ട് ദിന പ്രഭാഷണ പരമ്പരയിലാണ് മോഹൻ ഭാഗവത് നയം വ്യക്തമാക്കിയത്. കോൺഗ്രസ് രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ചിരുന്നതെങ്കിൽ ആർഎസ്എസ് പ്രവർത്തകരുടെ വോട്ട് കോൺഗ്രസിനു ലഭിക്കുമായിരുന്നെന്നും മോഹൻ ഭാഗവത് പറഞ്ഞത്.
മധ്യപ്രദേശിലെ ഷിയോപൂരിൽ കുട്ടികൾക്ക് നിലത്ത് പേപ്പറിട്ട് ഭക്ഷണം വിളമ്പിയ സംഭവത്തിൽ മുഖം രക്ഷിക്കാൻ ബിജെപി. ബിജെപി നേതാവും മുൻ മന്ത്രിയുമായ റാംനിവാസ് റാവത്ത് സ്കൂളിലെത്തുകയും കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. ഇന്നലെ സ്കൂളിൽ അധികൃതർ സ്റ്റീൽ പ്ലേറ്റ് എത്തിച്ചിരുന്നു. കുറ്റക്കാരെ എല്ലാവരെയും സസ്പെൻഡ് ചെയ്തെന്നും ശക്തമായ നടപടി ഉറപ്പാക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ നടക്കും. അവധി ദിനങ്ങൾ ഒഴിവാക്കിയാൽ 15 ദിവസം മാത്രമാണ് സഭ സമ്മേളിക്കുന്നത്. സഭാ സമ്മേളനത്തിന്‍റെ കാലാവധി വെട്ടിചുരുക്കിയതിൽ കടുത്ത പ്രതിഷേധത്തിലാണ് പ്രതിപക്ഷം. വഴിപാട് സമ്മേളനമെന്നും, കേന്ദ്ര സര്‍ക്കാര്‍ ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സംഘത്തിനും “പാർലമെൻ്റോഫോബിയ” എന്നാണ് തൃണമൂൽ കോൺഗ്രസിന്‍റെ പരിഹാസം.
ജപ്പാനിലെ വടക്കൻ തീരപ്രദേശമായ ഇവാതെ മേഖലയിൽ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പം പ്രാദേശിക സമയം വൈകുന്നേരം 5 മണിക്കാണ് ഉണ്ടായത്. സമുദ്രത്തിനടിയിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജാപ്പനീസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം, ഇതുവരെ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
സുഡാനിൽ നടന്ന കൂട്ടക്കൊലകളുടെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. സുഡാനീസ് സൈന്യവുമായുള്ള രണ്ടര വർഷം നീണ്ട യുദ്ധത്തിനൊടുവിൽ അൽ-ഫാഷിർ ഗരം പിടിച്ചെടുത്ത ആർഎസ്എഫ് സായുധ സംഘം നൂറുകണക്കിനാളുകളെ ആണ് കൂട്ടത്തോടെ വകവരുത്തിയത്. ഒട്ടേറെ സാധാരണക്കാരെ ആർഎസ്എഫ് സംഘം വളയുകയും മെഷീൻ ഗൺ ഉപയോഗിച്ച് വെടിവെക്കുകയും പിന്നീട് വാഹനങ്ങൾ ഉപയോഗിച്ച് ചതച്ചരയ്ക്കുകയും ചെയ്തുവെന്ന് ഒരു ദൃക്‌സാക്ഷി വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി.
അതിർത്തി തർക്കം പരിഹരിയ്ക്കാൻ ഇസ്താംബുളിൽ നടന്ന പാക്-അഫ്ഗാൻ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാനെതിരെ താലിബാൻ രംഗത്ത്. അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭരണകൂടം ഉണ്ടായത് പാക് സൈന്യത്തിന് ദഹിക്കുന്നില്ലെന്ന് താലിബാൻ കുറ്റപ്പെടുത്തി. ചര്‍ച്ചകളില്‍ പാകിസ്ഥാന്‍ ഉത്തരവാദിത്വമില്ലാത്തതും സഹകരിക്കാനാവാത്തതുമായ സമീപനമാണ് സ്വീകരിച്ചതെന്നും, ഈ നിലപാടാണ് ചർച്ചകൾ പരാജയപ്പെടാന്‍ കാരണമായതെന്നും താലിബാന്‍ വക്താക്കള്‍ ആരോപിച്ചു.
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം അവസാനിച്ചു. മറ്റന്നാൾ ബിഹാർ ജനത രണ്ടാം ഘട്ട വോട്ടെടുപ്പിനായി പോളിംഗ് ബൂത്തിലേക്ക് പോകാനിരിക്കെ മുന്നണികൾ ആത്മവിശ്വാസത്തിലാണ് 160 ലധികം സീറ്റുകള്‍ നേടി എന്‍ ഡി എ വമ്പൻ വിജയം നേടി അധികാരത്തിൽ തുടരുമെന്നാണ് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാഹുൽ ഗാന്ധിക്കെതിരെയും അമിത് ഷാ വിമർശനം ഉന്നയിച്ചു.
ഇന്ത്യയിലേക്ക് ഭീകരവാദം കയറ്റുമതി ചെയ്യുന്നതിനായി പാകിസ്താന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസ് ഇന്റലിജൻസി (ഐഎസ്ഐ) ന്റെ കീഴിൽ പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസി വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഗുജറാത്തില്‍ ഐഎസുമായി ബന്ധമുള്ള മൂന്ന് ഭീകരരെ ഗുജറാത്ത് ഭീകരവിരുദ്ധ സേന (എടിഎസ്) അറസ്റ്റുചെയ്തു. ഡോ. അഹ്‌മദ് മുഹിയദ്ദീന്‍ സെയ്ദ്, മുഹമ്മദ് സുഹൈല്‍, എസ്. ആസാദ് എന്നിവരെയാണ് പിടികൂടിയത്. രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താന്‍ ശ്രമിച്ച ഇവരെ, കഴിഞ്ഞ ഒരുവര്‍ഷമായി നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് എടിഎസ് അറിയിച്ചു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പന്ത്രണ്ടിലേറെ ഇസ്രയേൽ അധികൃതർക്കെതിരേയും അറസ്റ്റ് വാറന്റുമായി തുർക്കി. വംശഹത്യാ കുറ്റങ്ങൾക്കാണ് അറസ്റ്റ് വാറന്റ്. നെതന്യാഹു അടക്കം 37 പേർക്കെതിരെയാണ് അറസ്റ്റ് വാറന്റ് പുറത്തിറക്കിയതെന്നാണ് ഇസ്താംബൂളിലെ ചീഫ് പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസ് വിശദമാക്കിയത്.
ഒരു ദശാബ്ദത്തിലേറെ മുമ്പ് ഗാസയിൽ കൊല്ലപ്പെട്ട ഇസ്രായേലി സൈനികൻ ലെഫ്റ്റനന്റ് ഹദർ ഗോൾഡിന്റേതാണെന്ന് ഹമാസ് അവകാശപ്പെടുന്ന മൃതദേഹം ഇസ്രായേലിന് ലഭിച്ചതായി ഇസ്രയേൽ. ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം ഞായറാഴ്ച അറിയിച്ചത്. 2014-ൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന്റെ അവസാന ദിവസങ്ങളിലാണ് ഗോൾഡിൻ കൊല്ലപ്പെട്ടത്, അതിനുശേഷം അദ്ദേഹത്തിന്റെ മൃതദേഹം ഗാസയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
പാകിസ്ഥാനിൽ ഭരണഘടനാ ഭേദഗതിയിലൂടെ കരസേനാ മേധാവി അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ ലഭിക്കും. അസിം മുനീർ എല്ലാ സേനകളുടെയും തലവനാകും. പാകിസ്ഥാന്‍റെ ആദ്യത്തെ പ്രതിരോധ സേനാ മേധാവിയാകാൻ (ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ്) ജനറൽ അസിം മുനീറിന് വഴിയൊരുക്കുകയാണ് പാകിസ്ഥാൻ. മൂന്ന് സേനകൾക്കിടയിലും ഏകോപനം ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
13,500 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സിയുടെ സ്വത്ത് ലേലം ചെയ്യാന്‍ കോടതി അനുമതി നല്‍കി. മെഹുല്‍ ചോക്‌സിയുമായി ബന്ധപ്പെട്ട ‘ഗീതാഞ്ജലി ജെംസ് ലിമിറ്റഡി’ന്റെ ഉടമസ്ഥതയിലുള്ള 46 കോടി രൂപ വിലവരുന്ന വസ്തുവകകള്‍ ലേലംചെയ്യാനാണ് മുംബൈയിലെ പ്രത്യേക കോടതി അനുമതി നല്‍കിയത്.
